അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!