കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി

കാടു കണ്ട് കണ്ട്
ക്ഷീണിച്ച്
മരച്ചുവട്ടിലുറങ്ങുമ്പോള്‍
ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും
പഴങ്കഥകള്‍
മുയല്‍ വടിവില്‍ വന്ന്
കാട്ടുകിഴങ്ങെന്നു കരുതി
പെരുവിരല്‍ കടിച്ചു

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!

അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!

മാധവിക്കുട്ടി




അശ്രുപൂജ!

സ്കൂളിനെക്കുറിച്ച്‌

സഹ്യന്റെ മകന്‍
വായിക്കാനെടുത്തപ്പോള്‍
‍സ്കൂളോര്‍മ്മ വന്നു
വൈലോപ്പിള്ളിയെ ചൊല്ലുന്ന
രാമചന്ദ്രന്‍മാഷെ
ഓര്‍മ്മ വന്നു
കുടുക്കിനിടയില്‍ പിടിപ്പിച്ച
ബാഡ്ജില്‍നിന്ന്
മഴയില്‍, കുപ്പായത്തില്‍ പരന്ന
ചോപ്പോര്‍മ്മവന്നു
അതുകണ്ട്‌
ചീത്ത പറയാതെ ചിരിച്ച
അച്ഛനെ ഓര്‍മ്മവന്നു

എല്ലാവരും എഴുതുന്നതു കണ്ട്‍
സ്കൂളോര്‍മ്മകള്‍ ഡ്രില്ലിനു നില്‍ക്കുന്ന
ഒരോര്‍മ്മക്കവിത
പുറപ്പെട്ടുവന്നെങ്കില്‍ എന്നാഗ്രഹിച്ചു

വന്നാലും എഴുതാനായിട്ടല്ല

കുളിക്കാതെയും മുഷിഞ്ഞും
ഏഴാംക്ലാസ്സില്‍ അടുത്തിരുന്നു പഠിച്ച
സുബ്രഹ്മണ്യന്റെ വിശപ്പുമണവും,
നട്ടുച്ചയ്ക്ക്‌ ഉള്ളില്‍നിന്നു വരുന്ന
അവന്റെ തേങ്ങിക്കരച്ചിലുകളും
എഴുതാനുള്ള ഭാഷ
പലപല ക്ലാസുകളില്‍
‍പലപല രാമചന്ദ്രന്‍മാഷമ്മാര്‍
‍പഠിപ്പിച്ചിട്ടും
പലഭാഷകള്‍ മുളയുന്ന കൂടുകളില്‍
‍അന്തിയുറങ്ങിയിട്ടും
പഠിക്കാനായില്ലിതുവരെ!

കയിലുകുത്ത്‌

പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!