എട്ടുകാലന്‍

കുളിമുറി വെള്ളയടിച്ചപ്പോള്‍
ചുമരില്‍നിന്ന്
വലിയൊരെട്ടുകാലി തെളിഞ്ഞു വന്നു
കാലുകളില്‍
പുതുചായം പുരണ്ടിട്ടുണ്ട്

തെങ്ങിന്‍ചോട്ടിലെ വളച്ചുകെട്ടിയില്‍,
കുളിക്കാന്‍ നില്ക്കുമ്പോള്‍
ട്രപ്പീസുകളിക്കാരനെപ്പോലെ
തെങ്ങോലയില്‍നിന്നിറങ്ങി വരാറുള്ളവന്‍
ഇവന്‍ തന്നെയാണ്!

എന്തിനു കൊള്ളും
വിറകുകൊള്ളിപോലുള്ള നിന്നെയെന്ന്
പരിഹാസത്തോടെ
നോക്കി നോക്കിനിന്ന്
ആത്മവിശ്വാസമില്ലാതാക്കിയവന്‍

വളച്ചു കെട്ടിയുടെ കുറ്റിയില്‍
വലക്കണ്ണിയുറപ്പിച്ച്
നുണക്കഥകഥകളോരോന്നു പറഞ്ഞു
എന്നും സമയം തെറ്റിച്ചവന്‍

ഒരിടത്ത്...
എട്ടു വഴിവെട്ടുകാര്‍
എട്ടു കൊയ്ത്തുകാര്‍
എട്ടു മുക്കുവര്‍
എട്ടു കടത്തുകാര്‍
എട്ടു ആശാരിമാര്‍
എട്ടു കരുവാന്മാര്‍
എട്ടു കുശവര്‍
എട്ടു ചുമട്ടുകാര്‍

എട്ടുപേര്‍ ചേര്‍ന്നു വെട്ടിയ
വഴിയുടെ വളവുകളില്‍
പേടികള്‍ പതിയിരുന്നു

എട്ടു പേര്‍ കൊയ്തെടുത്ത
വിളവിന്റെ മുറിവില്‍നിന്ന്
ചോരയൊഴുകി

കൊടുങ്കാറ്റില്‍
പൊളിഞ്ഞ കപ്പലുകള്‍
എട്ടുമുക്കുവരുടെ വലകളില്‍
കുടുങ്ങി

കുഞ്ഞുങ്ങളെ കയറ്റിയ
വഞ്ചിയുമായ്, കടത്തുകാര്‍
പുഴയുടെ നടുവില്‍ നഷ്ടപ്പെട്ടു

ആശാരിമാര്‍ കൊത്തിയെടുത്ത
പ്രതിമകള്‍
ഉലയിലൂട്ടിയ ആയുധങ്ങളെടുത്ത്
തേര്‍വാഴ്ചക്കിറങ്ങി

കുശവര്‍ മെനഞ്ഞ മണ്‍കലങ്ങള്‍
ഓട്ടക്കണ്ണും ചുണ്ണാമ്പു മീശയും
ലാത്തിയുമായ്
കവാത്തു നടത്തി

ചുമട്ടുകാരുടെ ചുമലുകളില്‍
പലദിവസം പഴകിയ
അനാഥശവങ്ങള്‍ മണത്തു

സുരക്ഷാ ഭടന്‍
കയറിലൂടെയിറങ്ങുന്നതുപോലെ
ഷവറിനുമുകളില്‍നിന്നവന്‍ നൂണ്ടിറങ്ങി
എന്തിനു കൊള്ളും
കൊഴുപ്പു തൂങ്ങിയ നിന്നെയെന്ന്
പരിഹാസത്തോടെ ചിരിച്ചു
പുതിയ കഥകള്‍ പറയാന്‍ തുടങ്ങി

കാക്കനക്കന കൂക്കുനൂ...

അതിരിലെ മുളങ്കൂട്ടത്തില്‍
കിളി പറന്നിരുന്ന്
കൊക്കു പിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...

പണിക്കു പോരുന്നോ?
എന്റെ കൂടെ
പണിക്കു പോരുന്നോ?
എന്നാരോ ചോദിക്കുന്നെന്നു കരുതി
പണിയായുധങ്ങളെടുത്തു

പൈപ്പില്‍ വെള്ളം വന്നേ
പൈപ്പില്‍ വെള്ളം വന്നേ
എന്ന് കമലേച്ചി വിളിക്കുകയാണെന്ന്
അടുക്കളയില്‍ പെണ്ണു തിടുക്കപ്പെട്ടു

മുറ്റത്തു കളിച്ചിരുന്ന മകള്‍
വിളിച്ചു പറഞ്ഞു
തലേല് തീയ്ള്ള ഒരു കിളി
ദേ മൊളേമ്മല് ഇരിക്ക്ണ്!
എന്തൂട്ടാച്ഛാ അത് പറേണത്?

അതിനെ പിടിക്ക്യോ എന്ന്
അവളിപ്പോള്‍ ചോദിക്കും

ലാന്തിലാന്തി
മുളങ്കൂട്ടത്തിനടുത്തെത്തിയ
മകന്‍ പറഞ്ഞു
ദേ നോക്ക്യേ
ഒരു പാമ്പിന്റെ കുപ്പായം!

പാമ്പിന്റെ കുപ്പായത്തിന്
കീശയുണ്ടാകുമോ എന്ന്
അവനിപ്പോള്‍ ചോദിക്കും!

ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന്
കിളി പെട്ടെന്ന് നിശ്ശബ്ദമായി

മുളങ്കൂട്ടത്തില്‍നിന്ന്
പച്ച നിറത്തില്‍
നേര്‍ത്തൊരു ജലധാര ഉയരുംപോലെ
ഒരു മുളങ്കൂമ്പ്
പോളകളടര്‍ന്നടര്‍ന്ന്
ഉയരം വെയ്ക്കാന്‍ തുടങ്ങി

മാനത്തോളം വളരുമോ
മുളങ്കൂമ്പിന്റെ മുന തട്ടി
മേഘത്തിന് വേദനിക്കുമോ?
മഴപെയ്യുമോ?
എന്നൊക്കെ
അവരിപ്പോള്‍ ചോദിക്കും

കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ദാഹം ദാഹമെന്ന്
തൊണ്ട വാവിടാന്‍ തുടങ്ങി

ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...

രണ്ടു പൂച്ചകള്‍

എല്ലാരുമുറങ്ങുന്ന
നേരമെന്നുറപ്പിക്കാന്‍
അവസാനത്തെ തെരുവുബള്‍ബും
എറിഞ്ഞുടയ്ക്കുമ്പോള്‍
വിളക്കുകാലിനരികില്‍
ചവറ്റുകുട്ടയുടെ പിന്നില്‍
കറുത്തും വെളുത്തും
രണ്ടു പൂച്ചകള്‍

രാപ്പകലുകളേ
എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍
ഈര്‍ഷ്യയോടെ നോക്കി
മുറുമുറുത്ത് വാലുപൊക്കി
ഒന്നു മറ്റൊന്നിനെ
ഇരുട്ടിലേയ്ക്കു കൊണ്ടുപോയ്
ഇരുട്ടിലെ പൂച്ചകള്‍ക്ക്
ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം
ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍

പെട്ടെന്ന്
വിളക്കുകാലുകളിലെ, ഉടഞ്ഞ
ബള്‍ബുകളത്രയും പൂത്തു
തണുത്തു വിറച്ച്
കടത്തിണ്ണയിലുറങ്ങിയ ഡിസംബര്‍
പുതപ്പിലൂടെ തല പുറത്തേയ്ക്കിട്ടു
ഹോ.. ഇത്ര നേരമായോ എന്ന്
ധൃതിപ്പെട്ടു നടന്നു

മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്ന് നിലവിളിക്കാനായുമ്പോള്‍
ഒച്ചയുണ്ടാക്കരുതെന്ന്
മുറുമുറുപ്പോടെ
വെറുപ്പോടെ
കറുത്തും വെളുത്തും പൂച്ചകള്‍
അവര്‍ക്കു മാത്രം
വഴി കാണിക്കുവാന്‍
തെളിഞ്ഞ നക്ഷത്രങ്ങള്‍

നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

ദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി
കൊല്ലപ്പെടുന്ന
ഒരു ചങ്ങാതിയുണ്ടെനിക്ക്‌
അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും
മരിച്ചുകൊണ്ടിരിക്കും

മാസത്തില്‍ രണ്ടു തവണ
കാണാന്‍ ചെല്ലുമ്പോള്‍
എന്നെക്കാത്തിരിപ്പുണ്ടാകും
അവന്റെ
പതിനാലോ പതിനഞ്ചോ ശവങ്ങള്‍

ഈ ശവിയെക്കൊണ്ട്‌ തോറ്റല്ലോ
എന്നു പറയാതെ
ഓരോന്നായി ഞാന്‍ കുഴിച്ചിടും
അവന്റെ ശവം ചുമന്ന്‌
എനിയ്ക്കും ശവത്തിന്റെ മണമാണെന്ന്‌
പലരും പറയുന്നുണ്ട്‌

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌?
എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍
എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍
പലതും പൊളിഞ്ഞുവീഴും
എന്നറിയാഞ്ഞിട്ടല്ല

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു
കണ്ടിട്ടെത്ര നാളായി
ഇന്നൊന്നു വരുമോ
എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു

അവന്‍ സങ്കടങ്ങളോടേറ്റുമുട്ടുന്ന
ഏതെങ്കിലും നേരത്ത്‌
ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന്‌
നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള
ഒരു കുഞ്ഞാത്മാവ്‌
അല്ലെങ്കില്‍
ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ്‌
അതുമല്ലെങ്കില്‍
സ്വപ്നം കണ്ടുറങ്ങുമ്പോള്‍
കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍
അങ്ങനെ ആരെങ്കിലും വന്ന്‌
എന്തൊക്കെയുണ്ട്‌ വിശേഷം എന്നു ചോദിച്ച്‌
അവന്റെ മുണ്ടിന്‍ തലയ്ക്കല്‍
പിടിയ്ക്കാതിരിക്കില്ല

അതിന്റെ പിറ്റേന്ന്‌
ഞാനവനെക്കാണാന്‍ പോകുമ്പോള്‍
മധുരനാരങ്ങ, കപ്പലണ്ടി മിഠായി,
മഞ്ഞ ബലൂണ്‍, പമ്പരം... അങ്ങനെ
അവനിഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങും
എത്ര മദ്യപിച്ചിട്ടും
എത്ര പുകവലിച്ചിട്ടും
വലുതാകാത്ത അവന്റെ കുട്ടിത്തം
'ഒക്കെ ഭയങ്കര പ്രോബ്ളാണ്‌'
എന്നപ്പോള്‍ എന്നോട് പറയില്ലായിരിക്കും
അവനപ്പോള്‍ മരിച്ചു വീഴില്ലായിരിക്കും

(ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്‌.)

വിട!