പിന്നെയാവഴി പോയതേയില്ല

തിരക്കൊഴിഞ്ഞ വഴിയേ
സവാരിക്കിറങ്ങിയപ്പോള്‍
ഈന്തപ്പനയില്‍നിന്നും
പൂവാകയിലേയ്ക്കു വലിച്ചുകെട്ടിയ
ചരടിലൂടെ
ഒരാള്‍ കൈവിട്ടു നടക്കുന്നതു കണ്ടു

എന്തില്‍നിന്നും ആരിലേയ്ക്കാണാവോ
ഈ പോക്ക്!
നോക്കിനോക്കി നടന്ന്
കല്ലില്‍ തട്ടി വീണു
(മാനത്തു നോക്കി നടക്കല്ലേ എന്ന്
എത്ര ശാസിച്ചാലും കേള്‍ക്കില്ല!)

എണീറ്റു നോക്കുമ്പോള്‍
ചൊറിയില്‍ ഈച്ചയാര്‍ക്കുന്ന കുഞ്ഞിനെ
വീശി വീശി
ഇരക്കുവാന്‍ കൈനീട്ടുന്നു
വെയിലേറ്റു ചുളിഞ്ഞ ഒരു പെണ്ണ്
കുഞ്ഞാണെങ്കില്‍
കരയാതിരിക്കാന്‍ പഠിച്ചിട്ടില്ലാത്ത മട്ട്

ഇത്ര കാലമായിട്ടും
അറബിയറിയാത്തതിനാല്‍
‘വിശക്കുന്നു വല്ലതും തരണേ’
എന്നാണു പറയുന്നതെന്ന്
മനസ്സിലായില്ല
കീശയിലെ നാണയങ്ങള്‍
അവര്‍ക്കു മുന്നില്‍ കിലുങ്ങരുതേ
എന്ന് പ്രാര്‍ത്ഥിച്ചു നടന്നു

പൊട്ടിത്തെറിയില്‍ പൊള്ളിയ
ഒരമ്മയും മകളും മാത്രം
ഭൂമിയില്‍ ശേഷിക്കുന്നത്
അന്നുരാത്രി സ്വപ്നം കണ്ടു

ഫൈബറില്‍ പണിത്
അലങ്കാരത്തിനു വച്ച ഒട്ടകം
മരുഭൂമി കാണാന്‍ ക്ഷണിച്ചു
പിന്നൊരിക്കല്‍

കാറ്റ് കിതയ്ക്കുന്നതുപോലുള്ള
ബദൂവിയന്‍ തുകല്‍വാദ്യം കേള്‍ക്കാം
നുണ പറയുകയല്ല,
ഒലീവും ഈന്തപ്പഴവും
അറബിക്കഥകളും നിറച്ച്
പായക്കപ്പലുകള്‍ മണലിലൂടെ
യാത്രപോകുന്നത് കാണിച്ചുതരാം

ഒട്ടകഭാഷ മനസ്സിലാവില്ലെന്ന്
മുദ്രകാണിച്ചു നടന്നു
അതിരില്ലാപ്പരപ്പുകളില്‍
ദിക്കുതെറ്റിയലയാന്‍ വയ്യ
(ഉടല്‍ സദാ പുതുക്കിക്കൊണ്ടിരിക്കുന്ന
ഒരു ചെമ്മണല്‍പ്പെണ്ണ്
അത്രയല്ലേയുള്ളൂ!
മരുഭൂമിയുടെ അരികുകള്‍
മറ്റു പലതിന്റേയുമെന്നപോലെ
ഞാന്‍ കണ്ടിട്ടുണ്ട്)

ഉറക്കത്തില്‍
ഒട്ടകപ്പുറത്തുനിന്ന് വീണ്
കാലൊടിഞ്ഞു

പിന്നെയാവഴി പോയതേയില്ല ഞാന്‍

23 comments:

അനിലൻ said...

പൊട്ടിത്തെറിയില്‍ പൊള്ളിയ
ഒരമ്മയും മകളും മാത്രം
ഭൂമിയില്‍ ശേഷിക്കുന്നത്
അന്നുരാത്രി സ്വപ്നം കണ്ടു...


ദേശാഭിമാനി ഓണപ്പതിപ്പ്

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
വിഷ്ണു പ്രസാദ് said...

ഈന്തപ്പനയില്‍നിന്നും
പൂവാകയിലേയ്ക്കു വലിച്ചുകെട്ടിയ
ചരടിലൂടെ
ഒരാള്‍ കൈവിട്ടു നടക്കുന്നത്...

അനില്‍,ഈ കൈവിട്ടു നടത്തം കവിതയില്‍ ഇനി ആവര്‍ത്തിക്കരുത്.... :)

aneeshans said...

എന്ത് സ്വപ്നങ്ങളാ ഈ കാണുന്നത്.

കുറുമാന്‍ said...

ഉറക്കത്തില്‍
ഒട്ടകപ്പുറത്തുനിന്ന് വീണ്
കാലൊടിഞ്ഞു

പിന്നെയാവഴി പോയതേയില്ല ഞാന്‍ -

പോകണം അനിലേ, പലതവണ വീണിട്ടാണ് നടക്കാന്‍ പഠിക്കുന്നത്. തോറ്റ് പിന്മാറാരുത്. ആ വഴിതന്നെ പിന്നേയും പിന്നേയും നടക്കണം.

ഈന്തപ്പനയില്‍നിന്നും
പൂവാകയിലേയ്ക്കു വലിച്ചുകെട്ടിയ
ചരടിലൂടെ കൈവിട്ട് നടക്കുന്നത് കണ്ട്, നാണയങ്ങള്‍ കിലുക്കി, മാനം നോക്കാതെ, മനസ്സിനു തോന്നിയ ദിശയിലേക്ക് നടക്കണം. ഒരു ജന്മമേയുള്ളൂ സ്വപ്നങ്ങള്‍ സഫലീകരിക്കാന്‍.

കവിത ഇഷ്ടായി.

തീക്കൊള്ളി said...

അതെ. കുറുമാന്‍ പറഞതാ ശരി.
ഒരൊറ്റ ജന്മമേയുള്ളു. ആഗ്രഹങളൊക്കെ സഫലീകരിയ്ക്കാന്‍.. അത് പിച്ചതെണ്ടുന്നവനായാലും മാളികയിലിരിയ്ക്കുന്നവനായാലും. ഒരു നേരമെങ്കിലും ഒരുവന് വയര്‍നിറച്ച് ഭക്ഷണം കൊടുക്കാന്‍ കഴിഞാല്‍ കിട്ടുന്ന, ദുസ്വപ്നങളില്ലാതെ, വീണ് കാലൊടിയാതെയുള്ള ആ ഉറക്കമുണ്ടല്ലോ, അതിന്റെ സുഖമൊന്ന് വേറെതന്നെ.

Anonymous said...

ഒന്നും കൂടെകൊണ്ടുപോകാന്‍ തന്നില്ലല്ലോ മാഷെ

Sanal Kumar Sasidharan said...

അല്‍പ്പം സ്ഥൂലതയില്ലേ!

chithrakaran:ചിത്രകാരന്‍ said...

പ്രിയ അനിലന്‍,
നന്നായിരിക്കുന്നു കവിത.
ഈന്തപ്പനയില്‍ നിന്നും പൂവാകയിലേക്കുള്ള വലിച്ചുകെട്ടു തന്നെയാണ് ഈ കവിതയിലെ സൌന്ദര്യം.

ഗിരീഷ്‌ എ എസ്‌ said...

ഒരുപാടിഷ്ടമായി കവിത
തുടക്കം
കവിതയുടെ ബാക്കി ഭാഗങ്ങളിലേക്ക്‌
വലിച്ചടുപ്പിക്കുന്നു...
ഇത്‌
വായിച്ചിരുന്നു..

അഭിനന്ദനങ്ങള്‍...

മയൂര said...

നന്നായി എന്നു പറഞ്ഞാന്‍ കൊല്ല കുടിയില്‍ സൂചി വില്‍ക്കും പോലെ ആകുമോ...:)

'ങ്യാഹഹാ...!' said...

കൈവിട്ടുനടക്കുന്നവന്‍ ബുദ്ധിപൂര്‍വ്വം തിരഞെടുത്ത തിരക്കൊഴിഞ വഴി.
(അഗ്രിഗേറ്റര്‍ ഉപയോഗിയ്ക്കാത്തവന്‍)

വലിച്ചുകട്ടിയ ചരടുകളില്‍ കൈവിട്ടുനടക്കുന്നവര്‍ കൂടികൂടി, അവരെത്തടഞ് അവര്‍ക്ക് തന്നെ സന്തുലനം നഷ്ടപ്പെടുന്ന കാലം, കല്ലിനുപകരം പരസ്പരം തട്ടിവീഴുന്ന കാലം.
(മറുമൊഴികാലം)

സുല്‍ |Sul said...

അനിലന്‍
കവിത ഇഷ്ടമായി.
-സുല്‍

Pramod.KM said...

വിയര്‍ത്തുകുതിര്‍ന്ന സ്വപ്നങ്ങളിലൂടെ വീണ്ടും യാത്രയാവുക:)

സജീവ് കടവനാട് said...

ഇനി ആ വഴി പോയില്ലെങ്കില്‍ ഞങ്ങളെന്തു വായിക്കും.

വെള്ളെഴുത്ത് said...
This comment has been removed by the author.
വെള്ളെഴുത്ത് said...

പാര്‍ക്കിലെ ഏകാന്തമായ സിമന്റു ബെഞ്ചിലിരുന്ന് തരിക്കുന്ന മൊബൈല്‍ ഫോണ്‍ തൂങ്ങിക്കിടക്കുന്ന ഒരു റിസീവറു പോലെയല്ല. മരുഭൂമിയിലൂടെയും പായക്കപ്പലുകള്‍ സഞ്ചരിക്കും. മരുഭൂമിയ്ക്കും അതിരുകളുണ്ട്.. ചിലകണ്ണുകള്‍ക്കേ അതു ഗോചരമാവൂ. അത്രേയുള്ളൂ. ഒട്ടകപ്പുറത്തു നിന്നു വീണെങ്കില്‍, അതു സ്വപ്നത്തിലായാലും ആ വഴി പോകണ്ട..
ചത്താലും അവളു വരും!

കൃഷ്ണപ്രിയ. said...

ഓ,ഞാനും ഇനി ഈ വഴിവരില്ല.വായിക്കുന്നവനെ സങ്കട വഴികളിലൂടെ മാത്രം നടത്തിയേക്കാം എന്നു നേര്‍ച്ചയുണ്ടെന്നു തോന്നുന്നു....

വിശാഖ് ശങ്കര്‍ said...

നീ ഒരു വഴിയും പോകരുത്.
പോയാല്‍ പിന്നെ ഞങ്ങള്‍ അനുഭവിക്കണം!
നിന്നെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലൊ കൂട്ടുകരാ...

ഇത് ആദ്യം വായിച്ച കാലത്ത് നിനക്ക് ഇത്ര തടിയില്ലായിരുന്നു.കുറയ്ക്കണേ അനിലാ..:)

Kuzhur Wilson said...

ഇരട്ടക്കുട്ടികളുടെ അച്ഛാ,
ഇന്നലെ മക്കള്‍ക്കൊപ്പം കുഞ്ഞായോ ?

എത്ര വയസ്സായി, ഈ ഇള്ളക്കുട്ടിക്ക് ഇന്നലെ ?

(കൂട്ടിപ്പറയണ്ട, അങ്ങനെ ഇപ്പോ, ചേട്ടന്‍ കളിക്കണ്ട)

(ആരാധികമാരും കേള്‍ക്കണ്ട. എത്ര വയസ്സായി, അത്രയും മിസ് കോള്‍ മതി)

അനിലൻ said...

ഇല്ല വിഷ്ണൂ.. ഇനി ആ വഴി പോകില്ല
അനീഷ്, കുറൂ.. തീക്കൊള്ളി, ചോപ്പ്.. :)
സനാതനാ... ചുരുക്കാന്‍ ആവതു ശ്രമിച്ചിട്ടാണ് ഈ രൂപത്തിലെങ്കിലും ആയത്. :)
ചിതര്‍കാരന്‍,ദ്രൌപതി,മയൂര,ങ്യാഹഹാ, സുല്‍. പ്രമോദ്,കിനാവ്,വെള്ളെഴുത്ത്(ശിവന്‍??),കൃഷ്ണപ്രിയ,വിശാഖ്... സന്തോഷം.

വിത്സാ നിന്നെപ്പിന്നെ കണ്ടോളാം.
നിന്നോളം മോശമായ ഒരു വാര്‍ത്താവായനക്കാരനെ തിരക്കുപിടിച്ച് തപ്പിയെടുക്കാന്‍ നിന്റെ സ്ഥാപനത്തിനായില്ലെങ്കിലോ... അതുകൊണ്ടുമാത്രം ആയുസ്സ് നീട്ടിത്തരുന്നു.

എന്തായാലും ഇനി ഈവഴി ഞാന്‍ വരില്ല.
ബൈ.

Anonymous said...

povathirunnal.....? vazhi thetivarumallo.

ദിലീപ് വിശ്വനാഥ് said...

ഒരിക്കല്‍ക്കൂടി ആ വഴി ഒന്നു പോയി നോക്കു.
നല്ല വരികള്‍. ഇഷ്ടപെട്ടു.