പൊത്തുകള്‍

മറന്നുവോ?
പൊട്ടനെപ്പോല്‍ നോക്കുന്നല്ലോ
നീ നിത്യം നടന്ന വഴിയിത്
കടപ്ലാവ് ചിരിച്ചു
കത്തും പച്ചത്തിരികള്‍
അണയാതെ നോക്കീ ഇലകള്‍
കൊമ്പില്‍, ഊരു തെണ്ടി മടങ്ങിയ കാക്ക
യാത്രയില്‍ കണ്ടതെല്ലാം കുടഞ്ഞെറിഞ്ഞു
കണ്ണിലുണ്ടപ്പൊഴും ഭയമതിന്

ഏറെ മാറിയിട്ടുണ്ടോ എന്റെ മണം?
കശുമാവ് പൂങ്കുല പുറത്തിട്ടു
പഴയ ചങ്ങാതിയെക്കണ്ട മോദത്താല്‍
തളിരുകള്‍ ചുവന്നു

ആരും വരാനില്ലാനകളിക്കാന്‍
ചോട്ടിലിരുന്ന് കളി പറയാന്‍
കൊമ്പിലാരോ കുരുക്കിയ കയര്‍ത്തുമ്പ്
അറ്റ താലിച്ചരടുപോല്‍ ദ്രവിച്ചു
ഇലകളില്‍ കുരുങ്ങിക്കിടന്നു കരച്ചില്‍

മീനൊക്കെ വറ്റി
നീര്‍ക്കിളികളും പോയ്
നെടുവീര്‍പ്പിട്ടു തെങ്ങിന്‍പാലം
തോട്ടിന്‍ കരയില്‍ മുടന്തി
കുരുടന്‍ ചൂണ്ടക്കാരന്‍

വഴിയെല്ലാം പുല്ലു മൂടിപ്പോയ്
പൊത്തുകള്‍ക്കുള്ളിലാണു ജീവിതം
ആര്‍ക്കും വേണ്ടെങ്കില്‍
ഞങ്ങളെന്തിനീ വേഷം കെട്ടണം?
സങ്കടപ്പെട്ടൂ ചെടികള്‍
പൂക്കള്‍ ചുരുങ്ങി
തണ്ടിലേയ്ക്കു തിരിച്ചു പോയ്

ഉറങ്ങാന്‍ കിടന്നപ്പോള്‍
ഉത്തരത്തിലെ പല്ലി പറഞ്ഞു
പുറത്തെടുക്കേണ്ട നിന്റെ
ചെണ്ടയും ഇലത്താളവും ആരവങ്ങളും
പുലര്‍കാലമെത്തും മുമ്പുണര്‍ത്താം
കെട്ടും കിടക്കയുമായ് പുഴ കടന്നോളൂ!

11 comments:

അനിലൻ said...

പഴയൊരു കവിത

ഒരൊഴിവുകാലത്തെ അനുഭവം

[ nardnahc hsemus ] said...

പഴമ അനുഭവപ്പെടുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മറന്നുവോ?
പൊട്ടനെപ്പോല്‍ നോക്കുന്നല്ലോ

ഇത് വായിച്ചപ്പം എന്നോട് പറഞ്ഞതാണോന്ന് തോന്നി :)


കവിത നല്ല ഇഷ്ടമായി.

Sarija NS said...

എന്തിനാണ് നിന്നെ പുഴ കടത്തി വിടുന്നത്? :(

PIN said...

എന്തെല്ലാം നാം കണ്ടിടും കാണുന്നില്ല, കേട്ടിട്ടും കേൾക്കുന്നില്ല...നാം നമ്മളെ മാത്രം കാണുന്നു, അതിനായി ജീവിക്കുന്നു...സ്വാർത്ഥത ബാക്കിയെല്ലാം അവഗണിക്കുന്നു...

പാമരന്‍ said...

ഏറെ മാറിയിട്ടുണ്ടോ എന്റെ മണം?

നാലു കൊല്ലത്തിനു ശേഷം നാട്ടില്‍ പോകാനൊരുങ്ങുന്നു..

അനിലൻ said...

സുമേഷ്, പ്രിയ- സന്തോഷം

സരിജ- അതങ്ങനെയാണ്. പുഴ കടത്തി വിടും, തിരിച്ചു തുഴഞ്ഞെത്തും.. വീണ്ടും... :(

പിന്‍ - നേര്!

പാമരന്‍ - ഉണ്ടാവില്ല. അതല്ലെ നിന്റെ കവിതയിലൊക്കെ നാടിങ്ങനെ പച്ചച്ച് നില്‍ക്കുന്നത്!
മലയാണ്മവിടാത്ത തെറികള്‍.. :)

Mahi said...

അളമുട്ടിയുപ്പോള്‍ ഞാനും പോയിരുന്നു നാട്ടില്‍.അവിടെ ചിലര്‍ ചോദിച്ചു ഇതേ പോലെ വരുന്നില്ലെങ്കില്‍ ഞാനെന്തിനാണിങ്ങനെ..............

Latheesh Mohan said...

മറന്നു,
പൊട്ടനെപോലെ നോക്കുന്നു

ബിനീഷ്‌തവനൂര്‍ said...

nalla kavitha. pazhaya varikalanenn vayichappozhe thonni. sadharana kanarulla izhayatuppamilla. ennalum ishtapetathirikkumo, njanum puzhakadanna poochakkuttiyalle.

Sapna Anu B.George said...

പഴയതും പുതിയതും ഒന്നും ഇല്ല, കവിത കവിത തന്നെ.....