എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?

അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!