അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്
സിനിമാടാക്കീസിനു പുറത്ത്
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട് ട്രാക്ക് കേള്‍ക്കുന്നുണ്ട്
ഉറക്കത്തിലിടയ്ക്കിടെ
രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം
തൂണിനുപിന്നില്‍ നിഴല്‍
അടക്കിയ ചുമ
സിഗരറ്റ് പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം
ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും
കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ് കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്
കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!
ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്
ഉറക്കമൊഴിക്കുന്നല്ലോ!
31 comments:
രാപ്പനി... രാപ്പനി :(
കാത്തിരിക്കായിരുന്നു.
നിന്റെയീ രാപ്പനിക്ക്
ഓര്‍മ്മകള്‍ ഒരു മണ്‍കുടത്തിലിട്ടു വച്ചേക്കുവാണോ? പിന്നില്‍ നിന്നാരോ കൊത്തിപ്പൊട്ടിക്കുമ്പോള്‍ ചിതറുവാന്‍? ഒരു വട്ടം നടന്നു തീരുമ്പോള്‍ തീരുന്നില്ലല്ലോ നാശം :)
ഓരോന്നും പറഞ്ഞ് വെര്‍തേ മന്‍സേനെ പ്യാടിപ്പിയ്ക്കല്ലെ മാഷെ....
ദേ, കമന്റിടാന്‍ വന്നപ്പൊ നൂറോളം പേരിരുന്ന് ടൈപ്പണ സൌണ്ട് ട്രാക്ക് കടകടകടാാന്ന്...
ആരോ ഉണ്ട്....
ആരോ എപ്പോഴും ഒപ്പമുണ്ടെന്നൊരു തോന്നല്‍, അതോ യാഥാര്‍ത്ത്യമോ, എന്തായാലും അത്തരമൊരവസ്ഥ തരുന്നത് ആശ്വാസമോ, ആശങ്കയോ അതോ ഭയമോ?
അനിലാ കവിത ഇഷ്ടായി.
അനിലേട്ടന്റെ നിഴലേട്ടന്‍...?
സ്വത്വം....
ഒന്നല്ല, അനിലാ, ഒരാളുടെ ചുറ്റിലും അനേകരുണ്ട്. പക്ഷെ ഒരു സമയത്ത് ഒരാള്‍ മാത്രമേ അരികില്‍ കാണൂ!
(ഒറ്റക്കാവുമ്പോ പിന്നെ പറയേം വേണ്ടാ...!)
നിഴലുകള്‍ രൂപം പ്രാപിക്കുന്നത് ഉറക്കത്തില്‍ മാത്രമാണെന്നുതോന്നുന്നു...
പ്രത്യേകിച്ചും ദുഃസ്വപ്നങ്ങളില്‍!
ഉണ്ണാതലയുന്നവന്റെ ഉടുമുണ്ടുലയുന്നു കവിതയില്‍.
മുന്നില്‍ വരുമ്പോള്‍, ഞാനല്ലെന്ന് പറഞ്ഞേക്കണം. അല്ലെങ്കില്‍ ഞാനായിരുന്നില്ലെന്ന് :)
അറിയുന്നുണ്ട് ഉള്ളില്‍ വേറൊരാളുടെ കാലടി പെരുക്കങ്ങള്‍ എനിക്കു മുന്നെ നടന്ന് അടയാളപ്പെടുത്തുന്നുണ്ടയാള്‍ എന്റെ വഴികളൊക്കയും.വ്യത്യസ്താസ്തിത്ഥ്വങ്ങളുടെ വിചിത്ര സങ്കലനങ്ങളില്‍
ഭയ വിസ്മയങ്ങളുടെ മേളവും അമിട്ടുമൊരുക്കുന്ന പൂരപറമ്പാകുന്നു മനസ്സ്
ചില തോന്നലുകളുടെ വിചിത്രാനുഭവങ്ങളിലേക്കിങ്ങനെ കാടുകയറി പോകുന്നതു കൊണ്ടായിരിക്കാം ഹെമിങ്ങ്‌വെ ഈ ജീവിതം വലിയൊരത്ഭുതമാണെന്ന് പറഞ്ഞത്.
ഭാവനയുടെ രാപ്പനി ചൂടില്‍ എന്നെ വിയര്‍പ്പിക്കുന്നു ഈ കവിത
എല്ലാം വായിച്ചു, നന്നായിട്ടുണ്ട്
മനസ്സില ചിത്രം വരയ്ക്കുന്ന വരികള്‍...
തേയ്ക്കാനെടുത്ത സോപ്പില്‍ ആരോ തൊട്ടടുത്ത് ഉപയോഗിച്ചതിന്റെ നനവുണ്ടല്ലോ..
ഉണര്‍ന്നിരിക്കുമ്പോഴും കേള്‍ക്കുന്ന ദുസ്വപ്നങ്ങളുടെ സൌണ്ട് ട്രാക്കുണ്ടല്ലോ..
ഉടലും മനസ്സുമൊരു പൂരപ്പറമ്പായി ഉറക്കമൊഴിക്കുന്ന ഭയമുണ്ടല്ലോ.. അതിനെ മേളവും അമിട്ടുമാക്കിയ കല്‍പ്പനയുണ്ടല്ലോ..അതിവിടെയുമുണ്ട്.. പലപ്പോഴും..മിക്കപ്പോഴും
വെറും തോന്നലാവൂന്നേ, ഇങള് സമാധാനിക്ക്.... :)
ഹൃദ്യം....
അനിലേട്ടാ
ഇടയ്ക്ക് ഇതൊക്കെ ഒന്നു അടച്ചുപൂട്ടിയപ്പോള്‍ അസ്വസ്ഥത തോന്നിയിരുന്നു.
തിരിച്ചുവരവ് ഉശിരനായി...
ഇതുവരെകണ്ടിട്ടില്ലാത്ത ഒരു സഹയാത്രികനുമായുള്ള നിരന്തര സൌഹൃദമത്സരമാണ് ജീവിതം എന്ന് തോന്നിയിട്ടുണ്ട്.. പിതൃഭാവവും ഗുരുഭാവവും ചിലപ്പോള്‍ യജമാനഭാവവും ചിലപ്പോഴെങ്കിലും കേളീഭാവവുമായി ഒരാള്‍ അരികത്തെപ്പോഴും..........
നല്ല കവിത.. എനിക്കിങ്ങനെയൊന്നും തോന്നാറില്ലെങ്കിലും.
നസീര്‍ - അടി അടി
അനോണി - മനസ്സിലായി :)
സുമേഷ് - അതേ ആരോ ഉണ്ട്!
കുറൂ - :)
കിനാവ് - അത് കലക്കി
പൂക്കൈത - നേര്!
ഹരിയണ്ണന്‍ - :)
ലതീഷ് - അപ്പൊ നീയായിരുന്നില്ലേ?
മഹി - സന്തോഷം
വരവൂരാന്‍ - സ്വാഗതം
ശിവ, വെള്ളെഴുത്ത്, നജൂസ്, വേണു- :)
ഗുപ്താ - തുറക്കാന്‍ കഴിയുമെന്ന് കരുതിയതല്ലായിരുന്നു :(
സിമി - തോന്നരുത്. അതാ നല്ലത്.
മനസ്സ് പൂരപ്പറമ്പായി വേദനയോടെ ഉറക്കമോഴിക്കുകയാണ് ....
നന്നായി അനിലേട്ടാ..
ഒരു കവിത എന്താണോ നല്‍കേണ്ടത് അത് പലപ്പോഴും താങ്കളുടെ കവിതയില്‍ നിന്ന് കിട്ടാറുണ്ട്,
ഒരു പക്ഷെ ചീല അസ്വസ്ഥതകള്‍.
ഉള്ളിലുള്ള അസ്വസ്ഥതകള്‍ക്ക് കൂട്ടായി ഇതുമിരിക്കട്ടേന്ന് നിങ്ങളെന്തിനാണ് എന്നും പറയുന്നത്.
ഞാന്‍ കാണുന്ന സ്വപ്നങ്ങള്‍
നിങ്ങളെങ്ങിനെയാണ് പലപ്പോഴും
എനിക്കൊപ്പമോ എനിക്ക് ശേഷമോ അതുമല്ലെങ്കില്‍
എനിക്ക് മുമ്പോ കാണുന്നത്.. എന്‍ റെ അസ്വസ്ഥകള്‍
നിങ്ങളെ ബാധിക്കുന്നതെന്തുകൊണ്ടാണ്..
ഇന്നലെയും ഉറക്കമെഴുന്നേറ്റ് പുറത്തിറങ്ങാന്‍ ചെരിപ്പിടുമ്പോള്‍ ആരോ ഇട്ട്റ്റു നടന്ന് ഊരിവച്ച ചെരിപ്പില്‍ ഒരു ചൂട് എനിക്കനുഭവപ്പെട്ടത് നിങ്ങള്‍ക്കും എന്തേ ...
എന്നെ ഉറക്കത്തില്‍ എന്നും വിളിക്കുന്ന എന്നാല്‍ പിടിതരാതെ പിന്തുടരുന്ന ശബ്ദവും വെളിച്ചവും നിങ്ങളേയും പിന്തുടരുന്നത് എന്തുകൊണ്ടാണ്..
സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍
ഇരിങ്ങലേ ,പ്ളീസ് അങ്ങനെ പറയല്ലേ, വിമര്ശിക്കൂ. പുറം ചൊറിയാതെ വിമറ്ശിക്കൂ, ഏതെങ്കിലും പാവപ്പെട്ടവന്‍ ഒരു കവിതയെഴുതിയാല്‍ അപ്പോ വരും സംഗതി പോരാ, പ്രാസമില്ല, ശുദ്ധിയില്ല എന്നൊക്കെ പറഞ്ഞ്. തന്നെയൊക്കെ മണലില്‍ എഴുതിച്ച് പഠിപ്പിക്കണം അ,ആ, ഇ, ഈ .....
Of : അനിലോ , ഇരിങ്ങല്‍ പറയണത് സത്യം തന്നേ ? സ്വപ്നങ്ങള്‍ പിന്തുടരുന്നതേ.. ഏത് ! :)
പണ്ടൊരിക്കല്‍ മറ്റാരെയൊക്കെയോ പേടിപ്പിച്ച കൂറകളും ഇരിങ്ങലിന്റെ പിന്നാലെ പോയിരുന്നു.. പാവപ്പെട്ടവര്‍ക്കിത്രയും ഗ്ലാമര്‍ കൊടുക്കല്ലേ ഈശ്വരാ..
ഇരിങ്ങലിന്റെ പങ്കകളേ
എന്തിനാ അയാളെ എപ്പോഴുമിങ്ങനെ ഓടിച്ചിട്ടു പിടിക്കുന്നത്ത്?
ഇരിങ്ങലിന്റെ പങ്കകളെ തൊട്ടുകളിക്കരുത്.അതു ഞങ്ങളുടെ അവകാശമാണ്. എന്തരായാലും ഇരിങ്ങലിനെ കുറിച്ച് എന്നാ പറഞ്ഞാലും അപ്പ വരും അക്ഷര പിസാച്. അതിനാല്‍ ഒരു കാര്യം ഊന്നി ഊന്നി പറയുന്നു, പിടിക്കുന്നത്ത് അല്ല പിടിക്കുന്നത് :)
ഓഫ്:
ഇരിങ്ങല്‍ വന്നില്ലെങ്കിലും ഫാന്‍സ് അസോസിയേഷന്‍ കാരണം വല്യ ബുദ്ധിമുട്ടില്ലാതെ എവിടെ പോയാലും ആളുകള്‍ തിരിച്ചറിഞ്ഞു തുടങ്ങി. പലപ്പോഴും ബൂലോകത്തിലെ പോസ്റ്റുകള്‍ ഒന്നും വായിക്കാന്‍ സമയം കിട്ടാറില്ല. എന്നാലും ഞാനിവിടെയൊക്കെ ഉണ്ടെന്ന് എല്ലാവരേയും അറിയിക്കാന്‍ ഫാന്‍സ് അസോസിയേഷന്‍കാരുണ്ടല്ലോ. അതു തന്നെ ഭാഗ്യം. പേരു നിലനിര്‍ത്താന്‍ പെടുന്ന ഒരു പാട് ഈ അനിലേട്ടന് വല്ലതും അറിയോ..
എന്തായാലും ഫാന്‍സ് അസോസിയേഷനെ തൊട്ടു കളിക്കരുത്..!!
പങ്കവര്‍മ്മേ... തെറ്റ് തിരുത്തിയതിന് നന്ദി :)
(ഇവിടമിനി യുദ്ധക്കളമാകുമോ!)
“ഇരിങ്ങലിന്റെ പങ്കകള്‍“ എന്നൊരു കവിത എഴുതാനൊരു ശ്രമം നടത്തി നോക്കി, വഴങ്ങുന്നില്ല. ചുറ്റും ‘ഫാനു‘കളുടെ ആരവം....
-ഇനി ആര് ചെയ്യുമാരു ചെയ്യും ഈ ......
(....ആരാമം എന്നത് ആരോമം ആയി, പിന്നെ തോന്നി കുറുമാനോട് ഒന്ന് പറഞ്ഞ് നോക്കാമെന്ന്, അല്ലെ?
ഓടോ: ഫാനുകള്‍ കുറവെങ്കിലും കാറ്റ് കൂടുതലാ)
മ്മടെ ശശിയേട്ടനറിയാം കാര്യങ്ങള്‍. ഇതാണ് എന്തിനും ഏതിനും കാരണവന്റെ സ്ഥാനത്ത് ഒരാള്‍ വേണോന്ന് പറേണ്ത്. അതോണ്ട് ശശിയേട്ടാ ങ്ങള് തന്നെ പ്രസഡന്റ്. :)
അനിലാ,
“എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?"
നിന്നെയല്ലെ പിന്തുടരുന്നെ? നീയല്ലല്ലോ , പിന്നെങ്ങിനെ കോപിക്കും?
നിനക്കിങ്ങനെയൊരു സഹയാത്രികനെങ്കിലും ഉണ്ട്. അത് നല്ലതല്ലെ?
സരിജാ
ആര് ആരെ പിന്തുടരുന്നെന്ന് എങ്ങനെ ഉറപ്പിക്കും?
ഒരു പക്ഷേ ഞാനാണ് അയാളുടെ നിഴലെങ്കിലോ???
നിഴലുകളുടെ നിഴലുകള്‍ രൂപങ്ങള്‍
അല്ലെങ്കില്‍
രൂപങ്ങളുടെ രൂപങ്ങള്‍ നിഴലുകള്‍
(തമാശയ്ക്ക് ഒന്ന് പറഞ്ഞുനോക്കിയതാണ്.)
Post a Comment