അംഗഭംഗം വന്ന കാറ്റുകള്‍

ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്

ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്‍ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

നവാസ് ഖാന്‍ എന്നായിരിക്കും
അയാളുടെ പേര്‌
മുനവര്‍ ഇക് ബാല്‍ എന്നുമാവാം
കുറേ നേരം സംസാരിച്ചു കഴിഞ്ഞ്
വിവശനായി അയാള്‍,
പേരാലിന്റെ കാലുകളില്‍ ചായും

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

പാക്കിസ്ഥാനില്‍നിന്ന്
നവാസ് ഖാന്റെ ഫാക്സ് വന്നിരുന്നു
ഒരു കൊടും പ്രളയത്തില്‍ നനഞ്ഞു കുതിര്‍ന്ന്
അതിലെ വരികള്‍
അവധി കൂട്ടിക്കിട്ടാനപേക്ഷിച്ചു

എന്തിനാണു ഞാന്‍
എനിയ്ക്കറിയാവുന്ന ചിലരില്‍
ഇയാളെ ആരോപിക്കുന്നതാവോ!
ഹുണ്ടിയില്‍ കാശയച്ചത് കിട്ടിയോ
എന്നായിക്കൂടെ അയാള്‍ വിവശനാവുന്നത്!

ഇന്നയാള്‍ ശാന്തനായി
മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാതെ
പേരാല്‍ ചാരിയിരിക്കുന്നു
എനിയ്ക്കിപ്പോള്‍
ലഹളത്തെരുവില്‍ ഇടതു കൈ നഷ്ടപ്പെട്ട
മുനവര്‍ ഇക് ബാലിനെ ഓര്‍മ്മവരുന്നു
അവധി കഴിഞ്ഞെത്തുന്ന
അയാളെ കാത്തിരിക്കുന്ന
പണിയായുധങ്ങള്‍ ഓര്‍മ്മ വരുന്നു

നേരം പുലര്‍ന്നതേയുള്ളൂ
രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍
പേരാലുകളില്‍നിന്ന്
പുറപ്പെട്ടു തുടങ്ങുന്നതേയുള്ളൂ

23 comments:

അനിലൻ said...

അംഗഭംഗം വന്ന...

ഷാജി അമ്പലത്ത് said...

വല്ലാത്ത ഒരടുപ്പം ജനിപ്പിക്കുന്നു
നല്ല കവിത
സ്നേഹപൂര്‍വ്വം
ഷാജി അമ്പലത്ത്

ഉപാസന || Upasana said...

nice
:-)

പാര്‍ത്ഥന്‍ said...

റോളയിലെ പേരാലുകൾക്ക് ഇതിൽ കൂടുതൽ പറയാനുണ്ടാകും.

സങ്കേചാലെ, ജോഡെ.

sreekumar m s said...

good work..

Sreevidya Devanand said...

ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്‍ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

അയാള്‍ ഭാഗ്യവാനാണ്!

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

സങ്കടങ്ങള്‍ എല്ലായിടത്തും ഒരു പോലെ ആണെന്നു തോന്നുന്നില്ല.

അനിലിന്റെ എല്ലാ കവിതകളും പോലെ ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിക്കുന്ന കവിത..ആ‍്ശംസകള്‍.

ലേഖാവിജയ് said...

ആശംസകള്‍!
പനിക്കാലം തിരികെയെത്തട്ടെ.. :)

Anonymous said...

അനിലാ, കവിതയ്ക്ക് കെട്ടിപ്പിടിച്ച് ഒരുമ്മ! (തെറ്റിദ്ധരിക്കണ്ട, കവിയ്ക്കല്ല,ട്ടോ)

M.R.Anilan -എം. ആര്‍.അനിലന്‍ said...

രാത്രിയിലെന്തോ കണ്ടു ഭയന്ന്-
കാറ്റ് സങ്കടപ്പെട്ടിട്ടുണ്ടാവണം. നല്ല കവിത

Unknown said...

മുറിഞ്ഞ വാക്കുകള്‍ ...

രാജേഷ്‌ ചിത്തിര said...

നല്ല കവിത ...

സുനീത.ടി.വി. said...

രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍ ,
അത് കണ്ട് സങ്കടപ്പെടുന്ന
മനുഷ്യർ...
നല്ല കവിത...!

[ nardnahc hsemus ] said...

good one

Sabu Hariharan said...

ചില വരികൾ ചിന്തിക്കാൻ വക നൽകുന്നു.
മനോഹരമായ ചില വരികൾ വായിച്ചു.

Vijay Karyadi said...

പഴയ റോള ഓര്‍മ്മിപ്പിച്ചതിനു നന്ദി .........വേദനയുളവക്കുന്നതാണ് ആ ഓര്‍മ്മ,,,,,,വിജയ്‌ കാര്യടി

Anonymous said...

ഉമ്മ.

Anonymous said...

:)ഈ ഉമ്മകളെല്ലാം കൂടി നീ എന്തുചെയ്യും അനിലാ?

ഉമ്മുഫിദ said...

paining !

www.ilanjipookkal.blogspot.com

ജന്മസുകൃതം said...

"ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്.".....
ഇവിടെ തുടങ്ങി





"എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”
ചെന്നെത്തി ഇവിടം വരെ...

പറയാന്‍ വാക്കുകളില്ല.....
ആശംസകള്‍ ...
ആശംസകള്‍ ...

പ്രവാസം..ഷാജി രഘുവരന്‍ said...

അനിലിനെ ആദ്യമായി വായിക്കുകയാണ് ..........
ഹൃദയ സ്പര്‍ശിയായ എഴുത്ത്
ഇഷ്ട്ടമായി ....ഭാവുകങ്ങള്‍

Anurag said...

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും,നന്നായിട്ടുണ്ട് വരികള്‍

Pramod.KM said...

"സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും" കവിതകള്‍ ഉള്ളില്‍ കൊള്ളുന്നത്...

ഭാനു കളരിക്കല്‍ said...

സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും....