കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍

എന്റെ വീട്ടിലേയ്ക്ക്‌
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
‌അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?

അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക്‌ വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ്‌ പച്ചയ്ക്കിടയില്‍
‍പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട്‌ അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക്‌ ഓര്‍മ്മ വരേണ്ടതല്ലേ

അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?

കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല

എനിയ്ക്കറിയാവുന്ന ചുവപ്പ്‌
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല

നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്‌
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്‌

23 comments:

അനിലൻ said...

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല

ചന്ദ്രകാന്തം said...
This comment has been removed by the author.
ചന്ദ്രകാന്തം said...

അമ്പലപ്പറമ്പിനുമപ്പുറം, ചോപ്പും മഞ്ഞയും ചാര്‍ത്തി കാറ്റത്ത്‌ കലപില പറയും കശുമാവിന്‍ കൂട്ടത്തെ മറവിയ്ക്ക്‌ കടപുഴക്കാനാവില്ല. എത്ര തീവ്രപരിശീലനത്തിനു ശേഷവും.

Anonymous said...

പ്രവാസിയുടെ രാഷ്ട്രീയം അവന്റെ ഓര്‍മ്മകളിലെ രാഷ്ട്രീയം ആണോ. പ്രവാസിയെന്ന ബോധത്തെ ഒഴിവാക്കി കൊണ്ട് ചിന്തിക്കുമ്പോള്‍ ഉണ്ണുന്നതും, ഉറങ്ങുന്നതും അന്നം തരുന്നതും അന്യനാടിലാണ്/അന്യനാടാണ് എന്ന ഒരേ ഒരു അകറ്റി നിര്‍ത്തല്‍ മാത്രമേ പ്രത്യക്ഷമാവുന്നുള്ളൂ.

അനില്‍കുമാറിന്റെ പഴയ ചില രചനകളെ ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കില്‍ ഈ കവിത സംസാ‍ാരിക്കുന്ന ഭാഷ പരിചിതമാവാതെ തരമില്ലെന്ന് വരുന്നു. ഒരു ദേജാവൂ പോലെ കവി കാണുന്ന, ഓര്‍ത്തെടുക്കുന്ന ഓര്‍മ്മകള്‍ക്ക് പിച്ചകത്തിന്റെ അതിരുകളുള്ള വഴികളുണ്ട്. നട്ടുച്ചയ്ക്ക് നടന്ന് വരുന്ന അച്ഛനെ കാണുന്നതും അതു നേരാണൊ എന്ന് തന്നെ താനെ ആരായുന്നതും വേറേ എന്താണ്.

പ്രവാസകാലത്തിനു മുന്നെ കവി സഞ്ചരിച്ച വഴികള്‍ പാടെ മറന്നിട്ടില്ലെന്ന് ഓര്‍മ്മിപ്പിക്കുന്നതിനൊപ്പം സമകാലീന രാഷ്ട്രീയത്തെ വിടാതെ പിന്തുടരുന്ന ജാഗ്രത കണ്ണിനെ കൂടെ കവിതയില്‍ ഉടനീളം കാണാം

ഉറക്കെ കുരയക്കാനറിയാത്ത പൊട്ടു തൊടുവിച്ച് സ്ത്രൈണതയിലേക്കെത്തിച്ച ടൈഗറിനെ ഓര്‍ക്കുമ്പോള്‍ പലരുടെയും മുഖം തെളിയുന്നത് യാദൃശ്ചികമാവാന്‍ വഴിയില്ല. നടുവില്‍ നീരൊഴുക്കുള്ള സമാന്തരമായ പാടവരമ്പിലൂടെയുള്ള കവിയുടെ സഞ്ചാരമുണ്ട്, അങ്ങോട്ട് ഇങ്ങോട്ട് എന്ന മട്ടില്‍. ഇടയ്ക്കെപ്പൊഴോ അനിലന്റെ കവിതകളില്‍ വേരോട്ടമുള്ള പ്രണയത്തിന്റെയും, കാമത്തിന്റെയും വളരെ നേര്‍ത്തതെങ്കിലും ശക്തമായ അടിയൊഴുക്കുകള്‍ പ്രകടമാണ്. അതു താനല്ലയോ ഇതെന്ന ഓര്‍മ്മപ്പെടുത്തല്‍!

കവിയക്കറിയാവുന്ന ചുവപ്പ് ചെമ്പരത്തിപ്പൂവിന്റേതല്ല എന്ന വരിയില്‍ തുടങ്ങി, കാവിയിലൂടെ കടന്ന് പച്ചയിലെത്തി നില്‍ക്കുന്ന വരികള്‍ ഈ കവിതയിലെ ഏറ്റവും ശക്തമായ വരികളായി സംവദിക്കുന്നുണ്ട്. ഹാറ്റ്സ് ഓഫ് അനിലന്‍.

മാഞ്ഞ് പോയെന്ന് കവി കരുതുന്ന ഓര്‍മ്മകളെ ചോദ്യം ചെയ്യുകയും അതേ സമയം മറന്നില്ലെന്ന് അവനവനെ ഓര്‍മ്മിപ്പിക്കയും ചെയ്യുന്ന വൈരുദ്ധ്യാത്മകത കവിതയുടെ അവസാനം വായനക്കാരനേയും സംശയാലുവാക്കുന്നുണ്ട്.
ഇതാണോ ഞാന്‍, ഇതാണോ വായിച്ചത്.

വിഷ്ണു പ്രസാദ് said...

പുതിയ ഈ കവിത എങ്ങനെ പഴയതായി?

umbachy said...

നമ്മള്‍ എവിടത്തുകാരാണ്?

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

നിങ്ങള്‍ നുണ പറയുകയാണ്‌
ഞാനിവിടത്തുകാരനല്ല


ഇവിടുത്തേയോ??? എവിടുത്തെ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

എനിക്ക് തല പെരുക്കുന്നു. ഞാന്‍ എവിടെയുമില്ലെന്നോ?
ചുവപ്പ്-ചെമ്പരത്തി, കാവി......?
കമ്യൂണിസ്റ്റ് പചയ്ക്കിടയില്‍ പാമ്പുകള്‍ സഞ്ചരിക്കാറേയുള്ളു, ഒളിച്ചിരിക്കാറില്ല.

കിഷോർ‍:Kishor said...

കൊള്ളാം!!

Mahi said...

ആഗോളതലത്തില്‍ തലകള്‍ എരിഞ്ഞുകൊണ്ടിരിക്കുകയാണെന്ന്‌ ഒരു സുഹൃത്ത്‌ പറഞ്ഞത്‌ ഓര്‍മ വരുന്നു.സ്വന്തം സ്വത്വം പോലും തിരിച്ചറിയാനാവാത്ത തരത്തിലുള്ള തീവ്രപരിശീലനങ്ങളുടെ ഈ കാലത്ത്‌ കവിതയിലൂടെ നാട്ടു വഴികളെ, അവിടത്തെ പച്ചപ്പുകളെ, ചരല്‍ക്കുന്നുകളെ, വീടിനെ നമ്മള്‍ പുനര്‍നിര്‍മിച്ചു കൊണ്ടിരിക്കണം ബാക്കിയുള്ളവരെങ്കിലും വഴിതെറ്റാതിരിക്കാന്‍.അനിലേട്ട നന്നായി എന്ന്‌ വെറുതെ പറഞ്ഞാല്‍ പോരാ

നസീര്‍ കടിക്കാട്‌ said...

നീ ഇവിടുത്തുകാരൻ തന്നെയാണ്…
നിന്നെ എങ്ങനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും
എനിക്കെന്നെത്തന്നെ ബോദ്ധ്യപ്പെടുത്താനാവുന്നില്ലല്ലൊ!

ബിനീഷ്‌തവനൂര്‍ said...

re-reading is essential

Sarija NS said...

ബോധാബോധങ്ങള്‍ക്കിടയില്‍ വന്നു പോകുന്ന വാക്കുകളും വരികളും ശക്തമാകുന്ന അവസഥ.
ഇനിയും മൂര്‍ച്ചയുള്ള വാക്കുകളുടെ പ്രവാഹം തുടരട്ടെ

ഗുപ്തന്‍ said...

കഴമ്പുള്ള ഒരു വായനക്കുറിപ്പ് വന്നാല്‍ പലപ്പോഴും കവിതാസ്വാദനം പുതിയ അനുഭവമായിത്തീരുന്നു.

മാഞ്ഞ് പോയെന്ന് കവി കരുതുന്ന ഓര്‍മ്മകളെ ചോദ്യം ചെയ്യുകയും അതേ സമയം മറന്നില്ലെന്ന് അവനവനെ ഓര്‍മ്മിപ്പിക്കയും ചെയ്യുന്ന വൈരുദ്ധ്യാത്മകത കവിതയുടെ അവസാനം വായനക്കാരനേയും സംശയാലുവാക്കുന്നുണ്ട്.

ഇത്തരമൊരു കമന്റിനു താഴെ മറ്റെന്ത് എഴുതാനാണ്?


സ്വത്വപ്രതിസന്ധിയില്‍ കുരുങ്ങിപ്പോകുന്ന സമകാലീന രാഷ്ട്രീയബോധങ്ങളെ ചോദ്യച്ചിഹ്നങ്ങളായി ആവാഹിച്ച കവിത.

Jayasree Lakshmy Kumar said...

ഭ്രമാത്മകതയ്ക്കിടെ സ്വത്വം തേടുന്ന വരികൾ

ശക്തം

അനിലൻ said...

വായിച്ചവരോടെല്ലാം സന്തോഷം..

smitha adharsh said...

നന്നായിരിക്കുന്നു..

വിശാഖ് ശങ്കര്‍ said...

ഗുപ്തന്‍ പറഞ്ഞപോലെ ആഴമുള്ള ആ വായനയ്ക്ക് അനോണിയ്ക്ക് നന്ദി.

അവസാന ഖണ്ഡികയില്‍നിന്ന് തിരികെ വായിച്ച് തലക്കെട്ട് വരെ എത്തുമ്പൊഴേയ്ക്കും വികാസത്തിന്റെ ഒരു ചക്രം പൂര്‍ത്തിയാക്കിയ ബിംബങ്ങള്‍ കൂടുതല്‍ സന്നിഗ്ധവും,സൂഷ്മവുമായ മറ്റു ചില മാനങ്ങള്‍ ആര്‍ജ്ജിക്കുന്നതു കാണാം.കൂടുതല്‍ കൂടുതല്‍ ആഴങ്ങളിലേയ്ക്ക് കവിത വായനയെ ക്ഷണിക്കുന്നതു കാണാം.

ശ്രമിച്ചുനോക്കാം എന്നല്ലതെ എന്തുപറയാന്‍...:)

Sureshkumar Punjhayil said...

Really nice... Best wishes...!!!

Kaithamullu said...

ഏറെക്കാലത്തിന് ശേഷം കവി നടത്തിയ ഒരു തിരിച്ച് വരവായി കാണുന്നു, ഞാനീക്കവിതയെ.

മതിഭ്രമം പെന്‍ഡുലമാടുന്ന മനസ്സില്‍ തെളിയുന്ന (തെളിയാത്തതും) ബിംബങ്ങള്‍ക്ക് എന്ത് ചൂട്, എന്ത് വെളിച്ചം!

ഈ ഭൂമിയില്‍ സമകാലീനനായി ഞാന്‍ ജീവിക്കുന്നു എന്ന് വിളിച്ച് പറയുകയും ചെയ്യുന്നൂണ്ട്, അനിലന്‍!

Latheesh Mohan said...

ശരീരത്തെക്കുറിച്ച് അവരൊന്നും പറഞ്ഞില്ലേ? അതിന്റെ പഴയ ശീലങ്ങളെക്കുറിച്ചും അതിന് കൂട്ടു കിടന്നവരെക്കുറിച്ചും?
അവര്‍ പറയാതിരുന്നാല്‍ കൂടി മറക്കാനിടയില്ല എന്നാണോ :)

ലേഖാവിജയ് said...

forgetfulness is a form of freedom..

Kumar Neelakandan © (Kumar NM) said...

വായിച്ചു തീര്‍ന്നപ്പോള്‍ തലയ്ക്കു പിന്നില്‍ ഒരടി കൊണ്ടു. തീവ്രപരിശീലന യൂണിറ്റുകളൊക്കെ “ഫുള്‍” ആണ്.