പിന്നെ ഞാനെന്തുചെയ്യും?

പണ്ടാരെടങ്ങാന്‍
‍ഈ കുഞ്ഞിക്കിളി
എന്തൊക്കെയാ കാണിക്കുന്നത്‌!
തലയ്ക്ക്‌ തീ പിടിച്ച്‌
സിഗരറ്റ്‌ വലിക്കാന്‍
ഓരോ തവണയും
പുറത്തു ചെല്ലുമ്പോള്‍
ഒരു പൂ പോലുമില്ലാത്ത
മരത്തിന്റെ കൊമ്പുകളിലിങ്ങനെ
മാറിമാറിപ്പറന്നിരുന്ന്
കരഞ്ഞുകൊണ്ടിരിക്കുന്നതെന്തിന്‌?

താഴത്തെ ചെടികളില്‍
എത്ര പൂക്കളാണ്‌ വിരിഞ്ഞിരിക്കുന്നത്‌
തേന്‍ കുടിച്ചുകൂടേ
ഒരു പാട്ടു പാടിക്കൂടേ
ഇതിങ്ങനെ
വാലില്‍തീപിടിച്ചതുപോലെ
ആരെയാണിടയ്ക്കിടെ നോക്കുന്നത്‌?

ഒരു ചെറിയ പാത്രത്തില്‍
വാലിയം ഗുളിക പൊടിച്ച്‌
വെള്ളത്തില്‍ ചാലിച്ചു തരാം
നിന്റെയീ വെപ്രാളപ്പെട്ട
പറന്നു നടക്കലൊന്നു നിര്‍ത്തുമോ?

കണ്ടിട്ടു വയ്യ!

സ്വപ്നസ്തംഭനം

വിശേഷിച്ചൊന്നുമുണ്ടായില്ല
വൈകീട്ട്‌ കുളി കഴിഞ്ഞ്‌
ഭസ്മം തൊട്ടു

അത്താഴത്തിനു മുന്‍പ്
രണ്ടെണ്ണം കഴിച്ചു
പതിവില്ലാതെ ആരെയോ
ഫോണില്‍ വിളിച്ച്‌
എന്തോ പറയുന്നുണ്ടായിരുന്നു

ഉറക്കത്തില്‍
എന്തൊ ചൊല്ലുന്നുണ്ടായിരുന്നു
ആരെയോ
പേരുചൊല്ലി വിളിക്കുന്നുണ്ടായിരുന്നു

രാവിലെ
കാപ്പിയുമായിവിളിക്കാന്‍ ചെന്നപ്പോള്‍...

എന്നെങ്കിലും മുന്നില്‍ വരുമോ? വിടാതെ പിന്തുടരുന്നതെന്തിനെന്ന് കോപിക്കുമോ?

അടുത്തുകിടന്നാരോ
പനിക്കുന്നതിന്‍ ചൂടില്‍
‍പൊള്ളുന്നുണ്ടുറങ്ങാത്ത
രാത്രികളേറെ നാളായ്‌

സിനിമാടാക്കീസിനു പുറത്ത്‌
ശബ്ദരേഖ കേള്‍ക്കുന്നതുപോലെ
അയാള്‍ കാണും ദു:സ്വപ്നങ്ങളുടെ
സൗണ്ട്‌ ട്രാക്ക്‌ കേള്‍ക്കുന്നുണ്ട്‌
ഉറക്കത്തിലിടയ്ക്കിടെ

രാവിലെ പുറത്തിറങ്ങുവാന്‍
ചെരിപ്പിടുമ്പോള്‍, അത്
‍തൊട്ടു മുമ്പാരോ ഇട്ടുനടന്ന്
ഊരിവച്ചതുപോലെ കിതക്കുന്നു
മറ്റൊരാള്‍ വായിച്ച പഴമയോടെ
തിണ്ണയിലിരിക്കുന്നു പത്രം

തൂണിനുപിന്നില്‍ നിഴല്‍
‍അടക്കിയ ചുമ
സിഗരറ്റ്‌ പുകയോ പ്രഭാതമഞ്ഞോ
മൂടിയ രൂപം

ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
കുളത്തിലേക്കു നടക്കുന്നേരം
ഒപ്പമുണ്ടായിരുന്നു
പരിചയമുള്ളൊരെണ്ണമണം
ഉടുമുണ്ടുലയുമൊച്ചയും

കുളത്തില്‍ മുങ്ങി നിവരുമ്പോള്‍
ഒപ്പം മുങ്ങിയതിന്നടയാളം
ജലവൃത്തങ്ങളായ്‌ കണ്ടു
സോപ്പു തേയ്ക്കാനെടുത്തതില്‍
മുന്‍പാരോ തേച്ചതിന്‍ നനവ്‌

കുളികഴിഞ്ഞു പോരുമ്പോള്‍
ഒരു മിന്നായം മിന്നിയോ!
തോളൊപ്പമെത്തും ചെമ്പന്മുടി,
മുതുകില്‍ ചുണങ്ങിന്റെ
പൂക്കളം കണ്ടോ!

ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!

പൊത്തുകള്‍

മറന്നുവോ?
പൊട്ടനെപ്പോല്‍ നോക്കുന്നല്ലോ
നീ നിത്യം നടന്ന വഴിയിത്
കടപ്ലാവ് ചിരിച്ചു
കത്തും പച്ചത്തിരികള്‍
അണയാതെ നോക്കീ ഇലകള്‍
കൊമ്പില്‍, ഊരു തെണ്ടി മടങ്ങിയ കാക്ക
യാത്രയില്‍ കണ്ടതെല്ലാം കുടഞ്ഞെറിഞ്ഞു
കണ്ണിലുണ്ടപ്പൊഴും ഭയമതിന്

ഏറെ മാറിയിട്ടുണ്ടോ എന്റെ മണം?
കശുമാവ് പൂങ്കുല പുറത്തിട്ടു
പഴയ ചങ്ങാതിയെക്കണ്ട മോദത്താല്‍
തളിരുകള്‍ ചുവന്നു

ആരും വരാനില്ലാനകളിക്കാന്‍
ചോട്ടിലിരുന്ന് കളി പറയാന്‍
കൊമ്പിലാരോ കുരുക്കിയ കയര്‍ത്തുമ്പ്
അറ്റ താലിച്ചരടുപോല്‍ ദ്രവിച്ചു
ഇലകളില്‍ കുരുങ്ങിക്കിടന്നു കരച്ചില്‍

മീനൊക്കെ വറ്റി
നീര്‍ക്കിളികളും പോയ്
നെടുവീര്‍പ്പിട്ടു തെങ്ങിന്‍പാലം
തോട്ടിന്‍ കരയില്‍ മുടന്തി
കുരുടന്‍ ചൂണ്ടക്കാരന്‍

വഴിയെല്ലാം പുല്ലു മൂടിപ്പോയ്
പൊത്തുകള്‍ക്കുള്ളിലാണു ജീവിതം
ആര്‍ക്കും വേണ്ടെങ്കില്‍
ഞങ്ങളെന്തിനീ വേഷം കെട്ടണം?
സങ്കടപ്പെട്ടൂ ചെടികള്‍
പൂക്കള്‍ ചുരുങ്ങി
തണ്ടിലേയ്ക്കു തിരിച്ചു പോയ്

ഉറങ്ങാന്‍ കിടന്നപ്പോള്‍
ഉത്തരത്തിലെ പല്ലി പറഞ്ഞു
പുറത്തെടുക്കേണ്ട നിന്റെ
ചെണ്ടയും ഇലത്താളവും ആരവങ്ങളും
പുലര്‍കാലമെത്തും മുമ്പുണര്‍ത്താം
കെട്ടും കിടക്കയുമായ് പുഴ കടന്നോളൂ!

പലതരം വഴികള്‍

രതിനിര്‍വേദം കണ്ടതിന്‍ ‍ശേഷം
നോട്ടവും ചിന്തയും
തയ്യല്‍ മെഷീനുകള്‍ക്കടിയില്‍
വെളിപ്പെട്ട
ചെറുരോമങ്ങളുള്ള കാലുകളിലേയ്ക്കായി
അതു കാണാന്‍ വേണ്ടി മാത്രം
മൈലാഞ്ചിപൂത്ത വേലികളുള്ള
ഇടവഴിയിലൂടെ
കമലേച്ചിയുടെ വീട്ടിലേയ്ക്കു നടന്നു
ഇടവഴിയിലെ കല്ലുകളില്‍
വിരലുകള്‍ തല്ലിപ്പൊട്ടി
മഴയുള്ള രാത്രികളില്‍
കാവിലെ കരിങ്കല്‍ സര്‍പ്പങ്ങള്‍
ഉറക്കത്തില്‍ വന്നു കൊത്തി

ആദ്യമായ് ബീഡി വലിച്ചത്
കുളിക്കാതെ നടന്നത്
എം. മുകുന്ദനെ വായിച്ചിട്ടായിരുന്നു
പല തവണ വീടുവിട്ടു പോയി
വൈകുന്നേരമാകുമ്പോള്‍
അമ്മയെക്കാണാതെ വയ്യെന്ന്
തിരിച്ചു നടന്നു
പൂച്ചപ്പഴം വിളഞ്ഞ കുറ്റിക്കാടുകളുടെ
മറവില്‍
ആരെങ്കിലും വരുന്നതും കാത്തിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴൊക്കെയോ
പൊട്ടിയ കുപ്പിവളകളാല്‍
കൈത്തണ്ട മുറിഞ്ഞു

ഒച്ചയാല്‍ മാറിമറിയുമെല്ലാമെന്ന്
എവിടെയോ തെറ്റി വായിച്ചു
പൊതുവഴികളിലൂടെ
തൊണ്ട പൊട്ടിച്ചു നടന്നു
എഴുതുന്നതെല്ലാം മുദ്രാവാക്യങ്ങളായി
ശബ്ദം കൂടുവിട്ടു പറന്നപ്പോള്‍
ഊമകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന്
മനസ്സിലായി

കൊടുംവെയിലില്‍
ദേരയില്‍നിന്ന് ബര്‍ദുബായിലേയ്ക്ക്
ചെറിയൊരു ബോട്ടില്‍ പോകുമ്പോള്‍
പാപ്പിയോണിന്റെ
ജയില്‍ചാട്ടങ്ങളോര്‍മ്മ വരുന്നു
ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു