അവസാനത്തെ വെള്ളിയാഴ്ച

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു