അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!

35 comments:

അനിലൻ said...

അമ്പത് ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാംനാള്‍

ശോഭ said...

അമ്പത് ഡിഗ്രി ചൂടില്‍ ഉണങുന്നവന്റെ ഏഴാം നാള്‍
really good!
തലക്കെട്ടു മാത്രം മതി

kichu / കിച്ചു said...

അനില്‍..

ചൂട് അമ്പതേ ഉള്ളോ‍ാ..
അല്ല അതില്‍ കൂടുതല്‍ ഫീല്‍ ചെയ്യുന്നു.

Anonymous said...

തലക്കെട്ടു മാത്രം മതിയോ, കവിത വേണ്ടേ !

t.a.sasi said...

അപ്പുറം ഇപ്പുറം
നില്ല്കും രണ്ടു മരക്കൊമ്പുകളും
അതില്‍ നിന്നും രണ്ടു കയറുകളും
താഴ്ന്നു വരുന്നു
രണ്ടു കറുത്ത കാലുകളില്‍ കെട്ടി
താഴ്‌ന്ന കൊമ്പുകളെ
മേലോട്ട് വിടുന്നു ..

ശോഭ said...

wow!!
തലക്കെട്ടിലുമുണ്ടടേയ് ഒരു കവിത............

Kaithamullu said...

വിദേശരാജ്യത്ത് ജീവിക്കുകയെന്നാല്‍ താഴെ വല വിരിക്കാതെ നടത്തുന്ന ഒരു ഞാണിന്മേല്‍ക്കണിയാണെന്ന് മിലന്‍ കുന്ദേര.

ഇതോ:
വിദേശം,രാത്രി,പബ്..
കൂടെ രാക്ഷസഗീതം,മദ്യം,മദിര‍...

-എന്നിട്ടും 50 ഡിഗ്രി?

(കവിതയുടെ ക്രാഫ്റ്റ് മറന്ന് കൊണ്ടല്ല ഈ കമെന്റ് എന്ന് മനസ്സിലാക്കുമല്ലോ?)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

വാ മ്മ്ക്ക് ഓരോ ബിയറടിക്കാം..

ഗുപ്തന്‍ said...

കുറവന്‍ പാട്ട്..

നീല വെളിച്ചം..

യക്ഷി...

ചോര..

ലഹരി...

!!!!!

രാപ്പന..

രാപ്പനി!

ലേഖാവിജയ് said...

ഞാനീ കവിത വായിച്ചതേയില്ല.ഇവിടെ എന്റെ നാട്ടില്‍ മഴയാണ്.

ഹന്‍ല്ലലത്ത് Hanllalath said...

കൊള്ളാം...

ജ്യോനവന്‍ said...

കലക്കന്‍ കവിത
തലക്കെട്ടല്ല, കുറച്ചു താഴെ കണ്ണുകളാണവ!

അനിലൻ said...

എല്ലാവര്‍ക്കും നന്ദി

പൂക്കൈതേ - 52ഡിഗ്രി ചൂടിന്റെ സൂചി അമ്പതിനു താഴെ ക്രമീകരിച്ചു വയ്ക്കുന്ന വര്‍ക്ക് സൈറ്റുകള്‍ ഉണ്ട്‍. അവിടെ ആറുനാള്‍ ഉണങ്ങുന്നവരെക്കുറിച്ചാണ് പറയാന്‍ നോക്കിയത്. അവര്‍ക്ക് കളിക്കാന്‍ ഞാണ്‍ പോലുമുണ്ടോ എന്നു സംശയമാണ്.

പാര്‍ത്ഥന്‍ said...

50 ഡിഗ്രിയിൽ വെന്ത ജനനേന്ദ്രിയങ്ങൾ.

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം...

നജൂസ്‌ said...

ഹോട്ട്‌ ഡോങ്കീസ്‌!

സെറീന said...

സദാ നിന്നെയിങ്ങനെ കവിതയിലേയ്ക്ക്
ഉരുക്കട്ടെ ഉള്ളിലെ ഒഴിയാ ലോഹ ദ്രവം.

Anonymous said...

full off :

ഇപ്പത്തന്നെ ഒന്നും ബാക്കീല്ല, അതിനിടയ്ക്കാ ഒഴിയാ ലോഹദ്രവം.പലരും പലതും പറയും, ഇനി ബാറില്‍ പോയാല്‍ മുട്ട് കാല് തല്ലിയൊടിക്കും.പൂക്കൈതയോടും കൂടാ കേട്ടല്ലോ !

ഗുപ്തന്‍ said...

കണ്ടാ... സ്നേഹോള്ളവരും ഒണ്ട്!

Anonymous said...

കള്ളല്ലാത്ത ഒരു ലോഹദ്രവമുണ്ട്
മനുഷേമ്മാരുടെ ഉള്ളില്‍...

അനിലൻ said...

പാര്‍ത്ഥന്‍ - അതന്നെ!
അനോണികളേ - :)

എല്ലാര്‍ക്കും നന്ദി.

Dinkan said...

അനിലന്‍ എഴുതിയ കവിതകളില്‍ മികച്ചതെന്ന് പറയാവുന്ന ഒന്ന്. മുന്‍‌കവിതകളില്‍ രാഷ്ട്രീയം പ്രത്യക്ഷ രൂപകങ്ങളായി എഴുതിയിട്ടുണ്ടെങ്കിലും ഇത്രയേറേ രാഷ്ട്രീയം കൈകാര്യം ചെയ്ത ഒന്നുണ്ടൊ എന്ന് സംശയമാണ്‌.

കീഴാളന്റെ/കറുത്തവന്റെ സംഗീതം എന്നൊരു ചുവ സൃഷ്‌ടിക്കുന്ന ആ ബിയര്‍‌ചവര്‍പ്പുണ്ടല്ലോ അത് കുടിച്ചിറക്കാന്‍ കഴിയാത്തവനോടൊക്കെ പോയി പണി നോക്കാന്‍ പറയണം.
*ചെഗുവേരയുടെ പടം ടി-ഷര്‍ട്ടില്‍ പതിച്ച അരാജക ആടുകള്‍ക്ക് അങ്ങാടിയറിയുമൊ ആവോ?

പല്ലുകൊഴിഞ്ഞ് ഇന്ദ്രന്‍സും, ഒറ്റക്കൊമ്പുള്ള പെണ്ണും എല്ലാം ചേര്‍ന്ന് രാത്രിപ്പുഴുക്കത്തിന്റെ അശ്ലീലതയില്‍ അധികാരത്തോറ്റ് പുലര്‍ത്തുന്ന വികാരം തന്നെയാണ്‌ കവിതയുടെ കാതല്‍


* After Fidel Castro established his communist dictatorship, Che Guevara suggested ban on jazz and rock&roll, which he saw as "imperialist music"

എന്നാല്‍ ജാസ് മ്യൂസിക് എന്നത് African American കമ്യൂണിറ്റിയുടെ കീഴാള വാദ്യം ആയിരുന്നു എന്നതാണ്‌ സത്യം. തുപ്പേണ്ടി വരുന്നത് കപ്പലണ്ടി പല്ലുകളാണ്‌.

പകല്‍കിനാവന്‍ | daYdreaMer said...

എഴാം നാള്‍ പാട്ടിനും നൃത്തത്തിനും ഒപ്പം അനിലിന്റെ കവിതാ മാജിക്കും... :)

നസീര്‍ കടിക്കാട്‌ said...

കീഴാഴം
മൂത്രം

Anonymous said...

ഈ ഒണക്കക്കവിതക്കാണോ കിടലൻ, കലക്കൻ എന്നൊക്കൊ പറയുന്നത്.

കലക്കി. ..........തെളിയും.

സോറി ഞാന്‍‍ ഇവിടെ വന്നിട്ടേയില്ല.

naakila said...

Kavitha kollam
Entoru choodu

Mahi said...

തിരിക്കിനിടയിലും ഇവിടെ രണ്ടു മൂന്നു തവണ വന്നു ഈ കവിത വായിക്കുവാന്‍ എന്താണെഴുതുക.ഇപ്പോഴും എന്തൊക്കയൊ എഴുതി പോകുന്നു.അപ്പോഴും അതൊന്നുമാവുന്നില്ല ഈ കവിതയില്‍ ഞാന്‍ വായിച്ചതും അനുഭവിച്ചതും

sHihab mOgraL said...

കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌

കൊള്ളാം അനില്‍..

ചേച്ചിപ്പെണ്ണ്‍ said...

ആരേലും നിര്‍ബന്തിച്ച്ച്ചു അവിടെ കൊണ്ടോയതാണോ ?
അതോ എഴാം നാള്‍ അവിടെ പോയെ ഒക്കൂ എന്ന് നിയമം വല്ലോമോണ്ടോ ?
ലേഖ എഴുതിയത് പോലെ ഇവിടെ മഴ പെയ്യുകയാണ് ....
( മഴക്കാലത്ത് എഴാം നാള്‍ എന്ന് ഇവിടുള്ളവര്‍ക്ക് എഴുതാമല്ലോ ...)
അമരത്തില്‍ ലളിതച്ച്ചെച്ച്ചി പറേണ പോലെ ....

അനിലൻ said...

പാര്‍ത്ഥന്‍
വാഴക്കോടന്‍
നജൂസ്
സെറീന
പകലന്‍
ഡിങ്കന്‍
നസീര്‍
അനീഷ്
മഹി
ശിഹാബ്
ചേച്ചിപ്പെണ്ണ്
അനോണികള്‍
എല്ലാവര്‍ക്കും നന്ദി
സന്തോഷം

ഹാരിസ് നെന്മേനി said...

It is hot..really..wonderfully well said..

അനിലൻ said...

thanks nenmeni

ദിനേശന്‍ വരിക്കോളി said...

പ്രിയ കവെ എന്താണ് പറയുക ...
രാപ്പനിഎന്നെപിടികൂടി ....
നിങ്ങളുടെ കവിതയുടെ രൂപത്തില്‍ ..

''രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം! ''
--ആശംസകള്‍......

kureeppuzhasreekumar said...

അനിലിന്റെ കവിതകള്‍ വായിക്കുന്പോള്‍ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നത് പോലെ

kureeppuzhasreekumar said...

അനിലിന്റെ കവിതകള്‍ വായിക്കുന്പോള്‍ ഒരു ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നത് പോലെ