മരം



പടയാളികള്‍
തണലില്‍ തമ്പടിച്ചിരുന്നു
പോകുമ്പോള്‍
കൊമ്പും കുളമ്പുമെടുത്തു

വിശ്രമിക്കാന്‍
ഭാണ്ഡമിറക്കിയ വണിക്കുകള്‍
മൂക്കും മുലയുമരിഞ്ഞു

എന്നിട്ടും,
മരമായ മരമൊക്കെ
പൂക്കുന്ന കാലത്ത്
കൊമ്പില്ലാ കുളമ്പില്ലാ
മൂക്കില്ലാ മുലയില്ലാ മരത്തില്‍
നിറം നിറഞ്ഞു
മണം നിറഞ്ഞു

മണമെല്ലാം
കാറ്റു കൊണ്ടുപോയ്
മധുരം പ്രാണികളും

നിറം കൊഴിഞ്ഞിടത്ത്
വിളഞ്ഞു മധുരിച്ചത്
കിളികള്‍ക്കുള്ള
കള്ളക്കടത്തു മുതലായ്

ഇനിയൊരു ദിവസം
കൈക്കണക്കിന്‍
ഗോവണിയിറങ്ങി
ഒരാശാരി വരും
അല്ലെങ്കില്‍
ഒരു വിറകുവെട്ടി

ഇരുമ്പിനെ
കനകക്കോടാലിയാക്കിയ
കഥയിലെ വനദേവതയ്ക്ക്
ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!

കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി

കാടു കണ്ട് കണ്ട്
ക്ഷീണിച്ച്
മരച്ചുവട്ടിലുറങ്ങുമ്പോള്‍
ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും
പഴങ്കഥകള്‍
മുയല്‍ വടിവില്‍ വന്ന്
കാട്ടുകിഴങ്ങെന്നു കരുതി
പെരുവിരല്‍ കടിച്ചു

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!