അച്ഛന്‍

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം

വീട്ടിലിരിപ്പുണ്ട്‌
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട്‌ മക്കനയിട്ട്‌
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ

പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന്‍ മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്‌
ഭയന്നു ഞാന്‍

ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ

എന്റെ ദൈവമേ!

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

ചങ്ങാതിയുടെ മകള്‍ക്ക്‌
പിറന്നാള്‍ സമ്മാനമായ്‌വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്‌,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു

31 comments:

അനിലൻ said...

ഒരച്ഛന്‍, പിന്നൊരു അച്ഛനും!

Kumar Neelakandan © (Kumar NM) said...

എന്റെ ദൈവമേ!

K.V Manikantan said...

:) അച്ഛന്‍
:( മറ്റൊരച്ഛന്‍
:( :( അച്ഛനല്ലാത്തൊരാള്‍ :)

Kaithamullu said...

“തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ....“

മാത്രമല്ല അനിലാ, ശത്രു കബിലയുമായുള്ള കുടിപ്പകക്ക് പകരം വീട്ടാനൊരാണ്‍‌തരി....?

ഞങ്ങളുടെ ഡ്രൈവറായിരുന്ന ഖാന്‍‌മീര്‍ നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പെഷവാറിലേക്ക് മടങ്ങിയത്. ഒരാഴ്ചക്ക് ശേഷമെത്തി അയാളുടെ മരണവാര്‍ത്ത.
-അവര്‍ കാത്തിരിക്കയായിരുന്നത്രേ!

Melethil said...

ജീവിതം മണക്കുന്ന കവിത, ചുടു മണല്‍ പോലെ പൊള്ളുന്ന മണം !!

ദേവസേന said...

“കവിതയിലെ
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു“ എന്നാക്കട്ടെ ഈ വരി.

ഒരു കഥ പറയട്ടെ.

വിവാഹം കഴിഞ്ഞ് ഗര്‍ഭിണിയാകാതിരുന്ന ഭാര്യക്കു വേണ്ടി പ്രാര്‍ത്ഥനകളും, നൊയമ്പുകളും
നടത്തി തളര്‍ന്ന ഒരാളുണ്ടായിരുന്നു. എന്നും കാണുന്ന ഒരാള്‍. പെണ്‍കുട്ടിയെ വേണമെന്ന് നിര്‍ബന്ധ പിടിച്ചിരുന്ന ഒരു പച്ചമലയാളി. ആറാമത്തെ കൊല്ലം പെണ്ണു ഗര്‍ഭിണിയായി. ആറ്റു നോറ്റു കായ്ച്ച മരത്തിന്റെ ഓരോ ദിവസങ്ങളിലെയും വിശേഷങ്ങള്‍ അതാതു ദിവസങ്ങളില്‍ പറഞ്ഞ് ഞങ്ങള്‍ ഒരു ചെറുസംഘം അതിരറ്റു സന്തോഷിച്ചു. മാസങ്ങള്‍ കടന്നു.

‘സഫറോണ്‍ കഴിക്കണം മോള്‍ക്ക് നല്ല നിറമുണ്ടാവട്ടെ.
പെണ്‍കുട്ടികളുടെ പേരുകളുടെ ഒരു ലിസ്റ്റുണ്ടാക്കാം.
K.M. Trading തന്നെയാണു പെണ്ണുടുപ്പുകള്‍ക്ക് നല്ലത്..
ഹൃദയം തുറന്ന് അഭിപ്രായങ്ങള്‍ അറിയിച്ചു.

പക്ഷേ, 8-ആം മാസമവന്‍ പറഞ്ഞു.
‘പെണ്ണു വേണ്ടാ ആണു മതി‘

ആണു പിറന്നാലത്തെ ഗുണഗണങ്ങളെക്കുറിച്ച്
സുദീര്‍ഘമായ വാചക പയറ്റ് നടത്തി
ഞങ്ങള്‍ കേള്‍വിക്കാരെ നിശബ്ദരാക്കി / മണ്ടരാക്കി.

അദ്ദേഹത്തിന്റെ ഇച്ഛാനുസരണം ‘ആണ്‍’ പിറക്കുകയും
വിതരണം നടത്തിയ മിഠായി രുചിച്ചുകഴിക്കുകയും
കഥയവസാനിക്കുകയും ചെയ്തു.

Mahi said...

അച്ഛനായിട്ടില്ലെങ്കിലും മകളെ കൊതിക്കുന്നൊരീയച്ഛനും

ഗുപ്തന്‍ said...

അയാള്‍ക്ക് പിറന്നവരെല്ലെങ്കിലും അയാളുടെ കയ്യില്‍ നിന്ന് തോക്ക് വാങ്ങിയ ആണ്‍തരികള്‍ അഞ്ചുകുഞ്ഞുങ്ങളെയും വേട്ടയാടിക്കൊള്ളും ...

**********


ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

ഇതുപോലെയുള്ള വളവുകളില്‍ പഴയ കവിത പൂത്തും തളിര്‍ത്തും പതുങ്ങി നില്‍ക്കുന്നുണ്ട് ;) ചിലരെ മടുപ്പിച്ചേക്കും :))

Nachiketh said...

ഓര്‍മ്മ വരുന്നു

അഞ്ചാമതും പിറന്ന പെണ്‍കുഞ്ഞിനു നിരാശയെന്നു പേരിട്ട...അച് ഛനെ..........

[ nardnahc hsemus ] said...

രണ്ട് പെണ്‍കുട്ടികളുണ്ടെനിയ്ക്ക്!
രണ്ടു മാലാഖമാര്‍ !
സ്നേഹത്തിന്റെ ജീവനുള്ള ആള്‍ രൂപങ്ങള്‍!
.........................

ഇന്നത്തെ പെണ്‍കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത എന്തെങ്കിലും ഈ കവിതയില്‍ പറഞ്ഞതായി ഇനിയും എനിയ്ക്കു തിരിഞ്ഞില്ല.. മയിയാഞ്ചിയും മക്കനയും തീറ്റയും കൊടുത്താല്‍ എല്ലാമായി എന്നു കരുതുന്ന ഇത്തരം അച്ഛന്മാര്‍ക്കു (സോ കാള്‍ഡ് ആണ്‍ തരി) പകരം പെണ്‍ തരികള്‍ തന്നെയല്ലെ നല്ലത്?
:)

മുസ്തഫ|musthapha said...

ഒരിക്കല് ഇവിടെ ഞാനും കണ്ടുമുട്ടിയിരുന്നു വേറൊരു അച്ഛനെ(!)

സുല്‍ |Sul said...

പനിചേട്ടാ
കവിത കൊള്ളാം.

അച്ഛന്മാരെ നിര്‍വചിക്കാനാവില്ല,
ഇപ്പോള്‍
അമ്മമാരെയും.

-സുല്‍

പകല്‍കിനാവന്‍ | daYdreaMer said...

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

രാകി മിനുക്കി മൂര്‍ച്ച കൂട്ടിയ ഈ വാക്കുകളുടെ പെരുമഴക്ക് പുതുവത്സരാശംസകള്‍ ...
പുതു വര്‍ഷത്തില്‍ നല്ല എഴുത്തുകള്‍ പിറക്കട്ടെ....

ടി.പി.വിനോദ് said...

വായിക്കുമ്പോഴും ചുടുമണല്‍ തൊണ്ടയില്‍..

പാറുക്കുട്ടി said...

നല്ല പോസ്റ്റ്.

ഇപ്പോഴും ഈ ചിന്ത വച്ചു പുലർത്തുന്നവർ ഉണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ. എനിക്ക് രണ്ട് പെണ്മക്കളാണ്. എന്റെ ജീവന്റെ ജീവൻ.

പാമരന്‍ said...

തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു.........

നജൂസ്‌ said...
This comment has been removed by the author.
നജൂസ്‌ said...

തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ....

ഇതൊരു വിലാപമാണനിലാ...
ആണില്ലാതെയാവുന്നതിന്റെ...

Ranjith chemmad / ചെമ്മാടൻ said...

പെഷവാറിന്നീയിടെ
മക്കനയിട്ട മൊഞ്ചത്തികളും....
സ്വര്‍ഗ്ഗത്തിന്റെ മൊയ്ലാളിമാര്‍‍
തലച്ചോറില്‍ നീലം‌മുക്കി പറഞ്ഞയയ്ക്കുന്ന
മൊഞ്ചത്തികള്‍ അതിര്‍ത്തികളിലെ
കുന്നുകളില്‍ രാപ്പാര്‍ക്കാറുണ്ടത്രേ....
ആണ്‍തരികള്‍ക്ക് കഴിയാത്ത
ശരീര വിനിമയം!!!
ഒന്ന് പൊള്ളി വായിച്ചപ്പോള്‍...
വായില്‍ ഒരു ചുടു മണല്‍ക്കാറ്റ്!!!

ജ്യോനവന്‍ said...

പൊള്ളുന്ന ജീവിതങ്ങളെ
പൊള്ളിച്ചെടുത്ത കവിത!

ലേഖാവിജയ് said...

ചെറിയ മണ്‍കൂരക്കുള്ളില്‍ മുതിര്‍ന്ന പെണ്മക്കളെ മുട്ടീട്ട് സ്വൈര്യം നഷ്ടപ്പെട്ട അച്ഛന്‍ ഓരോരുത്തരെയായി പീഡിപ്പിച്ചു രസിച്ചതിന്റെ വാര്‍ത്ത ഈയിടെ ഏതോ ചാനലില്‍ കേട്ടു.പെണ്ണെന്നറിഞ്ഞാല്‍ പിറക്കാന്‍ കൂടി അനുവദിക്കില്ല.ഇനി പിറന്നാല്‍ കിട്ടുന്ന കാശിനു വില്‍ക്കും;പെഷവാറിലല്ല ഇന്ത്യയില്‍.എന്തു ചെയ്യാന്‍?എല്ലാ അഛന്മാരും ഒരേപോലെയല്ല എന്നു ആശ്വസിക്കുക തന്നെ.

Anonymous said...

അഛനെന്നു ചിറകൊതുക്കുമ്പോള്‍ തന്നെ കാമുകനായി ചിറകു വിരിച്ച് പറക്കുകയും ല്ലെ? :)

എം.എച്ച്.സഹീര്‍ said...

മൂര്‍ച്ചയുള്ള ഒരു തണുപ്പ്‌ പിന്‍ കഴുത്തില്‍ നിന്നും ഹൃദയത്തെ നനയ്ക്കുമ്പോഴുണ്ടാകുന്ന ഒരു പിടപ്പ്‌ വരികളില്‍ മറഞ്ഞിരിക്കുന്നത്‌ അറിയുന്നു. നന്നായി...

അനിലൻ said...

എല്ലാരോടും സന്തോഷം... നവവത്സരാശംസകള്‍
അനോണീ... ചിറകോ? ഉണ്ടോ???

Kuzhur Wilson said...

ഇയ്യോബ്, അദ്ധ്യായം3

sandeep salim (Sub Editor(Deepika Daily)) said...

മനസിനെ വല്ലാതെ പൊളളിച്ചു.... ആദ്യം വായിച്ചപ്പോള്‍ വല്ലാത്ത വെറുപ്പ്‌ തോന്നി..... എന്നാല്‍ ഇപ്പോള്‍ ആ അച്ഛനോട്‌ വല്ലാത്തൊരിഷ്ടം..... നന്ദി...
മംഗളാശംസകളോടെ
സന്ദീപ്‌ സലിം

മാണിക്യം said...

ശരിയാ‍ണ് , ഈ രീതിയില്‍ ചിന്തിക്കുകയും പെണ്ണീനെ പെറ്റു കൂട്ടുന്നു എന്ന് കുറ്റം ചുമത്തി മൂന്നാം പ്രസവം കഴിഞ്ഞപ്പോള്‍ ഭാര്യയെ ഉപേക്ഷിച്ച ആളെ അറിയാം ..
കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കുന്നത് അഛനില്‍ നിന്നാണന്ന വസ്തുത എത്രപേര്‍ക്കറിയാം?

മരുമക്കത്തായം നില നിന്ന കാലത്ത്
ആദ്യത്തെ കുട്ടി പെണ്ണായി ജനിക്കുന്നത് കുടുംബത്തിന്‍ ഐശ്വര്യം എന്ന് കരുതി പോന്നു,
അതാണ് സത്യവും. പെണ്‍കുട്ടിയില്ലാങ്കില്‍ അറിയാം വിഷമം, പിന്നെ ആണായാലും പെണ്ണായാലും സ്നേഹിക്കാനുള്ള ഒരു മനസ്സാ‍ണ്
വേണ്ടത്.
“അച്ഛന്‍” നല്ല ചിന്ത ...

സെറീന said...

എന്‍റെ ഉള്ളിലും ഉറക്കത്തില്‍ നിന്നുണര്‍ന്ന പോലൊരു കരച്ചില്‍...

ദിനേശന്‍ വരിക്കോളി said...

ജീവിതത്തെ
പച്ചയായി പലപ്പോഴും വായിക്കേണ്ടിവരുമ്പോള്‍
അപ്രതീക്ഷിതമായ സംഭവത്തിലേയ്ക്ക് അറിയാതെ ചെന്നുപെട്ടനെടുവീര്‍പ്പോ വിങ്ങലോ എന്താവും
പ്രിയ കവെ,
വായനക്കിടയില്‍
ഞാന്‍ സമാധിയായ്.
സസ്നേഹം
ദിനേശന്‍‌ വരിക്കോളി

Kaippally said...

തകർത്തു അനിലെ തകർത്തു. ഒരുപാടു് ഇഷ്ടപ്പെട്ടു

ഗൗരി നന്ദന said...

വല്ലാതെ പൊള്ളിച്ച മറ്റൊരു വായന...!! ഇപ്പോഴും അധ:കൃത വര്‍ഗമാവുന്നു പെണ്ണ്!!
മറ്റൊരു വശം കൂടിയുണ്ട്...അരക്ഷിത ലോകത്തില്‍ വന്നു പിറക്കാതിരിക്കുന്നത് തന്നെ നല്ലത്.ആര്‍ക്കാവും കാത്തു സൂക്ഷിക്കാന്‍???
നന്ദി....