വിട!

:(

കുട്ടമോനേ
നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍
കടിഞ്ഞൂല്‍ ചക്കയ്ക്ക്
മുള്ളൊക്കെപ്പരന്നു
മഴച്ചക്കയ്ക്ക്
മധുരമുണ്ടാവില്ലെങ്കിലും
കാക്ക കൊത്തും മുന്നേ
ഇട്ടു വയ്ക്കാം,
ഗോപാലേട്ടന്‍ വരും

ആടിനു പ്ലാവില പെറുക്കാന്‍
കരിങ്കണ്ണിപ്പാറു
പ്ലാവിന്റെ ചോട്ടിലു തപസ്സാ
കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍
കരിങ്കല്ലുവരെ പൊളിയും

പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ?

ഒണക്കച്ചെമ്മീന്‍ കൊണ്ടരും
ചേറ്റുവേന്ന് ശകുന്തള
അമ്മ വാങ്ങാറില്ല
ചക്കക്കുരൂം ചെമ്മീനും
കുട്ടമോനില്ലാത്തോണ്ട്
വെയ്ക്കാറില്ല

തെങ്ങേറണ വേലപ്പന്‍
പതിനെട്ടാമ്പട്ടേടെ ചോട്ടിലെത്തുമ്പൊ
കരിക്ക്‌ങ്കൊലേലൊന്ന് നോക്കും
ഒന്നും മിണ്ടില്ല

കഴിഞ്ഞാഴ്ച ലതീഷ് വന്നിട്ട്
കൊറേ പുസ്തകങ്ങളെടുത്തുണ്ടോയി
ഒക്കെ പാറ്റ തിന്നല്ലോന്ന് പറഞ്ഞു
പോകുമ്പോ,
കുട്ടമോന്‍ തൊടണപോലെ
അമ്മേത്തൊട്ടു

ഒള്ളതോണ്ടോണണ്ടാക്കാം
എന്റെ കുട്ടമോനൊന്ന് വന്നാ മതി
പൂത്തറ ചെതല്‌ തട്ടി വയ്ക്കാം
പറമ്പില്‌ തുമ്പപ്പൂവൊന്നുണ്ടാവില്ല
മുറ്റത്തെ ചെത്തി പൂക്കണില്ല
ഞങ്ങളൊന്നും പൂച്ചെടികളല്ലാന്നാ
നന്ത്യാറ്വട്ടോം ചെമ്പരത്തീം

കുട്ടമോന്‍ കെടക്കണോടത്ത്
കൊറച്ച് മുക്കുറ്റി നിക്കണ്‌ണ്ട്
വരുമ്പൊ പൊട്ടിച്ച് കൊണ്ടരണേ!

മരം



പടയാളികള്‍
തണലില്‍ തമ്പടിച്ചിരുന്നു
പോകുമ്പോള്‍
കൊമ്പും കുളമ്പുമെടുത്തു

വിശ്രമിക്കാന്‍
ഭാണ്ഡമിറക്കിയ വണിക്കുകള്‍
മൂക്കും മുലയുമരിഞ്ഞു

എന്നിട്ടും,
മരമായ മരമൊക്കെ
പൂക്കുന്ന കാലത്ത്
കൊമ്പില്ലാ കുളമ്പില്ലാ
മൂക്കില്ലാ മുലയില്ലാ മരത്തില്‍
നിറം നിറഞ്ഞു
മണം നിറഞ്ഞു

മണമെല്ലാം
കാറ്റു കൊണ്ടുപോയ്
മധുരം പ്രാണികളും

നിറം കൊഴിഞ്ഞിടത്ത്
വിളഞ്ഞു മധുരിച്ചത്
കിളികള്‍ക്കുള്ള
കള്ളക്കടത്തു മുതലായ്

ഇനിയൊരു ദിവസം
കൈക്കണക്കിന്‍
ഗോവണിയിറങ്ങി
ഒരാശാരി വരും
അല്ലെങ്കില്‍
ഒരു വിറകുവെട്ടി

ഇരുമ്പിനെ
കനകക്കോടാലിയാക്കിയ
കഥയിലെ വനദേവതയ്ക്ക്
ഒന്നും വേണ്ടിയിരുന്നില്ലെന്നു തോന്നും!

കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി

മരക്കൊമ്പില്‍നിന്ന്
മരക്കൊമ്പിലേയ്ക്കും
അവിടെനിന്ന്
മരക്കൊമ്പിലേയ്ക്കും
ചാഞ്ചാടിയ കുരങ്ങന്‍
പെട്ടെന്ന് താഴെയിറങ്ങി
സൂക്ഷിച്ചു നോക്കി

മരിച്ചുപോയ ചങ്ങാതിയുടെ ശബ്ദത്തില്‍
'നീയിപ്പൊഴും‍' എന്ന്
ആശ്ചര്യചിഹ്നത്തോടെ
ചോദിക്കാന്‍ വന്നു
ചോദിക്കാതെ തിരിച്ചു പോയി

കാടു കണ്ട് കണ്ട്
ക്ഷീണിച്ച്
മരച്ചുവട്ടിലുറങ്ങുമ്പോള്‍
ഉണര്‍ച്ചകള്‍ കാവല്‍ നിന്നിട്ടും
പഴങ്കഥകള്‍
മുയല്‍ വടിവില്‍ വന്ന്
കാട്ടുകിഴങ്ങെന്നു കരുതി
പെരുവിരല്‍ കടിച്ചു

പേയിളകി
നാലാം ദിനം
ദുര്‍മ്മരണപ്പെട്ടു!

അമ്പത്‌ ഡിഗ്രി ചൂടില്‍ ഉണങ്ങുന്നവന്റെ ഏഴാം നാള്‍

കറുത്തവര്‍ പാടിയാടുന്ന
മദ്യശാലയില്‍
‍ബിയറിനൊപ്പം കിട്ടിയ
തൊലിയില്ലാക്കപ്പലണ്ടിപറഞ്ഞു:
പതുക്കെ കടിക്കണേ
അടിച്ചു കൊഴിക്കപ്പെട്ട
പല്ലുകളാണ്‌ ഞങ്ങള്‍

ഇന്ദ്രന്‍സിനോളം ഉയരമില്ലാത്ത
ഒരു പാട്ടുകാരന്‍
പാടുവാന്‍ തുടങ്ങുമ്പോള്‍
ഇല്ലായ്മകളുടെ രൂപകംപോല്‍
മുന്‍‌വരിയിലെ പല്ലില്ലായ്മ
തുറിച്ചു നോക്കുന്നു

അവന്റെ, പാട്ടിനൊക്കും
വിലാപത്തില്‍
ഉണങ്ങിയ ആമാശയവുമായ്‌
ഒരു നാട്‌, അവിടെ
കരിന്തൊലിയാല്‍ പൊതിഞ്ഞ
തരുണാസ്ഥികൂടങ്ങള്‍
കരിഞ്ഞ പുല്‍മേടുകള്‍
പാട്ടിനൊപ്പമുള്ള
ഓരോ ചുവടിലും
ചങ്ങലയില്‍നിന്നുള്ള കുതറലുകള്‍

വെളുത്തതു മാത്രം
തെളിഞ്ഞു കാണുന്ന
അള്‍ട്രാവയലറ്റില്‍
ഒരുത്തി വന്നു
പിന്നൊരുത്തി വന്നു
വേറൊരുത്തി വന്നു
ചിരിക്കുമ്പോഴൊക്കെ
തെളിഞ്ഞ പല്ലുകള്‍
‍കൊഴിഞ്ഞു വീഴുമോ
ഭയന്നു പോയി ഞാന്‍

അടുത്ത മേശയില്‍,
കള്ളിനുകൂട്ടിത്തിന്നുമിറച്ചിയില്‍
ഇരുട്ടിലും തിളങ്ങുന്നു
ചായം പൂശിയ നഖം

കാളക്കുടല്‍ വലിച്ചു കെട്ടിയ
തന്ത്രിവാദ്യം മീട്ടി
ഒറ്റക്കൊമ്പുള്ള ഒരു പെണ്ണ്
പാട്ടു തുടങ്ങി
ആനത്തോലുടുത്ത്‌ വേറൊരുവള്‍
‍മേശമേല്‍ നിരത്തി
ബിയറോളം തണുപ്പിച്ച
കാളമൂത്രം
ഉപ്പും മുളകുമിടാതെ
വെയിലില്‍ വെന്ത
കഴുതയുടെ ജനനേന്ദ്രിയങ്ങള്‍

പുറത്തിറങ്ങുമ്പോള്‍
‍കൊടുംചൂടിന്റെ പകല്‍
രാത്രിയുടെ പുഴുക്കത്തിന്‌
അധികാരം കൈമാറിയിട്ടുണ്ട്‌
കറുത്തതെല്ലാം വെളിപ്പെടുത്താന്‍
‍വെളിച്ചം,
തെരുവില്‍ പട്രോളിനിറങ്ങിയിട്ടുണ്ട്‌
വഴിയരികിലെ
വെണ്ണക്കല്‍ മതിലില്‍
മൂത്രമൊഴിച്ചെങ്കിലും
വറ്റിക്കാനാവുന്നില്ലല്ലോ
ഉള്ളില്‍ തിളച്ചുയരും ലോഹദ്രവം!