ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു

സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും

ഇത്രയും പറഞ്ഞ്‌ അവള്‍ ചിരിച്ചു

മൈലാഞ്ചിച്ചെടി
അതിന്റെ ഇലകളുടെ
ഞരമ്പില്‍
ഒളിപ്പിച്ചു വച്ചതുപോലെയാണത്‌

അതുകൊണ്ടല്ലേ
എന്നെ പൊടിച്ചുകളയാന്‍
‍നോക്കുമ്പോഴൊക്കെ
പ്രണയത്താല്‍
നിന്റെ വിരലുകള്‍
‍ചുവന്നു പോകുന്നത്‌!

കരിവാരം

കേരള്‍സ്. കോമിന്റെ ഗുണ്ടാപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച്
ഇഞ്ചിപ്പെണ്ണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി.

ചുട്ടണ്ടി

കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി

അതികാലത്ത്
തെക്കേ ബസ് സ്റ്റോപ്പ് മുതല്‍
വടക്കോട്ട് അടിച്ചുവാരും
ചൂല് നാഗക്കളമെഴുതുമ്പോള്‍
അഴിഞ്ഞ മുടി വിടര്‍ന്നാടും

മിഠായിക്കടലാസ്, നോട്ടീസുകള്‍
വള്ളിപൊട്ടിയ ചെരിപ്പ്
എണ്ണമില്ലാക്കാല്‍പ്പാടുകള്‍
അടിച്ചുകൂട്ടുമ്പോള്‍
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും
ചന്തങ്ങള്‍ ഒളിഞ്ഞു നോക്കും

ചന്തയ്ക്കകം അടിച്ചു വാരുമ്പോള്‍
പാട്ടുകാരന്‍ പോര്‍ട്ടര്‍ ചന്ദ്രനെ
അവള്‍ക്കോര്‍മ്മ വരും
തലയില്‍ ചുവന്ന കെട്ടും കെട്ടി
കല്ലും സിമന്റും അരിച്ചാക്കും
പുല്ലെന്ന് ചുമന്നിറക്കുന്ന
പിടയ്ക്കുന്ന പേശികളെ ഓര്‍ക്കും
ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും

അവന്റെ മുദ്രാവാക്യം വിളിയിലും
തെറിവിളിയില്‍പ്പോലും
സംഗീതമുണ്ടായിരുന്നു
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
പോര്‍ട്ടര്‍ ചന്ദ്രനായിരുന്നു

അരയിലൊളിപ്പിച്ച കത്തി കണ്ട്
ഒരിക്കല്‍ അവളവനെ
എന്റെ ആറാം തമ്പുരാനേ എന്ന്
അതിപ്രേമത്തോടെ വിളിച്ചിട്ടുണ്ട്

മദിരാശിമരത്തിന്‍ ചുവട്ടിലാണ്
ചുവന്ന ചായം തേച്ച മണ്ഡപം
കാക്കക്കാട്ടവും ബീഡിക്കുറ്റികളും
പെറുക്കിക്കളഞ്ഞ്
വെള്ളമൊഴിച്ച് തുടച്ച്
മടിക്കുത്തില്‍ കൊണ്ടുവന്ന പൂക്കള്‍
മണ്ഡപത്തില്‍ വെയ്ക്കുമ്പോള്‍
അവളിപ്പോഴും
ഒരു പാട്ട് കേള്‍ക്കുന്നുണ്ടാവണം

ഇവിടെയുണ്ട്

ഉറുമ്പുകള്‍ എവിടെനിന്നോ
എഴുതിത്തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതിയായിരുന്നു
മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിതപാഠമാകയാല്‍
ഏതെങ്കിലും പ്രമേഹരോഗി
വെപ്രാളപ്പെട്ട് കയ്യിട്ട
പലഹാരപ്പാത്രം
അടച്ചുവയ്ക്കാന്‍ മറന്നതാണെന്ന്
വിചാരിക്കാനും മതി
തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നു തുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തിരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണവ
എന്നു തോന്നിയാല്‍ എന്തു ചെയ്യും?
രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍,
കാറ്റെങ്കിലും ചെന്നു പറയാതിരിക്കില്ല
ഇന്നലെ രാത്രി
ബള്‍ബു വങ്ങാനെന്നു പറഞ്ഞ്
വീട്ടില്‍നിന്നിറങ്ങിയ സിദ്ധാര്‍ത്ഥന്‍
കപിലവസ്തുവില്‍തന്നെ ഉണ്ടെന്ന്!