സ്കൂളിനെക്കുറിച്ച്‌

സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!

21 comments:

അനിലൻ said...

:(

പാര്‍ത്ഥന്‍ said...

പഞ്ചേന്ദ്രിയങ്ങളിലൂടെയുള്ള അനുഭവങ്ങളാണ് അറിവ്‌.
വിശപ്പിനെ പ്രകടിപ്പിക്കാൻ പഞ്ചേന്ദ്രിയങ്ങളിൽ നിന്നും ലഭിക്കുന്ന അറിവ്‌ മതിയാവില്ല.

ജ്യോനവന്‍ said...

ഒരിക്കല്‍ എഴുതാതിരിക്കാനാവില്ല. നിശ്ചയം.

Anonymous said...

നസീര്‍ കടിക്കാടിന് പഠിക്കേണാ ?

അനിലൻ said...

അതേ അനോണീ
നസീര്‍ കടിക്കാടിന് എന്നായിരുന്നു ശീര്‍ഷകം ആദ്യം വിചാരിച്ചത്. കടിക്കാടിന്റെ ഒരു കവിതയ്ക്ക് കമന്റെഴുതാനിരുന്നതാ.. എഴുതിയെഴുതി ഇങ്ങനെയായിപ്പോയി :)

ഹന്‍ല്ലലത്ത് Hanllalath said...

എഴുതാന്‍ കൊതിച്ചിട്ടും കഴിയാതിരിക്കുന്ന ഓര്‍മ്മകളെക്കാള്‍ അസ്വസ്ഥമാക്കുന്നത് ഒന്നുമില്ല...!

നസീര്‍ കടിക്കാട്‌ said...

അനിലിന് എന്നെ പഠിക്കേണ്ടി വരില്ല.
ഈ മറിച്ചിട്ടുകൊണ്ടുള്ള എഴുത്ത് കൊതിപ്പിക്കുന്നുണ്ട്.
വാക്കിന്റെ ആശാരിപ്പണി!

Anonymous said...

നസീര്‍ വിനയന്‍

പകല്‍കിനാവന്‍ | daYdreaMer said...

ഓര്‍മ വരുന്നുണ്ട് ഇതുപോലെ കുറെ കൂട്ടുകാരെ .. ഉള്ളിലൊരു നീറ്റലും.. ...
(എഴുതാന്‍ പറ്റുന്നില്ലെങ്കിലും..)

നസീര്‍ കടിക്കാട്‌ said...

ഒടുക്കത്തെ വരി:
“പഠിച്ചില്ലിതു വരെ“
എന്നിട്ടും മനസ്സിലാവാത്തവര്‍ക്ക്
മലയാളത്തില്‍ രാഘവന്‍ മാഷുടെ
ഒരു ക്‌ളാസ്സുണ്ട്
വൈലോപ്പിള്ളിയുടെ “കുടിയൊഴിക്കല്‍“
അഞ്ചാമത്തെ പീരിയഡില്‍...

Anonymous said...

നസീര്‍ വിനയനല്ല. സമ്മതിച്ചു :)

പാര്‍ത്ഥന്‍ said...

‘കുടിയൊഴിക്കൽ’
എഴുതിയ മഹാന്റെ
കുഴിയൊഴിപ്പിച്ചതും
ഈ പ്രബുദ്ധ കേരളം തന്നെ.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എത്ര പഠിച്ചാലും ഒന്നും അറീയാത്തവരായിത്തന്നെ തുടരും പലപ്പോഴും

അനിലൻ said...

പാര്‍ത്ഥന്‍, ജ്യോ,അനോണി,ഹന്‍ലല്ലത്,നസീര്‍, പകലോന്‍, പ്രിയ - ഹാജരായതില്‍ സന്തോഷം.

Anonymous said...

വിശപ്പ് പക്ഷേ വിശപ്പാണ്..........എത്ര അറിഞ്ഞാലും അറിയാന്‍ ശ്രമിച്ചാലും.....

ഹരിശ്രീ said...

:)

പാവപ്പെട്ടവൻ said...

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും

വിശപ്പിന്‍റെ വേദനകളിലേക്കു ഒരു ഓര്‍മ്മ

naakila said...

പ്രിയ അനില്‍കുമാര്‍
ഇഷ്ടപ്പെട്ടു ഈ വിത
നാക്കിലയിലും വരൂ
www.naakila.blogspot.com
സസ്നേഹം

Anonymous said...

Ethra Bhaashakalaayi
100 Avumbol Parayane

അനിലൻ said...

അനോണികള്‍, ഹരിശ്രീ, പാവപ്പെട്ടവന്‍ - സന്തോഷം
അനീഷ് - നാക്കിലയില്‍ വരാറുണ്ട്, സമകാലികകവിതയില്‍ എന്നെക്കണ്ടു, സന്തോഷം.

Raji Chandrasekhar said...

ഹാജര്‍ സര്‍.

നന്നായിരിക്കുന്നു