മരം



പടയാളികള്‍
തണലില്‍ തമ്പടിച്ചിരുന്നു
പോകുമ്പോള്‍
കൊമ്പും കുളമ്പുമെടുത്തു

വിശ്രമിക്കാന്‍
ഭാണ്ഡമിറക്കിയ വണിക്കുകള്‍
മൂക്കും മുലയുമരിഞ്ഞു

എന്നിട്ടും,
മരമായ മരമൊക്കെ
പൂക്കുന്ന കാലത്ത്
കൊമ്പില്ലാ കുളമ്പില്ലാ
മൂക്കില്ലാ മുലയില്ലാ മരത്തില്‍
നിറം നിറഞ്ഞു
മണം നിറഞ്ഞു

മണമെല്ലാം
കാറ്റു കൊണ്ടുപോയ്
മധുരം പ്രാണികളും

നിറം കൊഴിഞ്ഞിടത്ത്
വിളഞ്ഞു മധുരിച്ചത്
കിളികള്‍ക്കുള്ള
കള്ളക്കടത്തു മുതലായ്

ഇനിയൊരു ദിവസം
കൈക്കണക്കിന്‍
ഗോവണിയിറങ്ങി
ഒരാശാരി വരും
അല്ലെങ്കില്‍
ഒരു വിറകുവെട്ടി

ഇരുമ്പിനെ
കനകക്കോടാലിയാക്കിയ
കഥയിലെ വനദേവതയ്ക്ക്
ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!

11 comments:

അനിലൻ said...

മരം

Anonymous said...

പാവം മരം.:(

എം പി.ഹാഷിം said...

nannaayi ...

kichu / കിച്ചു said...

"മണമെല്ലാം
കാറ്റു കൊണ്ടുപോയ്
മധുരം പ്രാണികളും"

thirichu varum ellaam....kaathirikoo..

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

അറിഞ്ഞ മണവും,
നുണഞ്ഞ രുചിയും,
തണുപ്പിച്ച തണലും മറന്ന്..

ലേഖാവിജയ് said...

പെണ്മരമേ..:)

Sanal Kumar Sasidharan said...

കുറച്ചുകാലം എനിക്ക് അപ്രാപ്യമായിരുന്നു ഈ ബ്ലോഗ്..എന്തിനെന്നെ അന്യനാക്കി?

Sanal Kumar Sasidharan said...

പറയേണ്ടത് പറഞ്ഞില്ല..കവിത ആദ്യവരിയിൽതന്നെ നിസഹായതയെ ഉണർത്തി.

Anonymous said...

ishtaayi tto...

Balamani

പാര്‍ത്ഥന്‍ said...

കാതൽ തേടി ഒരാൾ വരാതിരിക്കില്ല.

ദിനേശന്‍ വരിക്കോളി said...

കവിത വായിച്ചു.....
''ഇരുമ്പിനെ
കനകക്കോടാലിയാക്കിയ
കഥയിലെ വനദേവതയ്ക്ക്
ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!''