ചാഞ്ഞ ചില മരങ്ങള്‍

ധ്യാനം എന്നത്
ഇരയിലേയ്ക്ക് കുതിക്കും മുന്‍പ്
പുലി
പിന്‍കാലുകളില്‍ അമരുന്നതാണ്
നഖങ്ങള്‍ ഉള്ളിലേയ്ക്കു വലിച്ച്
പതുങ്ങിയെത്തുന്ന പൂച്ചയെ
എലി തിരിച്ചറിയുന്നതും

ചിലര്‍ ധ്യാനിക്കാറില്ല
മനസ്സ് ഏകാഗ്രമാക്കുമ്പോള്‍
അവര്‍,
തുണിയലക്കുന്ന പെണ്ണിന്റെ
തുടയില്‍ ആനക്കൊമ്പു കാണും
ജനല്‍ തുളച്ചെത്തുന്ന
ഉള്ളിയും കടുകും കാച്ചിയ ഗന്ധം
മൂക്കു വിടര്‍ത്തിയെടുക്കും
ചുമരിനപ്പുറം പുളയ്ക്കുന്ന
രതിയിലേയ്ക്ക് ചെവി ചേര്‍ക്കും

അവര്‍ ചാടി വീഴുംമുന്‍പ്
ഇരകള്‍ രക്ഷപ്പെടും
സ്വപ്നം വിഴുങ്ങി മയങ്ങുമ്പോള്‍
അവരെ,
താഴ്ന്നു പറക്കുന്ന നഖങ്ങള്‍
കോര്‍ത്തെടുക്കും

കൊടുങ്കാറ്റിന്റെ ശ്രുതിയ്ക്കൊത്ത്
കമ്പി മുറുകുന്നതും
മുറുകിയ കമ്പികള്‍
കൊടുങ്കാറ്റ് വിരിയിക്കുന്നതും
ധ്യാനത്തിലൂടെയാണ്

വീണ മീട്ടാത്തവരുമുണ്ട്
നാടു കത്തുമ്പോള്‍ അവര്‍
ചിരട്ടയെങ്കില്‍ ചിരട്ടയെന്ന്
ജലമന്വേഷിക്കും
അവരെ വിഡ്ഡികളെന്നു വിളിക്കും
അവര്‍ നനയുന്ന മഴയില്‍
ലവണമുണ്ടാകും
കാറ്റില്‍ നിശ്ശബ്ദ നിലവിളികളും

19 comments:

അനിലൻ said...

ഒരാള്‍ മറ്റൊരാളോട്:
കിട്ടുന്ന അവസരങ്ങളിലൊക്കെ നിന്നെ കുത്തിയിട്ടും എന്തേ നീ തിരിച്ചൊന്നും...

അയാള്‍: മൌനം കീഴടങ്ങലും പിന്‍വാങ്ങലും മാത്രമല്ല, അതൊരു കരുതല്‍ കൂടിയാണ്. ഒരു സമരമുറയും.

aneeshans said...

ഒന്നുമില്ല . ഒന്നും.

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

.

Pramod.KM said...

കൊടുങ്കാറ്റിന്റെ ശ്രുതിയ്ക്കൊത്ത്
കമ്പി മുറുകുന്നതും
മുറുകിയ കമ്പികള്‍
കൊടുങ്കാറ്റ് വിരിയിക്കുന്നതും
കവിതയിലൂടെയാണ്:))))

Sanal Kumar Sasidharan said...

അതെ എനിക്കുമില്ല ഒന്നും പറയാന്‍

ടി.പി.വിനോദ് said...

അതെ, ചില മഴകളില്‍ ഉപ്പു പെയ്യാറുണ്ട്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

nalla kavitha

കാര്‍വര്‍ണം said...

:)

Kuzhur Wilson said...

ഉം

ഭൂമിപുത്രി said...

ഈ വായനയിലും ഒന്നു ധ്യാനിച്ചു

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

അനിലൻ said...

അനീഷ്,ജ്യോതി,പ്രമോദ്,സനാതനന്‍,വിനോദ്,പ്രിയ,കാര്‍വര്‍ണം,വിത്സ്,ഭൂമിപുത്രി,വാല്‍മീകി

സന്തോഷം

Anonymous said...

ഇതു വായിച്ചപ്പോള്‍ ഞാനൊന്ന് ഞെട്ടി. ചില റിഫ്ലക്സ് ആക്ഷനുകളില്‍ എങ്ങനെ ധ്യാനിക്കാന്‍ സമയം കണ്ടെത്തുമെന്ന്. മനോഹരമായ അവതരണം.

[ nardnahc hsemus ] said...

പേമാരിയ്ക്കുള്ള ലവണവും നിറച്ച് ഞാനും കാത്തിരിയ്ക്കുന്നു, വരുന്നോ നീ? നമുക്കൊരുമിച്ച് കാറ്റിലെ നിശ്ശബ്ദനിലവിളികളെ അട്ടഹാസങളായി പരിണാമപ്പെടുത്താം :)

വിശാഖ് ശങ്കര്‍ said...

നിന്റെയീ മഴ നനഞ്ഞ് നീറുന്നെടാ...

അനിലൻ said...

റിയാസ്, സുമേഷ്, വിശാഖ്

സന്തോഷം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വളരെ നന്നായിരിക്കുന്നു..........

ഹരിശ്രീ said...

:)

നജൂസ്‌ said...

നന്നായിരിക്കുന്നു