നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

ദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി
കൊല്ലപ്പെടുന്ന
ഒരു ചങ്ങാതിയുണ്ടെനിക്ക്‌
അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും
മരിച്ചുകൊണ്ടിരിക്കും

മാസത്തില്‍ രണ്ടു തവണ
കാണാന്‍ ചെല്ലുമ്പോള്‍
എന്നെക്കാത്തിരിപ്പുണ്ടാകും
അവന്റെ
പതിനാലോ പതിനഞ്ചോ ശവങ്ങള്‍

ഈ ശവിയെക്കൊണ്ട്‌ തോറ്റല്ലോ
എന്നു പറയാതെ
ഓരോന്നായി ഞാന്‍ കുഴിച്ചിടും
അവന്റെ ശവം ചുമന്ന്‌
എനിയ്ക്കും ശവത്തിന്റെ മണമാണെന്ന്‌
പലരും പറയുന്നുണ്ട്‌

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌?
എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍
എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍
പലതും പൊളിഞ്ഞുവീഴും
എന്നറിയാഞ്ഞിട്ടല്ല

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു
കണ്ടിട്ടെത്ര നാളായി
ഇന്നൊന്നു വരുമോ
എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു

അവന്‍ സങ്കടങ്ങളോടേറ്റുമുട്ടുന്ന
ഏതെങ്കിലും നേരത്ത്‌
ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന്‌
നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള
ഒരു കുഞ്ഞാത്മാവ്‌
അല്ലെങ്കില്‍
ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ്‌
അതുമല്ലെങ്കില്‍
സ്വപ്നം കണ്ടുറങ്ങുമ്പോള്‍
കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍
അങ്ങനെ ആരെങ്കിലും വന്ന്‌
എന്തൊക്കെയുണ്ട്‌ വിശേഷം എന്നു ചോദിച്ച്‌
അവന്റെ മുണ്ടിന്‍ തലയ്ക്കല്‍
പിടിയ്ക്കാതിരിക്കില്ല

അതിന്റെ പിറ്റേന്ന്‌
ഞാനവനെക്കാണാന്‍ പോകുമ്പോള്‍
മധുരനാരങ്ങ, കപ്പലണ്ടി മിഠായി,
മഞ്ഞ ബലൂണ്‍, പമ്പരം... അങ്ങനെ
അവനിഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങും
എത്ര മദ്യപിച്ചിട്ടും
എത്ര പുകവലിച്ചിട്ടും
വലുതാകാത്ത അവന്റെ കുട്ടിത്തം
'ഒക്കെ ഭയങ്കര പ്രോബ്ളാണ്‌'
എന്നപ്പോള്‍ എന്നോട് പറയില്ലായിരിക്കും
അവനപ്പോള്‍ മരിച്ചു വീഴില്ലായിരിക്കും

(ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്‌.)

45 comments:

അനിലൻ said...

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു!

വിഷ്ണു പ്രസാദ് said...

വില്‍‌സന്‍ -അനില്‍

ഒരു മരത്തിന്റെ രണ്ടറ്റങ്ങള്‍ ഒന്ന് ആകാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കും ഒന്ന് മണ്ണിനടിയിലേക്ക് തിരഞ്ഞു പോകും...

പലപ്പോഴും ഒന്നെന്ന് തോന്നും.ഒന്നിന്റെ രണ്ട് അവസ്ഥകള്‍ എന്നും...

രണ്ട് കുട്ടികള്‍.

കവിത ഇഷ്ടമായി.

Anonymous said...

രണ്ടു കുട്ടികളല്ല...രണ്ടു തോന്ന്യാസികള്‍! ചന്തിക്കു നല്ല പെട കിട്ടാഞ്ഞിട്ടാ രണ്ടിനും....
കവിത നന്നായി .............

പകല്‍കിനാവന്‍ | daYdreaMer said...

അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കരഞ്ഞു കൊണ്ടേയിരിക്കും... !

kichu / കിച്ചു said...

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു!

സ്വയം വിലയിരുത്തല്‍ കൂടി ആയതു നന്ന്...
പല‍പ്പൊഴും ‍അനുഭവം ഉണ്ടാ‍യിട്ടുള്ളതു കൊണ്ട് പത്തില്‍ എട്ടര മാര്‍ക്ക്:)

ചില ജീവിതങ്ങള്‍ അങ്ങനെയാ.. വെറുതെ സങ്കടപ്പെടാന്‍ കാര്യങ്ങള്‍ വന്നുകൊണ്ടിരിക്കും.. ഇനി ഒന്നും വന്നില്ലെങ്കിലോ.. തിരഞ്ഞു കണ്ടെത്തും :)

നസീര്‍ കടിക്കാട്‌ said...

ശവങ്ങള്‍

ഗുപ്തന്‍ said...

കവിത ഇഷ്ടമായി. അനിലേട്ടന്റെ പതിവ് രീതികളില്‍ നിന്നൊരു ചെറിയ മാറ്റവുമുണ്ട് :)

ഓഫ് (അല്ലെങ്കില്‍ ഓണ്‍. ഇതുതന്നെ ഓണ്‍)

കമന്റിടുന്നവര്‍ കമന്റുന്നത് കവിതയ്ക്കോ വിഷ്ണുമാഷിന്റെ കമന്റിനോ ?

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നമ്മള്‍ തമ്മില്‍ പരിചയമില്ലല്ലോ..എന്നിട്ടും!

Kaithamullu said...

അന്യോന്യം ചുമന്ന്, തെറി പറഞ്ഞും കടിപിടികൂടിയും കരഞ്ഞും പിന്നെ പരസ്പരം ആശ്വസിപ്പിച്ചും ...ചുടലയിലേക്കുള്ള വഴിതെറ്റി നടക്കുന്ന ശവങ്ങള്‍.....

-ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്‌ എന്ന് അനില്‍ പറയുമ്പോല്‍ കൂട്ടിച്ചേര്‍ക്കട്ടെ:

ഒരാളെക്കൂടി അറിയാം എനിക്ക്....അത്ര തന്നെ ഭീകരനല്ലെങ്കിലും!!

:-((

(മനസ്സിലാക്കിയിട്ടും മനസ്സിലാക്കാന്‍ കൂട്ടാക്കാത്തവരെ ശവങ്ങള്‍ എന്ന് വിളിച്ചധിക്ഷേപിക്കുന്നത് ശരിയോ?)

abdulsalam said...

kollam...ishdapettu

nandakumar said...

ഇതെന്നെക്കുറിച്ചുമാണ്...
സങ്കടമെങ്കിലും സ്വന്തമാകേണ്ടതില്ലേ എന്നാകുലപ്പെടുന്ന എന്നെക്കുറിച്ചു തന്നെ.

Rare Rose said...

നന്നായിയെഴുതിയിരിക്കുന്നു..വ്യാജസങ്കടങ്ങള്‍ക്കിടയിലെ കൊച്ചു വലിയ മനസ്സുകളെ.
തിരിച്ചും മറിച്ചും നോക്കിയാല്‍ എല്ലാവരിലുമുണ്ടാവുമെന്നു തോന്നുന്നു ഇതിന്റെയോരോയംശങ്ങള്‍..

ഹാരിസ് said...

പൈന്‍ വലിക്കുന്ന മറ്റൊരാത്മാവാണോ ഇതും...?

താരകൻ said...

ഒന്നായ നിന്നെയിഹ രണ്ടെന്നു കണ്ടുള്ളൊരിണ്ടൽ...?(ഒരു സ്വകാര്യം കൂടി പറഞ്ഞേക്കാം..നെക്രൊഫീലിയാക് എന്നഒരു പദം നിങ്ങൾ മനപൂർവ്വമല്ലാതെ ഉപയോഗിച്ചിട്ടുണ്ട് ഈ കവിതയിൽ)

അനിലൻ said...

ഒരു സ്വകാര്യം കൂടി പറഞ്ഞേക്കാം..നെക്രൊഫീലിയാക് എന്നഒരു പദം നിങ്ങൾ മനപൂർവ്വമല്ലാതെ ഉപയോഗിച്ചിട്ടുണ്ട് ഈ കവിതയിൽ
.....

എന്റമ്മോ!!!

Latheesh Mohan said...

സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ
എന്നയാള്‍ തിരിച്ചു ചോദിച്ചാല്‍
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌
എന്നു ചോദിച്ചാല്‍

ഇവിടെയെവിടെയോ ഭയങ്കര തട്ടല്‍. വായിച്ചിട്ടു നീങ്ങുന്നില്ല :(

അനിലൻ said...

ലതീഷ്
ശരിയാണ്‌.
ഒന്നു മാറ്റിയെഴുതിയിട്ടുണ്ട്

Dinkan-ഡിങ്കന്‍ said...

എന്റെ സങ്കടമേ... എന്റെ മാത്രം സങ്കടമേ !

എന്നു കേഴുന്നവര്‍ക്ക് സ്തുതി

കളര്‍ പോയട്രി said...

അവനങ്ങനെ കരഞ്ഞുകൊണ്ടേയിരിക്കും
അവനോ?
ഞാനോ?
?!

Melethil said...

അസൂയ!

പാര്‍ത്ഥന്‍ said...

സസ്പൻസ് കളഞ്ഞു.

നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു!

നിഷ്കളങ്കൻ!!!!!

കൂട്ടുകാർക്കുവേണ്ടി ഒരു മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കുന്നുണ്ട്.

(ഏതു സങ്കടത്തിലും സ്വാർത്ഥതയുണ്ട്.)

ലേഖാവിജയ് said...

കുടിച്ചുമരിക്കാനായി ഓരോവ്യാജ സങ്കടങ്ങള്‍ :)

ഈ കുടിക്കാത്തോരെന്തു ചെയ്യും?

Anonymous said...

നല്ല നീളം പൊക്കം കവിതയ്ക്ക്.

അത്രന്നെ.

സെറീന said...

ഇങ്ങനെയൊക്കെയും സങ്കടപ്പെടാം,
അങ്ങനെ സങ്കടപ്പെടുന്ന നേരങ്ങളില്‍
അത് തന്നെയാണ് ഏറ്റവും ആഴമുള്ള സങ്കടവും.
മരണത്തെക്കാള്‍ മൂര്‍ച്ചയുള്ള കത്തികള്‍
പാഞ്ഞു പോവുമ്പോള്‍ സങ്കടപ്പെട്ടില്ലെന്നും വരാം..
ആരറിഞ്ഞു അസ്സലും വ്യാജവും!
നിന്‍റെ നല്ല കവിതകളിലൊന്ന്..

ഭൂതത്താന്‍ said...

ഓരോ ശവവും കുഴിച്ചിടാന്‍ കാട്ടുന്ന ക്ഷമ ...ശരിക്കും ...ശരി ...നീ വീഴുമ്പോള്‍ ഞാനും ...ഞാന്‍ വീഴുമ്പോള്‍ നീയും ....

Mahi said...

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌?
എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍
എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍
പലതും പൊളിഞ്ഞുവീഴും
എന്നറിയാഞ്ഞിട്ടല്ല
ഇതിന്‌ എന്റെ വക ഒരു ഹാ. ഇതെന്താ കവികളെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ഒരോരുത്തരെ പറ്റി കവിതകളെഴുതി കൊണ്ടിരിക്ക്യെ??? അതുകൊണ്ടല്ല അതിനപ്പുറത്തേക്ക്‌ പോകുന്നതു കൊണ്ട്‌ ഈ കവിതയെ ഞാന്‍ കെട്ടി പിടിക്കുന്നു.തുരുതുര ഉമ്മ വെയ്ക്കുന്നു

ബാലാമണി said...

മഹീ വേണ്ട, വേണ്ട.
ഞങ്ങള്‍ കുറച്ച് പേരുണ്ടിവിടെ

ചേച്ചിപ്പെണ്ണ്‍ said...

അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
,........

ആര്‍ബി said...

അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌


ishtaaayi
really nice

Kuzhur Wilson said...

കണ്ണാടിയില്‍ എന്നെ കണ്ട്
എനിക്ക് സന്തോഷവും സങ്കടവും ഒരുമിച്ചു വന്നു.
രണ്ടാലും എനിക്ക് മരിക്കണെമെന്ന് തോന്നി.

അപ്പോള്‍ തന്നെ മരിച്ചു



“ലേഖാവിജയ് said...
കുടിച്ചുമരിക്കാനായി ഓരോവ്യാജ സങ്കടങ്ങള്‍ :)
ഈ കുടിക്കാത്തോരെന്തു ചെയ്യും?“

ബാക്കിയെല്ലാം അവര്‍ക്ക് ചെയ്യാനുള്ളതാണ്. അവര്‍ക്ക് എന്തും ചെയ്യാം എന്തും

Sanal Kumar Sasidharan said...

anilaa enikk ninte kavitha maathram mathi nee sankadappettolu vyaajamaayaayaalum allenkilum...njan rakthadaahiyaaya vaayanakkaaran...

:( said...

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള ്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?

ഇത്രടം വരെയേ എത്തിയുള്ളൂ.. ശ്വാസം നിലച്ചു :(
ഈ ദിവസത്തിന് പേര്‍ അനിലേട്ടന്‍ എന്നാവണം

സന്തോഷ്‌ പല്ലശ്ശന said...

പ്രിയപ്പെട്ട അനില്‍. നിങ്ങളുടെ കവിതകളെപ്പറ്റി എന്‍റെ പരിമിതികള്‍ക്കകത്തുനിന്ന്‌ പഠിക്കാന്‍ ഒരെളിയ ശ്രമം നടത്തിയിട്ടുണ്ട്‌. സമയം കിട്ടുമ്പോള്‍ ഒന്നു നോക്കുക ഇവിടെ

നന്ദ said...

ആഹാ!

Ans said...

"നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും".
അതല്ലേ കാര്യം ?

ദിനേശന്‍ വരിക്കോളി said...

പ്രിയകവെ ഏറെകാലത്തിനു ശേഷമാണ് ബ്ലോഗില്‍ ഒരു കവിത
വായിച്ച് ഇത്രമാത്രം സന്തോഷിക്കുന്നത് ...
ഇത്തരം കവിതകളാണ് നമ്മുടെ ബ്ലോഗ് സാഹിത്യത്തെ
വസന്തകാലത്തു നിര്‍ത്തുന്നതും
പറയാതിരിക്കാന്‍ വയ്യെന്‍റെ മിത്രമേ...അത്രമേല്‍ സ്നേഹത്തോടെ
ഏതുദൈവമാണ് നിങ്ങളെ സ്വപ്നത്തില്‍ വന്ന് ഉമ്മവെച്ചത്??
-
''അവന്‍ സങ്കടങ്ങളോടേറ്റുമുട്ടുന്ന
ഏതെങ്കിലും നേരത്ത്‌
ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന്‌
നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള
ഒരു കുഞ്ഞാത്മാവ്‌
അല്ലെങ്കില്‍
ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ്‌
അതുമല്ലെങ്കില്‍
സ്വപ്നം കണ്ടുറങ്ങുമ്പോള്‍
കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍
അങ്ങനെ ആരെങ്കിലും വന്ന്‌
എന്തൊക്കെയുണ്ട്‌ വിശേഷം എന്നു ചോദിച്ച്‌
അവന്റെ മുണ്ടിന്‍ തലയ്ക്കല്‍
പിടിയ്ക്കാതിരിക്കില്ല''

വെറുതെ ഒരു ആശംകളെന്നെഴുതി പ്രിയ കവെ ഞാന്‍ കവിതയെ ചെറുതാക്കിയോ
? സസ്നേഹം

അനിലൻ said...

സങ്കടം
സന്തോഷം
എല്ലാര്‍ക്കും നന്ദി!

Junaith Rahman | ജുനൈദ് said...

ഒരു മരത്തിന്റെ രണ്ടറ്റങ്ങള്‍ ഒന്ന് ആകാശത്തിലേക്ക് എത്തിച്ചുകൊണ്ടിരിക്കും ഒന്ന് മണ്ണിനടിയിലേക്ക് തിരഞ്ഞു പോകും...

ആകാശത്തിലേക്ക് പോയവയും മണ്ണിനടിയിലേക്ക് പോയവയും എന്നെ എന്നെങ്കിലും കണുമുട്ടും...

കവിത നന്നായി, തൊട്ടു...

Jayesh/ജയേഷ് said...

ഈ കവിതയോട് ഇഷ്ടം

Anonymous said...

കള്ളുകുടിയന്മാര്‍ക്ക് കള്ള് തലക്കുപിടിക്കുമ്പോള്‍ മണ കുണാ എന്ന് വാരിവലിച്ച് എഴുതാനുള്ളതാണല്ലേ കവിത? ഞാനുമൊരെണ്ണം എഴുതി നോക്കട്ടെ.

അവന്‍റെ നെഞ്ചുംകൂടിന്‍റെ മുച്ചാണ്‍കുഴിയില്‍
അവളുടെ ചിരവത്തടി ആഞ്ഞടിച്ചപ്പോള്‍
അത് ചിരവയാണോ ചിരട്ടയാണോ എന്ന സംശയത്തിന്‍റെ
അതിര്‍വരമ്പുകളില്‍ എന്‍റെ ഉത്തോലകാവൃത മര്‍മ്മരബിന്ദുക്കളില്‍
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം നടക്കുകയായിരുന്നു.

കാക്കകള്‍ ക്രാക്രാ എന്നു കുരക്കുന്നതു പോലെയും
പട്ടികള്‍ ഭൌ ഭൌ എന്നു കരയുന്നതു പോലെയും
ഒരു പൂച്ചയുടെ പുന്തിരി പോലെ എന്നിലെ ആര്‍ദ്രസ്മരണകളുടെ
പൂന്തിങ്കള്‍ക്കല അരിവാളായി വന്ന് അങ്കുരിച്ചു നിന്ന നേരം
പാര്‍ട്ടിക്കാരുടെ ചുറ്റിക പോലെ നീ എന്നിലേക്കോടിയണഞ്ഞു.

വൈകുന്നേരം നാലുമണിക്ക് ഒരു പുകയും മൂന്നു പെഗ്ഗുമായി
ഞാനെന്‍റെ ദിവാസ്വപ്നത്തിന്‍റെ ഉമ്മറപ്പടിയില്‍
വായില്‍ നോക്കാനിരുന്നപ്പോള്‍
ഊഷരസങ്കല്‍‍പ്പങ്ങളുടെ വെള്ളിടി വെട്ടവുമായി
താടകയേപ്പോലെ മന്ദഹസിച്ചു നീ
സൂര്യകിരണങ്ങളല്ലായിരുന്നു നേരേ മറിച്ച് നിന്‍റെ ഉൽപ്പതിഷ്ണുത മാത്രമായിരുന്നു എന്നെ തോൽപ്പിച്ചു കളഞ്ഞത്... തോൽപ്പിച്ചു കളഞ്ഞത്

ഇനി പോയി ബാക്കി രണ്ടെണ്ണം അടിക്കട്ടെ...

(ഈ കവിതയേക്കുറിച്ചും ഒരു ചര്‍ച്ചയാവാം അല്ലേ?)

Anonymous said...

പൂച്ചയുടെ പുന്തിരി എന്നുള്ളത് പൂച്ചയുടെ പുഞ്ചിരി എന്നു തിരുത്തി വായിക്കാനപേക്ഷ

മനോഹര്‍ മാണിക്കത്ത് said...

Dear Anil
ഇവിടെ പ്രവാസത്തിന്റെ ചുടുകാറ്റില്‍
ആഴ്ചയില്‍ ഇടക്കൊക്കെ ഈ ഞാനും
മരിക്കാറുണ്ട്

നല്ലൊരു കവിത വായിച്ചിട്ട് കാലമേറെയായി
അത് മാറ്റിക്കുറിച്ച കവിത

അനിലൻ said...

ജുനൈദ്, ജയേഷ്, മനോഹര്‍ നന്ദി, സന്തോഷം
അനോണി.. നന്നായിട്ടുണ്ട്.
പുഞ്ചിരിയെക്കാള്‍ പുന്തിരിതന്നെയാണു ചേരുക.
(എഴുതുമ്പോള്‍ ദൈവം ഇടയ്ക്ക് നമ്മളറിയാതെ വിരലില്‍ പിടിക്കുന്നുണ്ടാകും. അങ്ങനെയാവും പുതിയ വാക്കുകളുണ്ടാകുന്നത്!)

ഇരുമ്പുഴിയൻ said...

അവന്റെ ശവം ചുമന്ന്‌
എനിയ്ക്കും ശവത്തിന്റെ മണമാണെന്ന്‌
പലരും പറയുന്നുണ്ട്‌

പെരുത്ത് ഇഷ്ടായി..

Unknown said...

മനൊഹരം
പറയുവാനുള്ളതു എല്ലാം പറഞു