വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!

കവിതയുടെ തെരുവുജീവിതം മലയാളിക്കു പരിചയപ്പെടുത്തിയ കവി. അടുക്കില്ലാത്ത തിരകളിലെ കപ്പലോട്ടക്കാരന്‍. ഒരിടര്‍ച്ചയില്‍, ഇഷ്ടക്കാര്‍ ആരുമറിയാതെ, മുഖത്തു മണ്ണും ചോരയും പുരണ്ടവസാനിച്ച ജീവിതം. ജീവിതത്തിന്റെ ഉച്ച വെയിലില്‍ വിത്തു പൊട്ടിത്തുറന്ന് പറന്നു നടന്ന അപ്പൂപ്പന്‍ താടിജീവിതത്തിന്റെ സ്വാഭാവികാന്ത്യം. പ്രണാമം!

അംഗഭംഗം വന്ന കാറ്റുകള്‍

ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്

ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്‍ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

നവാസ് ഖാന്‍ എന്നായിരിക്കും
അയാളുടെ പേര്‌
മുനവര്‍ ഇക് ബാല്‍ എന്നുമാവാം
കുറേ നേരം സംസാരിച്ചു കഴിഞ്ഞ്
വിവശനായി അയാള്‍,
പേരാലിന്റെ കാലുകളില്‍ ചായും

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

പാക്കിസ്ഥാനില്‍നിന്ന്
നവാസ് ഖാന്റെ ഫാക്സ് വന്നിരുന്നു
ഒരു കൊടും പ്രളയത്തില്‍ നനഞ്ഞു കുതിര്‍ന്ന്
അതിലെ വരികള്‍
അവധി കൂട്ടിക്കിട്ടാനപേക്ഷിച്ചു

എന്തിനാണു ഞാന്‍
എനിയ്ക്കറിയാവുന്ന ചിലരില്‍
ഇയാളെ ആരോപിക്കുന്നതാവോ!
ഹുണ്ടിയില്‍ കാശയച്ചത് കിട്ടിയോ
എന്നായിക്കൂടെ അയാള്‍ വിവശനാവുന്നത്!

ഇന്നയാള്‍ ശാന്തനായി
മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാതെ
പേരാല്‍ ചാരിയിരിക്കുന്നു
എനിയ്ക്കിപ്പോള്‍
ലഹളത്തെരുവില്‍ ഇടതു കൈ നഷ്ടപ്പെട്ട
മുനവര്‍ ഇക് ബാലിനെ ഓര്‍മ്മവരുന്നു
അവധി കഴിഞ്ഞെത്തുന്ന
അയാളെ കാത്തിരിക്കുന്ന
പണിയായുധങ്ങള്‍ ഓര്‍മ്മ വരുന്നു

നേരം പുലര്‍ന്നതേയുള്ളൂ
രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍
പേരാലുകളില്‍നിന്ന്
പുറപ്പെട്ടു തുടങ്ങുന്നതേയുള്ളൂ

തൊടാന്‍ വയ്യെന്ന് തൊട്ടുതൊട്ട് മഴ!

മഴ പെയ്യുന്നു
കൂട്ടില്‍ക്കിടന്ന്
കോഴികള്‍ കലമ്പുന്നു
ഇറയിലൊരു മടിയന്‍ തേരട്ട
ചുരുണ്ടുമിടയ്ക്കിടെ നിവര്‍ന്നും
കോട്ടുവായിടുന്നു

മുറ്റത്തൂടൊഴുകും ചെറുചാലില്‍
രണ്ടു കട്ടുറുമ്പുകള്‍ പുണര്‍ന്ന്
പിടഞ്ഞു മുങ്ങുന്നു
പിടികൊടുക്കാതെ
ഒരു വൈക്കോല്‍ത്തുരുമ്പ്
തന്റെ ഗതി മാറ്റുന്നു

ചൂണ്ടക്കൊളുത്തിലേറാന്‍
തലപൊക്കും മണ്ണിരകള്‍
മണ്ണിരക്കൊളുത്തിലേറാന്‍
ധൃതിപ്പെടും മീനുകള്‍

പുതുവെള്ളം നീന്തി വന്ന
കുഞ്ഞിത്തവളയ്ക്ക്
ആലീസിന്റെ അത്ഭുതലോകം
തുറന്നു കൊടുത്തു മയങ്ങുന്നു
മഴ കൊള്ളാതെ
പൊന്തകള്‍ കടന്നെത്തിയ പാമ്പ്

വൈകിയിട്ടും വീടണയാത്ത
എന്റെ കുഞ്ഞിത്തവളേ
എന്റെ പൊന്നുങ്കുടമേയെന്ന്
ഇരുട്ടു കതിരിട്ട പാടത്ത്
അമ്മത്തവള കരയുമ്പോള്‍
വരമ്പില്‍, ഞവണിമുട്ടകളുടെ
കുഞ്ഞു പിരമിഡുകളില്‍
തൊടാന്‍ വയ്യെന്ന്
തൊട്ടുതൊട്ട് മഴ!