മരിച്ചവരുടേയും അല്ലാത്തവരുടേയും ഭാഷയില്‍

പഞ്ചാരയിട്ട് കത്തിച്ചതിനാല്‍
അസ്ഥിപോലുമുണ്ടായിരുന്നില്ല
ചാരം കുടത്തിലാക്കി
കിടപ്പു മുറിയില്‍ വച്ചിരിക്കുകയാണ്
ഇനി വരരുത്
അടുത്തു വന്നു കിടക്കരുത്
നിഴലുപോലെ പിന്തുടരരുത്

എന്നാലും
പൌര്‍ണമികളില്‍
അമാവാസികളില്‍
മറ്റെല്ലാ രാത്രികളിലും
കുടം കര്‍പ്പൂരം മണക്കും
മുക്കുവന്റെ ഭൂതം പോലെ
ചാരം പെണ്‍രൂപം കൊള്ളും
ഉറക്കം വിട്ടൊഴിയാത്ത സ്വരത്തില്‍
ചെവിയില്‍ ചോദിക്കും

മുറ്റത്തുനിന്ന് പൂക്കളിപ്പോഴും
കളവു പോകുന്നുണ്ടോ?
ഒളിനഖങ്ങളുമായി കള്ളപ്പൂച്ച
അടുക്കളയിലെത്താറുണ്ടോ?
നീലക്കണ്ണുള്ള അറബിയാണോ
ഇപ്പോഴും അടുത്ത വീട്ടില്‍ താമസം?
എന്നെക്കണ്ടാല്‍
നെഞ്ചിലേയ്ക്കുമാത്രം നോക്കാറുള്ള
ബംഗ്ലാദേശിച്ചെക്കനെവിടെയുണ്ട്
നിന്നെക്കാള്‍ ആര്‍ത്തിയാണവന്

ആരുമായാണ് പാതിരാ ചാറ്റ്
നൈജീരിയാക്കാരി ഹവ്വയോ?
അവള്‍ക്കു മൊബൈല്‍ഫോണ്‍
അയച്ചു കൊടുത്തോ?
അതോ നിന്റെ സിറിയാക്കാരനോ
ആദമായാലും ഹവ്വയായാലും
നിനക്കൊരുപോലെയല്ലേ?
കണ്ണൊന്നു ടെസ്റ്റ് ചെയ്യണേ, കരളും

എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല
എന്നു പറയുമ്പോഴേയ്ക്കും
നേരം പുലരും
എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും

30 comments:

അനിലൻ said...

മാധ്യമം വാര്‍ഷികപ്പതിപ്പിലുണ്ട് ഈ കവിത.

Pramod.KM said...

ഈ ഭാഷ ഏറെ സംസാരിക്കുന്നു.:)

വിഷ്ണു പ്രസാദ് said...

ആരെടേ കുടത്തില്‍...?

സാല്‍ജോҐsaljo said...

മനോഹരം. ഈ ഭാഷ...

കണ്ണൂസ്‌ said...

അത്രയും ചോദിച്ചാല്‍ പോരല്ലോ. പ്രധാന ചോദ്യം വിട്ടു പോയതു പോലെ. :-)

അനിലൻ said...

പ്രമോദ്,സാല്‍ജോ.. ഭാഷയല്ല, നിലവിളിയുടെ പരിഭാഷയാണ്.
വിഷ്ണൂ... പുസ്തകം മുഴുവന്‍ വായിച്ചിട്ടും ഇപ്പോഴും സംശയമുണ്ടോ???

aneeshans said...

ചുവന്ന സാരിയുടുത്ത്,കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ മഴയില്‍ അലിഞ്ഞു പോയവളെ ഓര്‍മ്മ വരുന്നു. തോന്നലാണോ ?


:ആരോ ഒരാള്‍

അനിലൻ said...

ആ ചോദ്യം ചോദിക്കാന്‍ പാടുണ്ടോ കണ്ണൂസ്??
അനീഷ്... ആ ആളല്ല ഈ ആള്‍. ഇയാളാവാന്‍ ആര്‍ക്കുമാവില്ല.

ടി.പി.വിനോദ് said...

കണ്ണാടിപോലെ തെളിച്ചമുള്ള ഭാഷയില്‍ ഉള്ളിലോട്ട് കത്തുന്ന ഒരു സങ്കടത്തിന്റെ സങ്കീര്‍ണ്ണതയെ ഇങ്ങനെ എഴുതിവെയ്ക്കുന്ന മായാജാലം എന്താണ്...?

aneeshans said...
This comment has been removed by the author.
അനിലൻ said...

അനീഷേ ചോദ്യം തിരിച്ചെടുക്കല്ലേ...
എറണാകുളത്തുവെച്ചു ആളെ പറഞ്ഞുതരാം.

aneeshans said...

ലാപ്പുട പറഞ്ഞ പോലെ ഉള്ളിലോട്ട് കത്തുന്ന ഒരു സങ്കടത്തിന്റെ സങ്കീര്‍ണ്ണതയ്ക്ക് ഒരു ഭാഷയേ ഉള്ളൂ.
അതീ ഭാഷയാണ്. മഴയില്‍ അലിഞ്ഞ് പോയവളെ ഓര്‍മ്മിപ്പിക്കുന്നതും അതു തന്നെ. എനിക്ക് എന്തോ സങ്കടം വരുന്നു

:ആരോ ഒരാള്‍

Anonymous said...

വേറെങ്ങട്ടും ഒഴുകി , ഒഴിഞ്ഞു പോവാണ്ടിരിയ്ക്കാനല്ലേ കുടത്തിലാക്കി കിടപ്പുമുറിയില്‍ത്തന്നെ വെച്ചിരിക്കണത്.
ഒഴിപ്പിയ്ക്കില്ല്യ,ഒഴിയ്ക്കണ്ട,ഒഴിയില്ല്യ.

Kuzhur Wilson said...

ഈയുരക്കത്തില്‍ പതിനാലാമന്‍.

ഇനിയും നോവിച്ചാല്‍ പഞ്ചാരയിട്ട് കരിച്ച് കളയും പന്നീ

വേണു venu said...

ആയിരം നിശ്വാസങ്ങളുടെ പരിഭാഷയായിതെനിക്കു തോന്നി.
അക്ഷരങ്ങള്‍ കണ്ണു നീരായിറ്റു വീഴുന്നു.
ചേതോഹരം.:)

Anonymous said...

അനിലേട്ടാ... ഇതു സങ്കടമായി

ലേഖാവിജയ് said...

എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും.....
വല്ലാതെ വല്ലാതെ സ്നേഹിക്കുന്ന ഒഴിയാബാധയല്ലേ.അതവിടെ ഇരുന്നോട്ടെ..

Anonymous said...

Realy good man,why i did't had about you,ok well.i will came again

Unknown said...

വേദനിപ്പിച്ചല്ലോ അനിലേട്ടാ. ഈ കവിത് വളരെ ഇഷ്ടപ്പെട്ടു. ലളിതം. സുന്ദരം.

Inji Pennu said...

:-( (ഒന്നും പറയാന്‍ പറ്റണില്യ)

Kuzhur Wilson said...

ഫോട്ടോ മാറ്റി കളിക്കുവാ ? ആരെ കാണിക്കാനാ ?
കണ്ണ് വയ്ക്കണോ ?

അനിലൻ said...

ഭൂമിയിലില്ലാത്ത ഒരാളെ കാണിക്കുവാനാണ് വിത്സാ... ദൈവം കണ്ണുവെച്ചിട്ടാ ഇങ്ങനെയൊക്കെ ആയത്, നീയും???

സുല്‍ |Sul said...

അനിലാ
കരളില്‍ കൊള്ളുന്ന വരികള്‍
-സുല്‍

തീക്കൊള്ളി said...

കിടപ്പുമുറിയില്‍,
കുടങ്ങള്‍ പെരുകുന്നു,
ചാറ്റുന്ന തലകളും

പൊട്ടാത്ത
കുടങ്ങളും പേറി
ഗംഗയും, കബനിയും
കവിഞ്ഞൊഴുകി

അതിനിഗൂഡമായ
പുഞ്ചിരിയോടെ
കൊശവന്മാര്‍ കുടങ്ങള്‍
മെനഞ്ഞുകൊണ്ടേയിരുന്നു

പതിയെ പതിയെ പുഞ്ചിരി
പൊട്ടിച്ചിരികളായി

Anil, my salute...

രാജ് said...

രാപ്പനി
രാപ്പനി
രാപ്പനി

ഈ കവിതയ്ക്ക് അതാണു പേരു വയ്ക്കേണ്ടിയിരുന്നത്.

അനിലൻ said...

സന്തോഷം
സുല്‍
തീക്കൊള്ളി
പെരിങ്സ്..

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
ഭാവതീവ്രമായ എഴുത്ത്‌...
അഭിനന്ദനങ്ങള്‍

chithrakaran ചിത്രകാരന്‍ said...

അനിലന്‍,
മനോഹരമായിരിക്കുന്നു.
ആത്മാവില്‍ തൊട്ടറിഞ്ഞ അനുഭവങ്ങളുടെ ഓര്‍മ്മകളായിരിക്കുമല്ലെ കുടത്തിനുള്ളില്‍ ?
ചിത്രകാരന്റെ സ്നേഹാശംസകള്‍.

സജീവ് കടവനാട് said...

‘...എന്നെ തിരിച്ചെടുക്കുമോ
നിന്റെ കൂടെ ജീവിച്ചു മതിയായില്ല...’
ഉള്ളില്‍ തട്ടുന്നു വരികള്‍.

‘...എവിടെപ്പോയൊഴുക്കും ഈ ബാധയെ
എന്നോര്‍ക്കും
ഏഴു കടലും മതിയാവില്ലെന്ന്
കുടത്തില്‍ നിന്നപ്പോള്‍ ചിരി ഉയരും...’
എവിടെപ്പോയൊഴുക്കുമെന്ന് കവിക്ക് ഓര്‍ക്കാനാവില്ല.വെറുതെ പറയാം ദേഷ്യം പിടിപ്പിക്കാന്‍ അല്ലേ?

വിശാഖ് ശങ്കര്‍ said...

നീ ഒരു ബാധ തന്നെ അനിലേ..ഒരിക്കലൊന്ന് വായിച്ചുപോയാല്‍ പിന്നെ അജീവനാന്തം ചുമക്കേണ്ടിവരും...

ഉരുകിപ്പോയൊരു നെഞ്ചിനെ കുടത്തില്‍(കടലാസില്‍)ആക്കിവച്ചിരിക്കയാണല്ലേ..

ഉറക്കംകെടുത്തുന്നു കൂട്ടുകാരാ നിന്റെ കുടത്തില്‍നിന്നുയരുന്ന ചിരി.