പല്ലിയും ശലഭവും

അപരിചിത ലിപിയെഴുതിയ
യന്ത്രത്തകിടുപോല്‍
കാറ്റിലിളകും കരിഞ്ചിറകില്‍
മുലക്കണ്‍തടമൊത്ത് വിടര്‍ന്ന ചുട്ടി

ഏതു ദൈവപ്പുരയിലെ
മുഖക്കോപ്പു നീ ശലഭമേ?

കാടിന്‍ ഇരുള്‍ത്താവളങ്ങളില്‍
ഒളിഞ്ഞിരിക്കും മൃഗപേശികള്‍
അടയാക്കണ്ണുകള്‍
അക്കാഴ്ചയില്‍ മായം കലക്കും
ഈ ഇലച്ചായം

എത്ര നിര്‍ഭയം വെളിപ്പെടുത്തുന്നു നീ
പ്രാണന്റെ താഴും താക്കോലും!
നാവിലൂറും പശയടക്കി
സൌമ്യമായ് ചിരിച്ചവന്‍
പുതുവാലൊതുക്കിപ്പതിയെ
ഒരു കുതിപ്പ്!

വിശപ്പിന്‍ ആദിമജ്വാലകള്‍
പ്രാണിക്കും പല്ലിക്കുമൊന്നെന്ന്
കരുണാഭരിതം
ചിത്രച്ചിറകഴിച്ച്
എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം

13 comments:

അനിലൻ said...

ഒരു പഴയ കവിത

aneeshans said...

വീഞ്ഞ്.
പഴയതിനു വീര്യം കൂടുമെന്നല്ലേ. പിടി തരാതെ വഴുതുന്നുമുണ്ട്.

സ്നേഹം

അനീഷ്

കുറുമാന്‍ said...

വിശപ്പിന്‍ ആദിമജ്വാലകള്‍
പ്രാണിക്കും പല്ലിക്കുമൊന്നെന്ന്
കരുണാഭരിതം
ചിത്രച്ചിറകഴിച്ച്
എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം - അനിലേ, ശരിയാണ്. ശലഭങ്ങളുടെ ജീവിതം വളരെ കാല്പനികം തന്നെ. അല്പായുസ്സുള്ള ശലഭങ്ങള്‍, പല്ലിയാലല്ലെങ്കില്‍ ഒടുങ്ങുന്നു ജീവിതം :(

Pramod.KM said...

പല്ലി പിടികൂടിയപ്പോളെങ്കിലും തോന്നിയല്ലോ കാല്‍പ്പനികന്‍ ശലഭത്തിന് ഈ തത്വചിന്ത:)
നന്നായി:)))

സാജു said...

അവസാന വരികള്‍ കാല്‍പ്പനീകതകൊണ്ട് വെറുതെ ഒരു മുതലക്കൂപ്പ് നടത്തിയിരിക്കുന്നു.

സാല്‍ജോҐsaljo said...

ഭാവനയ്ക്ക് നൂറ് മാര്‍ക്ക്!

പുകഴ്ത്തിപറയുകയല്ല, മനോഹരം എന്നതില്‍ കൂടുതല്‍ ഒരു വാക്കറിയില്ല.!

ചന്ദ്രകാന്തം said...

കാല്പനികബോധം മാത്രം കൈമുതലായാലുള്ള ശലഭജീവിതം, കാഴ്ചക്കാരനുള്ള മുന്നറിയിപ്പാവുന്നുവോ?

Sanal Kumar Sasidharan said...

മനോഹരം..മനോഹരം
കാല്‍പ്പനികതയുടെ നെയ് വഴുക്കം ഇടക്കെങ്കിലും ഇല്ലെങ്കില്‍ കവിതക്കു തുരുമ്പുപീടിക്കും സാജൂ.ഒരു കറ കറ ശബ്ദം വരും

ശെഫി said...

നന്നായിരിക്കുന്നു

ദിലീപ് വിശ്വനാഥ് said...

ചിത്രച്ചിറകഴിച്ച്
എത്ര കാല്‍പനികമായ് തീരുന്നു
ശലഭജീവിതം

എഴുത്ത് നന്നായി.

Sapna Anu B.George said...

ശലഭം നിറഞ്ഞ ഈ മിഴി രണ്ടിലും
നിന്‍ കതിതകളുടെ ഈണം
രണ്ടിറ്റു കണ്ണീര്‍ക്കണമായി നിന്നു.

അനിലൻ said...

എല്ലാവര്‍ക്കും നന്ദി

സുജനിക said...

ഏതു ജീവിതവും കല്‍പ്പനികം തന്നെ..മായ എന്നൊകെ പറഞ്ഞിട്ടില്ലെ..അതിതാവും