രണ്ടു പൂച്ചകള്‍

എല്ലാരുമുറങ്ങുന്ന
നേരമെന്നുറപ്പിക്കാന്‍
അവസാനത്തെ തെരുവുബള്‍ബും
എറിഞ്ഞുടയ്ക്കുമ്പോള്‍
വിളക്കുകാലിനരികില്‍
ചവറ്റുകുട്ടയുടെ പിന്നില്‍
കറുത്തും വെളുത്തും
രണ്ടു പൂച്ചകള്‍

രാപ്പകലുകളേ
എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍
ഈര്‍ഷ്യയോടെ നോക്കി
മുറുമുറുത്ത് വാലുപൊക്കി
ഒന്നു മറ്റൊന്നിനെ
ഇരുട്ടിലേയ്ക്കു കൊണ്ടുപോയ്
ഇരുട്ടിലെ പൂച്ചകള്‍ക്ക്
ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം
ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍

പെട്ടെന്ന്
വിളക്കുകാലുകളിലെ, ഉടഞ്ഞ
ബള്‍ബുകളത്രയും പൂത്തു
തണുത്തു വിറച്ച്
കടത്തിണ്ണയിലുറങ്ങിയ ഡിസംബര്‍
പുതപ്പിലൂടെ തല പുറത്തേയ്ക്കിട്ടു
ഹോ.. ഇത്ര നേരമായോ എന്ന്
ധൃതിപ്പെട്ടു നടന്നു

മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്ന് നിലവിളിക്കാനായുമ്പോള്‍
ഒച്ചയുണ്ടാക്കരുതെന്ന്
മുറുമുറുപ്പോടെ
വെറുപ്പോടെ
കറുത്തും വെളുത്തും പൂച്ചകള്‍
അവര്‍ക്കു മാത്രം
വഴി കാണിക്കുവാന്‍
തെളിഞ്ഞ നക്ഷത്രങ്ങള്‍

36 comments:

അനിലൻ said...

രണ്ടു പൂച്ചകള്‍

വിഷ്ണു പ്രസാദ് said...

ഡിസംബറിനല്ലെങ്കില്‍ മറ്റേതു മാസത്തിനാണ് നിങ്ങള്‍ ഒറ്റയ്ക്കാണെന്ന് പറയാന്‍ ധൈര്യമുണ്ടാവുക...?
ഏകാന്തത,രതി,മഞ്ഞ്,വിഷാദം,രാത്രി...നല്ല കൂട്ടുകാര്‍.

Kaithamullu said...

ഇരുട്ടിലെ പൂച്ചകള്‍ക്ക്
ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം
ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍..
എത്ര സത്യം!

തണുത്തുറയുന്ന ഡിസംബറില്‍ കടത്തിണ്ണയില്‍ കണ്ണടച്ച് ചായാതെ.....
- വീട്ടീപ്പോടാ!

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

'മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്' :(

മനസേ..നീയൊരു മരക്കഷണമാകു..

സജീവ് കടവനാട് said...

വിഷാദമാസമേ, ഒന്നു നിലവിളിക്കാന്‍ പോലുമനുവദിക്കാത്ത ഈ പൂച്ചകളെ രാപ്പകലുകളെന്നോ, ജീവിതമെന്നോ എന്തുപമിച്ചാലാണ് അതില്‍നിന്ന് മരുഭൂമിയെ ഒഴിച്ചുനിര്‍ത്താനാകുക?

നജൂസ്‌ said...
This comment has been removed by the author.
ചന്ദ്രകാന്തം said...

മഞ്ഞ്‌ പുകയുന്നു..

നജൂസ്‌ said...

പുതപ്പൊന്നൂടെ വലിച്ചിട്ട്‌ മിണ്ടാതെ കിടന്നോ.. :(

Sapna Anu B.George said...

മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത് ,beautiful lines anil.......

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഒറ്റക്കാക്കി പോയ പ്രണയങ്ങള്‍ ഉള്ള് വേവിക്കുന്നത് ഡിസംബറിന്റെ തണുപ്പിലാണ്..

kichu / കിച്ചു said...

മഞ്ഞുമാസം ഒറ്റയ്ക്കാക്കിയ കൂട്ടുകാര്‍ക്ക് :)

സുകന്യ said...

അപ്പോള്‍ ഡിസംബര്‍ ആണ് ഏറ്റവും ക്രൂര മാസം അല്ലേ?

സെറീന said...

ഈ മഞ്ഞു കൊണ്ടെനിയ്ക്ക് പനി പിടിച്ചു!!

ചിത്ര said...

നല്ല കവിത, മാഷേ..

പാര്‍ത്ഥന്‍ said...

ഹേമന്തം പോയാലും
ശിശിരം പിടിക്കാം.

പാമരന്‍ said...

thanukkunnu..

ജ്യോതീബായ് പരിയാടത്ത്/JYOTHIBAI PARIYADATH said...

മൂന്നു പൂച്ചകള്‍- ഒന്നു കറുപ്പ് ഒന്നു വെളുപ്പ് ഒന്ന്‌...................
ചാരനിറം

കണ്ണനുണ്ണി said...

എനിക്കെറ്റോം ഇഷ്ടമുള്ള മാസമാ ഡിസംബര്‍ ...
ഒരു പുതുവര്‍ഷത്തിന് തൊട്ടു മുന്‍പേ വരുന്നത് കൊണ്ട്...

siva // ശിവ said...

ചോദ്യം: മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത് ?

ഉത്തരം: കവിത എഴുതാന്‍

സന്തോഷ്‌ പല്ലശ്ശന said...

കറുത്തും വെളുത്തും രണ്ടു പൂച്ചകള്‍
ഇരവും പകലുമായി ചവറ്റുകുട്ടയുടെ മറവില്‍ഇരുളില്‍ ഇണചേര്‍ന്നും കലഹിച്ചും...

ഒറ്റപ്പെടലിന്‍റെ കാല്‍പനിക ദുഖത്തിന്‌ ഇവര്‍ക്കു മുന്‍പില്‍ ഒരു പ്രസക്തിയുമില്ല.
ഇരുട്ടിന്‍റേയും പകലിന്‍റേയും,
മാസങ്ങളുടേയും വര്‍ഷങ്ങളുടേയും
അതിരുകള്‍ മായ്ച്ചുകളയുന്ന കറുപ്പു വെളുപ്പും കലര്‍ന്ന ദൈന ദിനങ്ങള്‍...

ഒട്ടും മിഴിവില്ലാത പദവിന്യാസങ്ങളും
ഡിസംബറിലെ മഞ്ഞിനെ തോല്‍പിക്കുന്ന "പുകമഞ്ഞു" മൂടിയ ഒരു കവിത.

ആഴത്തില്‍ വായിക്കപ്പെടുമ്പോള്‍ അറിയാം വലിയ കനമില്ലാത്ത വരികള്‍.....

അനില്‍ വേങ്കോട്‌ said...

രതിക്കും കാലത്തിനും ഇടയിൽ ഒച്ചയനക്കങ്ങൾ ഇല്ലാതെയൊരു പൂച്ചനടത്തമാണീകവിത. ഇരുട്ടിൽ മാത്രം പ്രകാശിക്കുന്ന അതിന്റെ രാഷ്ട്രീയവും

അനിലൻ said...

എല്ലാവര്‍ക്കും നന്ദി, സന്തോഷം.

നഗ്നന്‍ said...

ഇണചേരുന്നതിനിടയിൽ ഏതെങ്കിലും സർപ്പങ്ങളെ കല്ലെറിഞ്ഞോടിച്ചിരുന്നോ? കാവുകൾക്ക് വംശനാശം സംഭവിച്ചതുകൊണ്ട് പാമ്പുകളെ തന്നെയാവണമെന്നില്ല. പൂച്ച ശാപവും കഠിനം തന്നെ, ഒപ്പം ശ്വാനശാ‍പവും.

പരിഹാരം : മഞ്ഞുപെയ്യുന്ന പ്രഭാതങ്ങളിൽ പുതപ്പിനുപുറത്തുവന്ന് കുമ്പസാരിയ്ക്കുക.

Unknown said...

chilappo december te thanupp, mattu chilappo chaattal mazha pole, chilappo agniparvatham pole thilach... ee kavithakaliloode poyi enikkum raappani pidichu etta...

lakshmi

അനിലൻ said...

നഗ്നാ.. നഗ്നസത്യം :) കല്ലെറിഞ്ഞോടിച്ചില്ല.
ഇതു കണ്ടിരുന്നോ
http://raappani.blogspot.com/2007/05/blog-post_13.html

ലേഖാവിജയ് said...

വേനലായാല്‍ 50 ഡിഗ്രി ചൂടില്‍ ഉരുകുന്നേ എന്നു സങ്കടം
മഞ്ഞു കാലമായാല്‍ തനിച്ചായല്ലോ എന്ന്..

ഇനി മഴക്കാലത്തിന്റേതായി എന്താണ് ബാക്കിയുള്ളത് ?

Deepa Bijo Alexander said...

"മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്നെ ഒറ്റയ്ക്കാക്കിയതെന്ത് ...."

പ്രണയം..വിരഹം..ഏകാന്തത..എല്ലാമുണ്ടീ വരികളില്‍....


എനിക്കേറ്റവും പ്രിയപ്പെട്ട മാസമാണ് ഡിസംബര്‍....

മനോഹര്‍ മാണിക്കത്ത് said...

ഡിസംബറില്‍
ഒറ്റപ്പെടല്‍, രതി, മഞ്ഞ്, നിലാവ്,
എന്നിവ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല
അതിന്റെ അടയാളമാണ് ഈ കവിത

പകല്‍കിനാവന്‍ | daYdreaMer said...

കടത്തിണ്ണയിലുറങ്ങിയ
മഞ്ഞുമാസമേ... ഉമ്മ്യാവൂ..! :)

Melethil said...

ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ അടി കിട്ടുമോ? :)

അനിലൻ said...

ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ അടി കിട്ടുമോ? :)

അതെന്തിനാ ഒരു ധ്വനിപ്പിക്കല്‍?
അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? (സ്മൈലി കണ്ടു!)

Pramod.KM said...

രാപ്പകലുകളേ എന്ന ഉപമയ്ക്കിരിക്കട്ടെ ഒരു കയ്യടി!

Melethil said...

ഇഷ്ടപ്പെട്ടില്ല എന്ന് പറഞ്ഞാല്‍ അടി കിട്ടുമോ? :)

അതെന്തിനാ ഒരു ധ്വനിപ്പിക്കല്‍?
അങ്ങനെ എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടോ? (സ്മൈലി കണ്ടു!)

-------

അനിലേട്ടാ വെറുതെ ഒരു തമാശയ്ക്ക് എഴുതിയതാണ്,കവിത ഇഷ്ടപ്പെട്ടില്ല എന്ന് മാത്രമാണ് ഉദ്ദേശിച്ചത്.അതങ്ങനെതന്നെ എടുക്കുമല്ലോ? (ഇനിയൊന്നു ചിരിച്ചേ :D)

അനിലൻ said...

കവിത ഇഷ്ടമായില്ലെങ്കില്‍ സാരമില്ല, എനിക്കും അത്ര ഇഷ്ടമായില്ല, നമുക്ക് അടുത്തതില്‍ നോക്കാം.
:)

Madhavikutty said...

രാപ്പകലുകളേ
എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍...

പറയാതെ വയ്യ . നല്ല കവിത

Jayesh/ജയേഷ് said...

നല്ല കവിത