സെമിത്തേരിയിലെ നട്ടുച്ച

നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
എന്നൊരു പാഠമുണ്ടായിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നട്ടുച്ച മാത്രമാണവിടത്തെ നേരം
വെയില്‍ മാത്രം കാലാവസ്ഥയും

ക്ഷാമപ്രദേശത്തേയ്ക്ക്‌
മരുന്നും വസ്ത്രവുമായി വരുന്ന
കപ്പലും കാത്ത്
തുറമുഖത്തു നില്‍ക്കുന്ന
ഒരാളെപ്പോലുണ്ട്‌
നിന്റെ നില്‍പ്പിലെ അവശതയും
നോട്ടവും

കൈ വിറച്ചു വിറച്ച്‌,
മുറുകെപ്പിടിച്ചിരുന്ന
രണ്ടു പനിനീര്‍പ്പൂക്കളുടേയും
ഇതളുകള്‍ക്കൊപ്പം
നീയും താഴെ വീണു പോയെങ്കിലോ
എന്ന ഭയമെനിക്കുണ്ടായിരുന്നു

മുറുകെപ്പിടിച്ചപ്പോള്‍
‍പിടിവിടല്ലേ വിടല്ലേ എന്ന്
നിന്റെ കൈകള്‍
കരഞ്ഞുകൊണ്ടേ ഇരിക്കുന്നത്‌
നീ അറിയുന്നുണ്ടായിരുന്നോ?

ഒരാള്‍ക്കു നില്‍ക്കാവുന്ന നിഴല്‍
എനിയ്ക്കുണ്ടായിരുന്നെങ്കില്‍
നിന്നെ ഞാന്‍ അതിന്റെ
ചുവടെ നിര്‍ത്തുമായിരുന്നു

സെമിത്തേരിയില്‍ കാറ്റു വീശുന്നില്ല
ചെറുമരക്കൊമ്പിലെ ഇലകള്‍
എന്തിന്റേയോ അടയാളങ്ങള്‍
‍കാറ്റെന്നു കാണിച്ചു തന്നു
ദിനവും പലതവണ മരിക്കുന്ന
നമ്മളോട്‌ സഹതപിക്കുന്നതുപോലെ‌

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌!
നീ കണ്ണും ചെവിയുമോര്‍ക്കുന്നത്‌
കണ്ടാലറിയാം
പറഞ്ഞു തീര്‍ന്നിട്ടില്ലാത്ത പലതുമാണ്‌
കാണുന്നതും കേള്‍ക്കുന്നതുമെന്ന്

പൊന്നുപണിക്കാരുടെ
പണിയിടങ്ങളില്‍ വന്ന്
തമിഴന്മാര്‍ മണലില്‍നിന്ന്
പൊന്‍തരികള്‍ അരിച്ചെടുക്കുന്നതുപോലെ
കളഞ്ഞുപോയ ഒരു പാട്ട്‌
പലകുറി ജലമാവര്‍ത്തിച്ച്‌
നീ അരിച്ചെടുക്കുകയാണോ?

കല്ലറയില്‍ കുനിഞ്ഞുമ്മവയ്ക്കുമ്പോള്‍
‍ചുട്ടുപൊള്ളുന്ന സിമന്റ്‌
നിന്റെ ചുണ്ടുകളോട്‌
എന്തെങ്കിലും പറഞ്ഞുവോ‌?

14 comments:

അനിലൻ said...

സെമിത്തേരിയിലെ നട്ടുച്ചകള്‍ക്ക്!

സമാന്തരന്‍ said...

ജലമാവര്‍ത്തിച്ച് നീ പാകപ്പെടുത്തി
കേട്ട പാട്ടും കണ്ട ചിഹ്നങ്ങളും...

Ranjith chemmad / ചെമ്മാടൻ said...

നീണ്ടുകിടക്കുന്ന ഓരോ വരികളും...
കുറുകിക്കുറുകി എന്നിലേക്കാവേശിക്കുന്നു...
"പലകുറി ആവര്‍ത്തിച്ച്‌
അരിച്ചെടുക്കുമ്പോള്‍"
കവിതയുടെ പൊന്നരി!

നജൂസ്‌ said...

“എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല“
എന്നാണോ പറഞ്ഞത്‌...
അറിയില്ല,
അപ്പോഴേക്കും പൊള്ളിയ ചുണ്ടുകള്‍
പിന്‍‌വാങിയിരുന്നു.....

ദേവസേന said...

ഉച്ച നേരത്തെ ഇലയിളക്കം
ആത്മാവുകളുടെ വര്‍ത്തമാനമാണെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?
ഇല്ലെങ്കില്‍ ഉണ്ട്‌! "

എത്ര മനോഹരമായി നീ പലതും പറഞ്ഞിരിക്കുന്നു

Pramod.KM said...

ഒരാള്‍ക്ക്‌ നിഴല്‍പോലും കൂട്ടിനില്ലെന്ന് സെമിത്തേരി...

നസീര്‍ കടിക്കാട്‌ said...

കവിതയാണത്രെ കവിത...
മിണ്ടിപ്പോകരുത്

ഗുപ്തന്‍ said...

സ്ത്രീകളോടൊപ്പം ശവക്കോട്ട സന്ദര്‍ശിക്കെ
ചായക്ക് സമയമായി; അപരാഹ്നം
പൊയ്പ്പോയി; വരുന്നൂ
പുതിയൊരു പ്രണയം തുടങ്ങുവാനും
ഒപ്പം അവസാനിപ്പിക്കാനുമുള്ള കാലം.

സമയമങ്ങനെ പോകും; അടയാളങ്ങള്‍ നമ്മളെന്തെങ്കിലും അവശേഷിപ്പിക്കുമോ
അറിയാതെങ്കിലും?
മഹാപിരമിഡില്‍ മറഞ്ഞിരിക്കുന്ന
ഒരു ശിലാഖണ്ഡം; ഒരു കുടത്തില്‍
അസ്ഥിയുടെ ശകലം?


ഇതലോ കല്‍‌വീനോ (Italo Calvino)-യുടെ കവിതയാണ്. ഇംഗ്ലീഷ് പരിഭാഷയുണ്ടെന്ന് തോന്നുന്നില്ല. എന്തോ ഇതോര്‍മവന്നു വായിച്ചപ്പോള്‍ .

*****************

ഒരു പകുതി ഓര്‍മയും ഒരുപകുതി കവിതയും എന്ന് തോന്നി. ഓര്‍മപ്പകുതി മനസ്സില്‍ വച്ചിട്ട് കവിതപ്പകുതി മാത്രം എഴുതിയെങ്കില്‍ മൂര്‍ച്ച കൂടിയേനേ :)

അനിലൻ said...

സമാന്തരന്‍,രണ്‍ജിത്,നജൂസ്,ദേവസേന,പ്രമോദ് - സന്തോഷം

നസീര്‍ - മിണ്ടൂല്ല.

ഗുപ്തന്‍ - ഇംഗ്ലീഷ് പരിഭാഷയുണ്ടോന്ന് നോക്കണേ. ഓര്‍മ്മപ്പകുതി ഓര്‍മ്മയില്ലാപ്പകുതിയില്‍ കുത്തിനിറക്കാന്‍ നോക്കുന്നതല്ലേ പലപ്പോഴും എഴുത്ത് :)

ജ്യോനവന്‍ said...

കവിയും കവിതയും ഞാനും
ഒരു നേര്‍‌രേഖയില്‍ വരുമ്പോള്‍........

പഴയ തലക്കെട്ട് മാറ്റേണ്ടി വരും
:)

[ nardnahc hsemus ] said...

രണ്ടു മൂന്ന് പ്രാവശ്യം കമന്റ് ബോക്സിന്റെയടുത്ത് വന്നിട്ടും ക്ലോസ് ചെയ്ത് തിരികെ പോയി.. എന്തെഴുതും? അല്ലെങ്കില്‍ എന്തെഴുതാന്‍?
എന്റെ നിഴലുകള്‍ എന്നിലേക്ക് തന്നെ ചുരുക്കി ഞാനും പോണൂ...

ഒന്ന് പറയട്ടെ,
എനിയ്ക്കാ ഉണ്ടോ? ഇല്ലെങ്കില്‍ ഉണ്ട്‌! പ്രയോഗവും അതിന്റെ റിപീറ്റേഷനും നന്നായി പിടിച്ചു...

സങ്കടവും വേദനയും വേര്‍പിരിയലും ഒക്കെ കൂട്ടിക്കുഴച്ച് നട്ടുച്ചയിലുണക്കാനിട്ട ഒരു കവിത :)

Mahi said...

നിഴലുകള്‍
‍അവനനവനിലേയ്ക്കു മാത്രം
നീളുകയോ ചുരുങ്ങുകയോ
ചെയ്യുന്ന സ്ഥലത്തെയാണ്‌
സെമിത്തേരി എന്നു വിളിക്കുക
കാത്തിരിക്കുകയായിരുന്നു വായിച്ചു പോയപ്പോള്‍ രണ്ട്‌ പനിനീര്‍ പൂവിന്റെ ഇതളുകള്‍ക്കൂപ്പം ഞാനും വീണുപോയേക്കുമൊയെന്ന്‌ വല്ലാത്തൊരു ശ്രുതി മനസില്‍ മുറുകി മീളുന്നു

അനിലൻ said...

ജ്യോ, സുമേഷ്, മഹി - സന്തോഷം

ഏറുമാടം മാസിക said...

സെമിത്തേരിയിലെ
നട്ടുച്ച്ച്ചകള്ക്ക് എന്തൊരു
തിണര്‍പ്പ്.നന്നായി.
നല്ല കവിത.