ദൈവത്തിന്റെ ചിരി

ഒരാള്‍ക്കുമാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്‍,
അവളെ എന്തുകൊണ്ട്
മുമ്പേ വെളിപ്പെടുത്തിയില്ല
എന്നു ചോദിച്ച്
ദൈവമേ
തീര്‍ച്ചയായും നിന്നെ ഞാന്‍
ചെളിയിലേക്ക് താഴ്ത്തും

സീബ്രാവരയില്‍
എന്നെ തൊട്ടുതൊട്ടില്ലെന്ന്
ദൈവം വാഹനം കുതിപ്പിച്ചു

വള കിലുങ്ങാത്ത
എന്റെ അടുക്കളയില്‍ എത്തിനോക്കരുത്
നല്ലൊരു ഇരയെ മോഹിക്കുന്നു
എന്റെ കത്തി

വെയിലുകൊണ്ട് ജനലില്‍
ദൈവം
സൌമ്യമായി പീലിയുഴിഞ്ഞു

മഴയും വെയിലും കുടിച്ച്
പുളച്ചു നടന്ന എന്നെ
ഈ തുറസ്സിലേയ്ക്ക്
ഇല്ലം കടത്തിയതെന്തിന്?
അസ്തമയവും
തിരിച്ചു പറക്കുന്ന പക്ഷികളും
കാണിച്ച്
മോഹിപ്പിക്കുന്നതെന്തിന്?

“കണ്ണിലെ കരടെടുത്തു തരാനും
കാലില്‍ കുഴമ്പിടുവാനും പോയിട്ട്
ഒന്ന് പരാതി പറയുവാനെങ്കിലും
എനിയ്ക്കാരുണ്ട്?”
തികച്ചും ഏകാന്തനായി
ദൈവം ചിരിച്ചു ചോദിച്ചു

പല്ലിയും ശലഭവും

അപരിചിത ലിപിയെഴുതിയ
യന്ത്രത്തകിടുപോല്‍
കാറ്റിലിളകും കരിഞ്ചിറകില്‍
മുലക്കണ്‍തടമൊത്ത് വിടര്‍ന്ന ചുട്ടി

ഏതു ദൈവപ്പുരയിലെ
മുഖക്കോപ്പു നീ ശലഭമേ?

കാടിന്‍ ഇരുള്‍ത്താവളങ്ങളില്‍
ഒളിഞ്ഞിരിക്കും മൃഗപേശികള്‍
അടയാക്കണ്ണുകള്‍
അക്കാഴ്ചയില്‍ മായം കലക്കും
ഈ ഇലച്ചായം

എത്ര നിര്‍ഭയം വെളിപ്പെടുത്തുന്നു നീ
പ്രാണന്റെ താഴും താക്കോലും!
നാവിലൂറും പശയടക്കി
സൌമ്യമായ് ചിരിച്ചവന്‍
പുതുവാലൊതുക്കിപ്പതിയെ
ഒരു കുതിപ്പ്!

വിശപ്പിന്‍ ആദിമജ്വാലകള്‍
പ്രാണിക്കും പല്ലിക്കുമൊന്നെന്ന്
കരുണാഭരിതം
ചിത്രച്ചിറകഴിച്ച്
എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം