അവനിപ്പോള്‍ വരാറില്ല

ഒരു കൈയ്യില്‍
പച്ചീര്‍ക്കിലില്‍ കോര്‍ത്ത പുഴമീന്‍
മറ്റേക്കൈയ്യില്‍ സിനിമാനോട്ടീസ്
ബീഡിമണം പോകുവാന്‍ ചവച്ച
മാവിലയുടെ പച്ചച്ചിരി

“ ഇതെനിയ്ക്ക് പുഴ തന്നതാണ് ”

ബീഡിക്കമ്പനിയില്‍ പോകുന്നവളെ
കശുമാവിന്‍ചോട്ടില്‍ വെച്ച്
ഉമ്മ വെച്ചത്
ആരും അറിഞ്ഞില്ലെന്നു ഭാവിക്കും
അവളുടെ മണം ഇടയ്ക്കിടെ
ഷര്‍ട്ടില്‍നിന്ന് കുടഞ്ഞു കളയും

കാലില്‍ എവിടേയെങ്കിലും
ഉങ്ങിന്‍ കായുടെ വട്ടത്തില്‍
ഒരു വ്രണം പഴുത്തിരിക്കും
അല്ലെങ്കില്‍
തള്ളവിരല്‍ കല്ലിലടിച്ച്
നഖം പോയിട്ടുണ്ടാവും

അവന്റെ കൈക്കോട്ടിനെപ്പേടിച്ച്
കമ്മ്യൂണിസ്റ്റ് പച്ചയും പൊന്നാന്തകരയും
സീതാര്‍മുടി പോലെ നിലത്തു പടര്‍ന്നു
തെങ്ങിന്റെ പൊല്ല മാന്തുമ്പോള്‍
ചെടിച്ചേമ്പും കോഴിവാലനും
കടയറ്റു വീണു
വാഴയ്ക്ക് തടമെടുക്കുകയല്ലാതെ
കുടപ്പനില്‍നിന്ന് തേന്‍ കുടിച്ചിട്ടില്ല
അവന്‍ പണി നിര്‍ത്തിക്കയറാതെ
നിഴലുകള്‍ നീണ്ടില്ല

ചായക്കടയില്‍
പ്രഭാതവായനയ്ക്കും
വര്‍ത്തമാനങ്ങള്‍ക്കും അകലെ
ദോശയും കടുപ്പം കൂടിയ ചായയും
ഒറ്റയ്ക്കിരുന്നു കുടിച്ചു

വെറുതേ ഇരിക്കുമ്പോള്‍ മാത്രം
വെറുതെ ആകാശം കണ്ടു
വെറുതെ ഭൂമി കണ്ടു
ഒരു കടവിലും അടുപ്പിക്കാതെ
തുഴഞ്ഞുകൊണ്ടിരുന്നു

ഇപ്പോള്‍ എവിടെയാണാവോ!

ഓണാശംസകള്‍

"ശേഖരേട്ടന്‍ മരിച്ച്‌ ആണ്ടെത്താത്തതോണ്ട്‌ ഇക്കുറി നമ്മള്‌ പൂക്കളട്ടില്ല. മുറ്റത്ത്‌ കളിച്ചോണ്ടിരിക്കുമ്പൊ മോനുണ്ട്‌ എവടന്നോ കൊറച്ച്‌ മുക്കുറ്റിപ്പൂ പൊട്ടിച്ച്‌ കൊണ്ടന്നിരിക്കണ്‌. അവന്‍ മുറ്റത്ത് നിന്ന് കേറില്യ. കെഴക്കേല്‌ പൂക്കളട്ടത്‌ കണ്ടിട്ടാവും. മോളാണെങ്കില്‌ മണ്ണ് നനഞ്ഞിട്ടുണ്ടെങ്കില്‌ മുറ്റത്തിയ്ക്കെറങ്ങൂല്യ. മടിച്ചിയാ."

ഫോണിലൂടെ ആഹ്ലാദത്തോടെ അവള്‍ അത്‌ പറയുമ്പോള്‍ സുഗന്ധവാഹിയായ ഒരു ചെറുകാറ്റ്‌ ഉള്ളില്‍തൊട്ട്‌ പതികാലത്തില്‍ വീശിപ്പോയി.നന്ത്യാര്‍വട്ടത്തിനും ചെണ്ടുമല്ലികള്‍ക്കും കനകാംബരത്തിനുമൊക്കെ ഇടയില്‍ ഒളിച്ചു നിന്ന് മുക്കുറ്റിപ്പൂക്കള്‍ അവനെ അടുത്തേയ്ക്ക്‌ വിളിച്ചതാകുമോ?
കുഞ്ഞുങ്ങളുടെ മനസ്സിലൂടെത്തന്നെയാണ്‌ ആഘോഷങ്ങള്‍ കടന്നു വരുന്ന വഴി.
ഓണം!
കര്‍ക്കിടകം കഴുകിയെടുത്ത പ്രകൃതിയെ വെയിലിന്റെ സുവര്‍ണ വിരലുകള്‍ തുവര്‍ത്തിയെടുക്കുന്ന കാലം.
പറമ്പിന്റെ മൂലയില്‍ ഒച്ചയുണ്ടാക്കാതെ വളരുന്ന പേരറിയാച്ചെടികള്‍ പോലും 'എന്നെ ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ, എന്നെക്കൊണ്ടൊരു ആവശ്യം വന്നല്ലോ' എന്ന ഗമയില്‍ പട്ടുടുത്തു നില്‍ക്കുന്ന കാലം.

തിരിഞ്ഞു നോക്കി ആഹ്ലാദിക്കാന്‍ ഒരോണക്കാലവും ഓര്‍മ്മയിലൊന്നും പച്ചകുത്തി വെച്ചിട്ടില്ലെങ്കിലും....

എല്ലാവര്‍ക്കും ഓണാശംസകള്‍.

ഒഴിവുകാലം

തളിക്കുളം
സന്ധ്യമിന്നും മണല്‍

എന്നു വന്നു നീ മറുനാട്ടില്‍നിന്നും
വിശേഷമെന്ത്?
തീയാളുമടുപ്പ്
ഇരുമ്പുചട്ടിയില്‍ പൊരിയും മണല്‍
മൂത്തുമണക്കും കപ്പലണ്ടി
ഈരിഴത്തോര്‍ത്താല്‍ വേര്‍പ്പൊപ്പി-
ച്ചോദിച്ചു പീടികക്കാരി

ചക്രങ്ങള്‍ നാലും പൂഴ്ന്ന്
കര്‍ണവാഹനംപോല്‍ നില്‍ക്കും
പെട്ടിക്കട ചാരി നിന്നു ഞാന്‍
ഈ ചട്ടിയില്‍ വേവും
വേവുപോലെല്ലാം

കാല്‍പൂഴും മണല്‍
വറവുചട്ടി
അടിയില്‍ അണയാത്തീ
വിരലിടയില്‍ ഞെരിഞ്ഞാല്‍
‍തൊലിപോകുംവരെ മൊരിയും
ദേഹവും മനവും

ഇതു നിനക്കെന്ന്
എടുത്തു നീട്ടിയവര്‍
ചില്‍ഭരണിയില്‍നിന്നും
മുളകും ഉള്ളിയും മൂത്ത പലഹാരം

നഖങ്ങളില്‍ മുഷിഞ്ഞ ചന്ദ്രക്കല
ഇടം മാറിയ തോര്‍ത്തിന്നടിയില്‍
ചുളിഞ്ഞൊട്ടി
അഞ്ചുമക്കളെപ്പെറ്റ വയര്‍
വീട്ടിലെത്താപ്പുത്രനെയോര്‍ത്തോ
വെറുതെയോ നനയുന്ന കണ്ണുകള്‍

തൃപ്രയാര്‍
അമ്പലം മണക്കും വഴി

കണ്ണടിക്കും വിളക്കിന്നു കീഴെ
സുന്ദരി, ഉടയുന്ന ചിരിയുമായ്
ഓര്‍മ്മയിലുണ്ടോ ഞാന്‍ മാഷേ
ഉത്രാടമഴചാറുമൊച്ച

പഴയ ട്യൂഷന്‍ക്ലാസ്, മുന്‍ബെഞ്ചില്‍
കരിനൊച്ചി പോലെ ഇളംകറുപ്പില്‍..
ഓര്‍മ്മയുണ്ട് ചിരിച്ചു ഞാന്‍
കറന്റു പോകും മുന്‍പ് വീട്ടിലെത്തണം

മാഷിന്റെ ചൂരലിന്‍ പാടെന്റെ
തുടകളില്‍ ഇപ്പോഴുമുണ്ട്.. കാണണോ?
കനല്‍ തെറിക്കും ചിരി, പുന്നെല്ലിന്‍
കതിര്‍മണക്കും ഉടയാടകള്‍
ദൈവമേ... ഇവളുമിങ്ങനെ!

കൊല്ലം തീവണ്ടിയാപ്പീസ്
ഉള്ളില്‍ ദൈവം കൈ കഴുകിയ കടല്‍*

എവിടെയാ തെണ്ടി?
കള്ളൊഴുകുമൊച്ചയിലൊരാള്‍
കരച്ചിലും ഓണമഴയും നനച്ച പെണ്ണ്
വാവിടും കുഞ്ഞും
അലറുന്നയാള്‍!
റെയിലു മുങ്ങും ഇരുട്ടിലൊരാള്‍
തന്റെ പെണ്ണിനെ....

തൊണ്ടയടഞ്ഞ കടല്‍
ദൈവത്തിന്‍ കയ്യിലെ
കറയില്‍ കുഴഞ്ഞ തിരകള്‍

നമ്മള്‍

പെണ്ണായേ ജനിക്കൂ ഞാനിനി

നിന്റെ നാട്ടിലെവിടേയെങ്കിലും
വീടിന്റെ പടിഞ്ഞാറേ ഇറയത്തിരുന്ന്
ബ്ലൌസും പാവാടയും തുന്നുന്ന
ഒരു തയ്യല്‍ക്കാരി

വാതിലിനും ജനാലകള്‍ക്കുമുള്ള മരം
വലിയാന്‍ കുത്തിച്ചാരി വെച്ച
ചെത്തിത്തേയ്ക്കാത്ത വീട്ടില്‍
പണികള്‍ മുഴുവനാക്കാനുള്ള
ചെക്കും കാത്തിരിക്കുന്ന
ഒരു ഭാര്യയായി
നീ ജീവിച്ചിരിപ്പുണ്ടാകും അന്ന്

നൂലും സൂചികളും വാങ്ങാന്‍
കത്രികയ്ക്കു മൂര്‍ച്ച കൂട്ടാന്‍
അതിലേ പോകുമ്പോഴൊക്കെ
കോഴിവാലന്‍ ചെടികള്‍ക്കിടയിലൂടെ
നിന്നെ നോക്കി ഞാന്‍ ചിരിക്കും
പണ്ടെങ്ങോ പരിചയിച്ചതാണല്ലോ
ഈ പെണ്ണിന്റെ ചിരി എന്ന്
വിസ്മയപ്പെടും നീയെന്നുറപ്പ്

മുറത്തിലിട്ട് മുരിങ്ങയില ഉരിയുകയോ
മുതിരയിലെ കല്ല് പെറുക്കുകയോ
ആകും നീ അപ്പോള്‍

നിന്റെ ബ്ലൌസിന്റെ അളവ് ശരിയല്ല
എന്ന് ഞാന്‍ പറയും
അത് ബ്ലൌസിന്റെ കുറ്റമല്ല
അടക്കി നിര്‍ത്തിയ ദീര്‍ഘനിശ്വാസത്തോടൊപ്പം
ഉള്ളിലേയ്ക്കു ചുരുങ്ങിയ മുലകള്‍
മറുപടി തരും

അളവെടുക്കുന്നു എന്നു ഭാവിച്ച്
ഞാനവയില്‍ തൊടുമ്പോള്‍
ഉള്ളിലൂടെ മിന്നലോടുമോ നിനക്ക്?
എനിയ്ക്ക് ഓര്‍മ്മ വരുന്നല്ലോ ഈ തൊടല്‍
എന്ന് സംശയിക്കുമോ?

പിന്നെ എങ്ങനെയാണ്
നീ എന്നെ അന്ന് തിരിച്ചറിയുക?

മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍

പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്

എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും

മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്

ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും

എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും

മരങ്കൊത്തി

മൂത്താശാരി പണിക്കിരുന്നാല്‍
ഉണക്കമരങ്ങള്‍പോലും
എണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും
ഇമകളടയുംപോല്‍
‍പഴുതില്ലാതെ ചേരും
കട്ടിളക്കാലും പടികളും

വാതിലില്‍ കൊത്തിയ
മുന്തിരിക്കുലകളില്‍
മധുരം നിറയും
നിദ്രയില്‍ വീടു വിട്ടിറങ്ങും
തരുണരാം മരപ്രതിമകള്‍

ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍
ഇരട്ടപ്പെണ്മക്കളെയേല്‍പ്പിച്ച്
ഒറ്റയ്ക്കു തൂങ്ങിയ
രാഘവന്റെ പെണ്ണ് ചോദിച്ചു

കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍

അരിയും മുളകും തീര്‍ന്നു
മോള്‍ടെ പനി വിട്ടില്ല
ഇന്നെങ്കിലും വല്ലതും
വീട്ടിലെത്തിക്കണേ
ചട്ടിയും കലവും കലമ്പി

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍

മോന്തിയോളം മേടിയിട്ടെന്തിനാ
മരങ്കൊത്തീ...
ഇപ്പൊപ്പുറപ്പെട്ടാലെത്താം
ചെണ്ടയില്‍ കോലുവെയ്ക്കും മുന്‍പ്
വിളിച്ചു ചങ്ങാതി

വെയിലേറ്റു മുതുകു വളഞ്ഞ
മാമ്പലകകള്‍ മഞ്ഞു കൊണ്ടു
ഓലവാതില്‍ കയറിട്ടു കെട്ടി
പ്രാകിക്കിടന്നു
തൂങ്ങിച്ചത്തവന്റെ പെണ്ണ്

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ‍