കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി
അതികാലത്ത്
തെക്കേ ബസ് സ്റ്റോപ്പ് മുതല്‍
വടക്കോട്ട് അടിച്ചുവാരും
ചൂല് നാഗക്കളമെഴുതുമ്പോള്‍
അഴിഞ്ഞ മുടി വിടര്‍ന്നാടും
മിഠായിക്കടലാസ്, നോട്ടീസുകള്‍
വള്ളിപൊട്ടിയ ചെരിപ്പ്
എണ്ണമില്ലാക്കാല്‍പ്പാടുകള്‍
അടിച്ചുകൂട്ടുമ്പോള്‍
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും
ചന്തങ്ങള്‍ ഒളിഞ്ഞു നോക്കും
ചന്തയ്ക്കകം അടിച്ചു വാരുമ്പോള്‍
പാട്ടുകാരന്‍ പോര്‍ട്ടര്‍ ചന്ദ്രനെ
അവള്‍ക്കോര്‍മ്മ വരും
തലയില്‍ ചുവന്ന കെട്ടും കെട്ടി
കല്ലും സിമന്റും അരിച്ചാക്കും
പുല്ലെന്ന് ചുമന്നിറക്കുന്ന
പിടയ്ക്കുന്ന പേശികളെ ഓര്‍ക്കും
ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും
അവന്റെ മുദ്രാവാക്യം വിളിയിലും
തെറിവിളിയില്‍പ്പോലും
സംഗീതമുണ്ടായിരുന്നു
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
പോര്‍ട്ടര്‍ ചന്ദ്രനായിരുന്നു
അരയിലൊളിപ്പിച്ച കത്തി കണ്ട്
ഒരിക്കല്‍ അവളവനെ
എന്റെ ആറാം തമ്പുരാനേ എന്ന്
അതിപ്രേമത്തോടെ വിളിച്ചിട്ടുണ്ട്
മദിരാശിമരത്തിന്‍ ചുവട്ടിലാണ്
ചുവന്ന ചായം തേച്ച മണ്ഡപം
കാക്കക്കാട്ടവും ബീഡിക്കുറ്റികളും
പെറുക്കിക്കളഞ്ഞ്
വെള്ളമൊഴിച്ച് തുടച്ച്
മടിക്കുത്തില്‍ കൊണ്ടുവന്ന പൂക്കള്‍
മണ്ഡപത്തില്‍ വെയ്ക്കുമ്പോള്‍
അവളിപ്പോഴും
ഒരു പാട്ട് കേള്‍ക്കുന്നുണ്ടാവണം
46 comments:
ചൂലുകള്‍ക്ക്
തെരുവിനു ഒരു ആറാംതമ്പുരാനില്ലാതാവണം. ചൂലുകള്‍ മുദ്രാവാക്യങ്ങള്‍ കേള്‍ക്കട്ടെ. മനോഹരം.
:)
ലാല്‍ സലാം...
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി
....
വെളുത്ത ചിരി കാണാത്ത കറുത്ത ഹ്യദയങ്ങളെ അടിച്ച് വ്യത്തിയാക്കാന്‍ ചൂലുകള്‍ എവിടെ ?
'ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും '
ഈ വരികള്‍ രണ്ടു കാര്യങ്ങള്‍ ചിന്തിപ്പിച്ചു അനിലാ..
ഉപമകള്‍ക്ക് ഒരു ക്ഷാമവുമില്ല നിന്റെ പക്കലെന്നും., ഏതൊക്കെ സ്ത്രീകളാവാം മീശയുടെ കുത്തലിനെക്കുറിച്ച് നിന്നോട് പരാതിപ്പെട്ടതെന്നും.
ഒരു കവിത വായിച്ചു!
അവള്‍ മാത്രമല്ല,നമ്മളും കേള്‍ക്കുന്നു ഒരു പാട്ട്:)
ഒരു നേര്‍വായന (മുന്‍ കൂര്‍ ജാമ്യം)
കവിതകള്‍ക്ക് കമന്റിടാന്‍ എനിക്ക് പേടിയാണ്
----------------------
എന്റെ നാട്ടില്‍ ചക്കി എന്നു പേരുള്ള ഒരു ചിത്തഭ്രമം ബാധിച്ചൊരു സ്തീ ഉണ്ടായിരുന്നു.കവിതയുടെ ആദ്യഭാഗങ്ങള്‍ വായിച്ചപ്പോള്‍ അവരെ ഓര്‍ത്തു പോയി.എല്ലാ ഉപമകളും അവരൊട് ചേരുന്നു.
അരങ്ങുകളും വേഷങ്ങളും ഒന്നു തന്നെ.സ്ഥലനാമങ്ങള്‍ക്കുമാത്രം മാറ്റം.
മനോഹരം.. ഒരു കഥ പറയുന്ന കവിത.
എത്ര അടിച്ചുവാരിയാലും വീണ്ടും കുമിഞ്ഞുകൂടുന്ന അഴുക്കുകള്‍ പോലെ, വര്‍ദ്ധിച്ചുവരുന്ന ചുവപ്പുമണ്ഡപങ്ങള്‍... അവരെല്ലാം പാട്ടുകള്‍ കേള്‍ക്കുന്നുണ്ടാകുമോ?
ടി പി അനില്‍കുമാറിന്റെ പുതിയ കവിത, അല്ല പുതിയ കവിത എന്നു വിളിക്കാനാവില്ല,
പൂപ്പല്‍ പിടിച്ച ഓര്‍മ്മകളെ പുളിവെള്ളം കൊണ്ട് തേച്ച് കഴുകി തിളക്കം വയ്പ്പിക്കുന്ന പണി മാത്രമാണ് കവി ചെയ്യുന്നത്.
അന്യാദൃശമായ കാഴ്ചകള്‍ കൊണ്ട് കവിതകളെ പൂത്ത മരം പോലെയാക്കാറുണ്ട് അനില്‍കുമാര്‍.
അനിലന്റെ കവിതകളില്‍ കണ്ടൂ വരുന സ്ത്രീപാത്രങ്ങളുടെ സാന്നിദ്ധ്യം എപ്പോഴും അതിശയപ്പെടുത്താറുമുണ്ട്.
ചുട്ടണ്ടീ എന്ന കവിതയീലെ ആദ്യ വരികള്‍
- കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി -
വായിക്കുമ്പോള്‍ എവിടെയോ ഇവളെ കണ്ടിട്ടുണ്ടല്ലോ
എന്ന ഓര്‍മ്മയുണര്‍ത്തുന്നത് അസ്വഭാവികമല്ല. കറുത്ത് പോയതു കൊണ്ട് ചുട്ടണ്ടീ എന്ന വിളീ കേള്‍ക്കുമ്മ്പോള്‍
ചിരിക്കാറുണ്ടവള്‍, ദൈന്യമുള്ള ആ ചിരി മുഖമില്ലാത്തെ ഒരു രൂപത്തെ മനസീല്‍ വരയ്കുന്നുണ്ട്. ചുട്ടണ്ടി എന്ന് വിളിക്കുമ്പോഴും
ഒളീഞ്ഞു നോക്കുന്ന കണ്ണുകള്‍ ഉണ്ട് അവളുടെ പിന്നാലെ. സ്വയം ചീത്തയായി, അഴുക്കു പുരണ്ട് എന്തെല്ലാം എന്തെല്ലാം അവള്‍ അടിച്ചു വാരുന്നു.
ഒരു പിരീഡ് സിനിമ പോലെ കറുപ്പിലും, വെളുപ്പിലും തുടങ്ങി കളറില്‍ അവസാനിക്കുന്ന ഒരു മാജിക് ഉണ്ട് ഈ കവിതയില്‍.
പോര്‍ട്ടര്‍ ചന്ദ്രന്റെ പാട്ട് കേട്ട് കോള്‍മയിര്‍ കൊള്ളുന്ന, യേശുദാസിന്റെ, ഹരിഹരന്റെ, ജാസിയുടെ പാട്ട് ഓര്‍ക്കുന്ന , അരയിലെ കത്തി ( :) ) കണ്ട് ആറാം തമ്പുരാനേ എന്ന്
വിളീക്കുന്ന ഒരു പെണ്ണ് , എപ്പോഴും ഒരു പെണ്ണ് മാത്രമാണെന്ന് വിളീച്ചു പറയുന്നില്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക അതിപ്പോ ചുട്ടണ്ടിയായാലും, മാതള നാരങ്ങ ആയാലും
ഓഫ് : ഈ കൊമ്പന്‍ മീശയുള്ള കവികളുടെ ഒരു ടൈം. :)
കവിതയില്‍ കയറിക്കൂടിയ വാസ്തവമാണത് ഇരിങ്ങല്‍ജീ. ചൂലു പിടിക്കുന്ന ചുട്ടണ്ടിയുടെ അവബോധത്തെ മാറ്റാന്‍ അവിടെയുണ്ടായ മുദ്രാവാക്യങ്ങള്‍ക്ക് കഴിഞ്ഞില്ല. പോര്‍ട്ടര്‍ ചന്ദ്രന്‍ അവള്‍ക്ക് ആറാം തമ്പുരാന്‍ മാത്രമാകുന്നു. രക്തസാക്ഷി മണ്ഡപം തമ്പുരാന്റെ കുഴിമാടവും.
ഓ.ടോ..
അനോണിയായി ഇരിങ്ങല്‍ജിയും..?...:):)
നല്ല കവിതയാണ്.
തെരുവിന്റെ നെറുകിലാണവളെ
കൊത്തിവെക്കുന്നത്.
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങളാം സിന്ദൂരമാലകള്‍...
ആ പാട്ടല്ലേ അവള്‍ കേട്ടിരുന്നിരിക്കുക. :(
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
ആറാം തമ്പുരാനും അവനായിരുന്നു.
അവനാകട്ടെ രക്തസാക്ഷിമണ്ഡപമാകാന്‍ വിധിക്കപ്പെട്ട കൂലിവേലക്കാരനും.
ചുട്ടണ്ടികളുടെ വിപ്ലവം വന്നോ ആവോ?
:)
കവിത നന്നായി, ബഷീറിന്റെ ‘തങ്കം’ ഓര്‍മ വന്നു.
കവിതയില്‍ കഥകള്‍ നിറയട്ടെ...!
വളരെ ഇഷ്ടപ്പെട്ടു അനിലേ..
മുള്ളഞ്ചീര! :)
യാതനകളുടെ ചൂടില്‍ കരിഞ്ഞ പുറന്തോട്. ആക്ഷേപത്തിലും, വിരിയുന്ന വെളുത്ത ചിരി.
...ഒരേ മുഖച്ഛായയുള്ള എത്രയോ പേര്‍.
എന്തു കമന്റാണ് പറയേണ്ടതെന്നു അറിയില്ല. അത്രക്കിഷ്ടപ്പെട്ടു.
ചുട്ടണ്ടിയിലൂടെ വരച്ചു കാട്ടിയ ഒരു സാധാരണയിലും സാധാരാണക്കാരിയായ പെണ്ണിനേയും ഇഷ്ടപ്പെട്ടു
പുത്തന്‍ വിപ്ലവഗാനങ്ങള്‍ രചിക്കാന്‍, ഗായകന്റെ ജീവനെടുത്തും മണ്ഡപം തീര്‍ക്കുന്നവര്‍ അറിയുന്നുണ്ടോ എന്നും ഹൃദയപുഷ്പം ചാര്‍ത്താന്‍ വിധിക്കപ്പെട്ടവരെ.
പ്രേമിക്കാനും പാട്ടുകേക്കാനും ചൂല്‍ വരേണ്യവര്‍ഗമല്ലല്ലോ :(
നല്ല കവിത അനില്‍.
നസീര്‍ പറയുന്നു,
ഒരു കവിത വായിച്ചു!
ഉഷ പറയുന്നു,
ബഷീറിന്റെ ‘തങ്കം’ ഓര്‍മ വന്നു.
-ഇതില്‍ കൂടുതല്‍ ഞാനെന്തു പറയാനാ അനിലാ..
മണ്ഡപത്തിന് താഴെ ചന്ദ്രന്റെ പാട്ട് ഞാനുമറിയുന്നുണ്ട്..
ആഹ
ഭേഷ്
ഇല്ലാ ഇല്ല മരിച്ചിട്ടില്ല
പോര്‍ട്ടര്‍ ചന്ദ്രന്‍ മരിച്ചിട്ടില്ല,
ജീവിക്കുന്നു ഞങ്ങളിലൂടെ..
രക്തസാക്ഷികള്‍ സിന്ദാബാ
സോറി,
കാക്കക്കാട്ടോം ബീഡിക്കുറ്റീം പെറുക്കിക്കളയാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത് പ്ലീസ്...
ലാല്‍ സലാം
രാവിലെ അപ്പുണ്യേട്ടന്റെ കടയില്‍നിന്ന് ചായയെടുത്ത് സഹകരണസ്റ്റോറിന്റെ പുറത്തുള്ള ഉപ്പിന്‍പെട്ടിയില്‍ ഇരുന്നു കുടിക്കുന്ന നേരത്തും മാഞ്ഞിട്ടുണ്ടാവില്ല ചൂലുകൊണ്ട് എഴുതിയ ‘റ റ’ കള്
ആ ഓര്‍മ്മകള്‍ പങ്കിട്ടെടുത്തവരോടെല്ലാം സന്തോഷം.
"അന്നൊക്കെ ലോഡ്ജിലെ മുറ്റമടിക്കുവാന്‍
വന്നെത്തുമാറുണ്ടു മുത്തശ്ശീയൊത്തവള്‍“
‘ചുട്ടണ്ടി’ വായിചപ്പോള്‍ വൈലോപ്പിള്ളിയെ ഒര്‍മ്മ വന്നു’
പലതവണ ഇവിടെ വന്ന് കമന്റായി എന്തെഴുതും എന്ന് കുഴങ്ങി തിരികെപ്പോയി. വരികള്‍ പലപ്പോഴും ചിത്രങ്ങളാകാറുണ്ട്. ആ ചിത്രത്തില്‍നിന്ന് ഒരു സംഗീതം കൂടി കേള്‍ക്കുന്നത് ചുരുക്കമായേ കാണാറുള്ളൂ. ആദ്യമതുണ്ടായത് ഇതുവായിച്ചപ്പോഴാണ്. ഇതിനുമുന്‍പൊടുവില്‍ ഇവിടെയും.
അനില്‍ നന്നായി..വളരെയധികം,
ചൂല് നാഗക്കളം വരക്കുന്നതും,മുള്ളഞ്ചീരയും,അരയിലൊളിപ്പിച്ച കത്തിയും ഇശ്ശി പിടിച്ചു.
സാഗര്‍, ഗുപ്തന്‍, അത്ക്കന്‍ - സന്തോഷം
ഇന്നിരുന്ന് കുറെ വായിച്ചു രാപ്പനിയിലെ കവിതകള്‍. ചിലതൊക്കെ നന്നായി ഇഷ്ടമായി. ഇതു നന്നായിട്ടുണ്ട്.
നുണക്കുഴിയാന എന്ന നാലുവരി നന്നായി ഇഷ്ടപ്പെട്ടു!
സന്തോഷം അപര്‍ണാ.
പുരാവൃത്തത്തിന്റെ, നാട്ടുവര്‍ത്തമാനത്തിന്റെ non-fiction മട്ടില്‍ പറഞ്ഞുപോകുമ്പോഴും വായിക്കുന്നയാളിന്റെ ഓര്‍മ്മയുടെ ഏതെങ്കിലും ഒരു ഭാഗത്തെക്കൂടി ഇത് കവിതയാക്കുമെന്ന് ഉറപ്പുവരുത്തുന്ന ആ ജീവിതബോധത്തിന് സല്യൂട്ട്.
ഇതിന്‍റെ റസിപ്പി ഒന്നു പറഞ്ഞു തരുമോ? കോപ്പിയടിയ്ക്കാനല്ല. സൂക്ഷിയ്ക്കാനാ
നീട്ടിയാല്‍ ചുരുക്കം നാലുതാള്‍ നീളുന്ന കഥയെ ഒരു ചെറുകവിതയില്‍ കുഴിച്ചിട്ടത് അതിശയത്തോടെ പലതവണ വന്നു വായിച്ചു. വല്ലാതെ വൈകിയോണ്ട് പുതിയതുവരട്ടേന്ന് ക്ഷമയോടിരുന്നു. എവിടെ!
സഹികെട്ടു. അല്ലെങ്കില്‍ പിന്നീടൊരിക്കല്‍ നുണ കുഴിയിലൊരു ആനയാക്കി എനിക്കു ചിരിക്കേണ്ടിവരും.:)
വളരെ മനോഹരമായ കവിത.
വിനോദ്, ജ്യോനവന്‍- സന്തോഷം
കരിയന്നൂര്‍- കോപ്പിയടിക്കാനാണെങ്കില്‍ തരാം :)
andiyalle chudanpattoo avalude chiri chudanpattumo anilaa, ninakku ??kasumaavu samoolam idicchupizhinju kurukki kavitha kacchunna nee kaalam varumpol chuttandi thalli parippedukkumennuariyamayirunnuanilante kavithayile paavam thozhilaalippennungal-avar inquilab vilichillinkil enthu..theri paranjillenkil enthu ?? avarude nishabdathayku enthoru aaravam aanu.
നന്നായിരിക്കുന്നു അനിലന്‍
തെക്കേ ബസ്സ് സ്റ്റോപ്പ് മുതല് വടക്കേ ബസ്സ് സ്റ്റോപ്പ് വരെ
അവിടന്ന് ചന്തയിലേക്ക് ..
ഒരു സ്ലൈഡ് ഷോ പോലെ
കടന്നു പോയ കുറെ വര്‍ഷങ്ങളുടെ
--സെന്റെര്‍--- ഓര്‍ത്തുപോയി
ഓരോ വാക്കും വാചകവും നമ്മുടെ മനസ്സു ആ മണ്ണില്‍ എറിഞ്ഞിട്ടാണ്
പോന്നതെന്ന സത്യം വെളിവാക്കുന്നു
ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍
enikk valare ishtappettupoya oru kavitha...
മാഷെ, ഇവിടെ വരാനെന്തേ വൈകിപ്പോയീ എന്ന് ഞാന്‍ എന്നോടു തന്നെ ചോദിച്ചു കൊണ്ടിരിക്കുന്നു. വാഗ്മയചിത്രം!
ഓഫ്. കൌടില്യന്‍ കൊച്ചേട്ടനുമായുള്ള അടി വ്യക്തിഹത്യയിലേയ്ക്കു കൂപ്പുകുത്തിയെന്നു തോന്നിയതു കൊണ്ടാണ് ഞാന്‍ വിട്ടത്. ഇപ്പോഴും കമന്‍റ്സ് സബ്സ്ക്രൈബ് ചെയ്യുന്നതുകൊണ്ട് എല്ലാം വായിക്കുന്നുണ്ട്.
ഇത്ര കാലം ഈ മരുഭൂമിയില്‍ നിന്നിട്ടും
നാട്ടുപച്ചപ്പ് കവിതയില്‍ ഇന്നു കണ്ടപോലെ
നിറക്കാന്‍ കഴിയുന്നത്?
വളരെ നല്ല വായന, നന്ദി.
Post a Comment